കനത്ത മഴ: നദികളിൽ പരിധി കടന്ന് ജലനിരപ്പ്; ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
text_fieldsപത്തനംതിട്ട: കനത്ത മഴയെതുടർന്ന് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കുറ്റപ്പുഴ തിരുമൂലപുരം സെന്റ് തോമസ് എച്ച്.എസിലും ഇരവിപേരൂർ നന്നൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലുമാണ് ക്യാമ്പുകൾ.
ജില്ലയിൽ കനത്ത മഴ തുടരുകയാണ് പമ്പ, അച്ചൻകോവിൽ, മണിമലയാർ നദികളിൽ ജലനിരപ്പ് അപകട നില കടന്നു. പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതോടെ റാന്നി-കോഴഞ്ചേരി പാതയിലെ പുതമൺ പാലം മുങ്ങി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചു. അപ്പർ കുട്ടനാട് മേഖലയിലും വെള്ളപ്പൊക്ക ഭീഷണിയുണ്ട്.
മൂഴിയാർ ഡാമിന്റെവ്യഷ്ടി പ്രദേശത്തും കനത്ത മഴ പെയ്യുന്നുണ്ട്. കക്കി, പമ്പ, മൂഴിയാർ, മണിയാർ ഡാമുകളിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഡാമുകളിലെ ജലനിരപ്പ് അധികൃതർ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച കലക്ടർ അവധി നൽകിയിരുന്നു.
അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നു; പന്തളത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍
പന്തളം: ശക്തമായി പെയ്ത മഴയിൽ അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് പന്തളത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. കടക്കാട് താഴ്ന്ന പ്രദേശത്തെ രണ്ട് വീട് വെള്ളത്തില്‍ മുങ്ങി. കടക്കാട് സ്വദേശികളായ സൈനുലാബുദ്ദീൻ, സലീം എന്നിവരുടെ വീടുകളാണ് വെള്ളം കയറിയത്. ഇവർ ബന്ധുവീട്ടിലേക്ക് താമസം മാറി.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഉണ്ടായിരുന്ന മഴ വ്യാഴാഴ്ച രാത്രിയോടെ കൂടുതല്‍ ശക്തി പ്രാപിക്കുകയായിരുന്നു. മഴയിൽ പന്തളത്ത് ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ശക്തമായ മഴയില്‍ കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അച്ഛൻകോവിലാറ്റിൽ 10 അടിയോളം വെള്ളം ഉയർന്നതായാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം തുമ്പമണിൽ സ്ഥാപിച്ചിരിക്കുന്ന റഡാറിലൂടെ വ്യക്തമായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.