മലയോര മേഖലയിൽ വ്യാപക നാശം; കാറ്റിൽ വിറങ്ങലിച്ച് പത്തനംതിട്ട
text_fieldsപത്തനംതിട്ട: ചൊവ്വാഴ്ച്ച രാത്രിയും ബുധനാഴ്ച്ച പുലർച്ചെയുമായി ജില്ലയിലെങ്ങും വീശിയടിച്ച കാറ്റിൽ വ്യാപക നാശം. നിരവധി വീടുകൾ ഭാഗികമായി തകർന്നു. റബർ ഉൾപ്പെടെ നിരവധി മരങ്ങളും കാർഷിക വിളകളും നിലം പൊത്തി.
വൈദ്യുതി ലൈനുകളിലേക്ക് മരച്ചില്ലകൾ വീണ് ജില്ലയുടെ മിക്ക പ്രദേശങ്ങളിലും ചൊവ്വാഴ്ച രാത്രിയോടെ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടിരുന്നു. ജില്ല ഭരണകൂടം കണക്കെടുത്ത് വരുന്നു. മഴക്കൊപ്പം ജില്ലയിലെ മലയോര മേഖലകളിലാണ് കാറ്റ് ആഞ്ഞുവീശിയത്.
കോന്നി: ശക്തമായ മഴയിലും കാറ്റിലും കോന്നിയുടെ മലയോര മേഖലയിൽ വ്യാപക നാശനഷ്ടം. തണ്ണിത്തോട്, ചിറ്റാർ, സീതത്തോട് ഗ്രാമപഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ നാശം വിതച്ചിരിക്കുന്നത്. നിരവധി സ്ഥലങ്ങളിൽ വീടിന് മുകളിലേക്ക് മരം ഒടിഞ്ഞുവീഴുകയും റോഡിന് കുറുകെ മരംവീണ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ബുധനാഴ്ച പുലർച്ച ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ചിറ്റാർ ചാവടിയിൽ മജീദിന്റെ വീടിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണതിനെ തുടർന്ന് മേൽക്കൂര ഭാഗികമായി തകർന്നു.
രാത്രിയുണ്ടായ കാറ്റിലും മഴയിലും സീതത്തോട് വെട്ടോലിപടിയിൽ കൈമൂട്ടിൽ ശ്യാമളയുടെ വീടിന്റെ മുകളിലേക്ക് മരം വീണ് മേൽക്കൂര തകരുകയും കുടുംബാംഗങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു.
തണ്ണിത്തോട് പഞ്ചായത്തിലെ തേക്കുതോട് പറക്കുളത്ത് വേങ്ങവിളയിൽ റെജിവർഗീസിന്റെ വീടിന് മുകളിലേക്ക് മരം വീഴുകയും നാശനഷ്ടം ഉണ്ടാവുകയും ചെയ്തു. തൂമ്പാക്കുളം കൊടുംതറപുത്തൻവീട്ടിൽ തോമസിന്റെ വീടിന്റെ സംരക്ഷണ ഭിത്തി കനത്ത മഴയിൽ ഇടിഞ്ഞു.
വകയാർ ഭാഗത്ത് മരം ഒടിഞ്ഞു വീണ് ഒരു വീടിന് നാശം സംഭവിച്ചു. ശക്തമായ കാറ്റിലും മഴയിലും തണ്ണിത്തോട് ചിറ്റാർ റോഡിൽ നീലിപിലാവ് ഭാഗത്ത് റോഡിന് കുറുകെ മരം ഒടിഞ്ഞു വീണ് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. സീതത്തോട്ടിൽനിന്നും അഗ്നിരക്ഷാ സേന എത്തിയാണ് മരം മുറിച്ചുമാറ്റിയത്.
ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് മരം നീക്കം ചെയ്തത്. കല്ലേലി റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കോന്നിയിൽനിന്ന് അഗ്നി രക്ഷാ സേന എത്തിയാണ് മരം മുറിച്ചുമാറ്റിയത്.
കെ.എസ്.ഇ.ബിക്ക് നാലു ലക്ഷത്തിന്റെ നഷ്ടം
കോന്നി: കോന്നിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കെ.എസ്.ഇ. ബി കോന്നി സെക്ഷന് മാത്രം നാല് ലക്ഷം രൂപയോളം നാശനഷ്ടമുണ്ടായി. മലയോര മേഖലയിൽ ഉണ്ടായ കണക്കെടുത്താൽ ഏഴ് പോസ്റ്റുകൾ ഒടിയുകയും 18 സ്ഥലത്ത് വൈദ്യുതി ലൈനുകൾ പൊട്ടിവീഴുകയും 13 വൈദ്യുതി ലൈനുകളുടെ മുകളിലേക്ക് മരം കടപുഴകുയും ചെയ്തു. പല സ്ഥലത്തും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു വരുന്നതേയുള്ളൂവെന്നും അധികൃതർ അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.