പകൽച്ചൂടിൽ വെന്തുരുകി മലയോര ജില്ല
text_fieldsപത്തനംതിട്ട: വേനൽ കടുക്കുന്നു. കത്തിയിറങ്ങുന്ന പകൽച്ചൂടിൽ മലയോര ജില്ലയിലും വറുതിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. പകൽ പുറത്തിറങ്ങാനാവാത്ത വിധം അസഹ്യമായ ചൂടാണ് അനുഭവപ്പെടുന്നത്. കാര്യമായ വന സാന്നിധ്യമുള്ള പത്തനംതിട്ടയിലും പകൽ അസഹ്യമായ ചൂടാണ് അനുഭവപ്പെടുന്നത്. രാത്രിയിലെ തണുപ്പ് മാറി തുടങ്ങി. ജലസംഭരണികളിലേക്ക് വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞിട്ടുണ്ട്.
പമ്പ, അച്ചൻകോവിൽ, മണിമല നദികളിൽ ജല ഒഴുക്ക് കാര്യമായി കുറഞ്ഞു. ചില പ്രദേശങ്ങളിൽ അടിത്തട്ട് തെളിഞ്ഞു തുടങ്ങി. എന്നാൽ ചുഴികളുള്ള അപകട മേഖലകളിൽ വെള്ളം കെട്ടിക്കിടപ്പുണ്ട്. തോടുകളും വറ്റിത്തുടങ്ങി. കെട്ടിക്കിടക്കുന്ന വെള്ളമാണ് പക്ഷികൾക്കും മൃഗങ്ങൾക്കും ആശ്രയം. ഭൂരിഭാഗം സ്ഥലങ്ങളിലും കിണറുകൾ വറ്റി തുടങ്ങി.
പമ്പ - കല്ലട ജലസേചന പദ്ധതികൾ വഴിയുള്ള കനാലുകളിലും വെള്ളം തുറന്നുവിടുന്നില്ല. മലയോര മേഖലയിലെ ഉയർന്ന പ്രദേശങ്ങളിലെ കുടുംബങ്ങൾ കിലോമീറ്ററുകൾ നടന്ന് കുടിവെള്ളം ശേഖരിക്കുകയാണ്. ഇതിനിടെ സ്വകാര്യ കുടിവെള്ള ഏജൻസികളും രംഗം കൈയടക്കി തുടങ്ങി. ആയിരം ലിറ്ററിന് 400 - 600 രൂപവരെയാണ് ഈടാക്കുന്നത്.
കാറ്റിന്റെ ഗതിയിൽ മാറ്റം; ചെറിയ ആശ്വാസമുണ്ടായേക്കും
അതേസമയം കേരളത്തിൽ രണ്ടുദിവസത്തിനകം ചൂടിന്റെ കാഠിന്യം കുറഞ്ഞു തുടങ്ങാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ രംഗത്തെ സ്വകാര്യ സ്ഥാപനമായ മെറ്റ് ബീറ്റ് വെതർ അറിയിച്ചു. കാറ്റിന്റെ ഗതിയിൽ ഉണ്ടാകുന്ന മാറ്റം മൂലമാണിത്.
കഴിഞ്ഞ ദിവസങ്ങളിൽ 40 ഡിഗ്രി വരെ താപനില ഉയർന്ന പ്രദേശങ്ങളിൽ പലയിടങ്ങളിലും 37 മുതൽ 38 ഡിഗ്രി വരെ താപനില റിപ്പോർട്ട് ചെയ്തേക്കാം. കാറ്റിന്റെ അസ്ഥിരത കാരണം ഒറ്റപ്പെട്ട പ്രദേശങ്ങളിൽ രണ്ടു ദിവസങ്ങളിലായി ചാറ്റൽ മഴ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വനഭൂമി- തോട്ടം മേഖയായ പത്തനംതിട്ടയിലും അടുത്ത ദിവസങ്ങളിൽ ചാറ്റൽമഴ സാധ്യത പ്രവചിക്കുന്നുണ്ട്.
എറണാകുളം ജില്ലയിലെ ചില പ്രദേശങ്ങളിൽ ഇന്നലെ രാത്രി മഴ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞദിവസം കണ്ണൂർ ജില്ലയിലും മഴ ഉണ്ടായിരുന്നു. മാർച്ച് ആദ്യവാരം കേരളത്തിൽ വേനൽ മഴ ലഭിക്കാനാണ് സാധ്യത എന്നും മെറ്റ് ബീറ്റ് വെതർ നിരീക്ഷകർ പറയുന്നു.
കുടിവെള്ളംകിട്ടാക്കനി; കാർഷിക വിളകൾ കരിയുന്നു
കടുത്ത ചൂടിലും വരൾച്ചയിലും ആശ്വാസമാകേണ്ട ജലസേചന പദ്ധതികളുടെ പ്രവർത്തനവും പേരിന് മാത്രമായി. കനാൽ വഴി വെള്ളം തുറന്നു വിടാത്തത് കുടിവെള്ള ക്ഷാമത്തിനും കാർഷിക വിളകൾ കരിയാനും ഇടയാക്കുന്നു. വെള്ളമില്ലാത്തതിനാൽ മലയോര മേഖലയിലും അപ്പർകുട്ടനാട്ടിലും കാർഷികമേഖല കനത്ത പ്രതിസന്ധി നേരിടുകയാണ്.
അപ്പർകുട്ടനാട് മേഖലയിൽ നിരണം, കടപ്ര, നെടുമ്പ്രം, പെരിങ്ങര പഞ്ചായത്തുകളിലെ പാടശേഖരങ്ങളും കരകൃഷി നടത്തുന്നവരും വെള്ളം കിട്ടാതെ വലയുകയാണ്. മിക്ക കാർഷിക വിളകളും ഉണങ്ങി നശിക്കുന്നു. കുരുമുളക്, കമുക്, തെങ്ങ്, വാഴ, കാപ്പിച്ചെടികളാണു ശക്തമായ വെയിലേറ്റ് കരിഞ്ഞുണങ്ങുന്നത്. തോട്ടങ്ങളിളെല്ലാം ഉണങ്ങിയ കരിയിലകൾ നിറഞ്ഞുകിടക്കുകയാണ്.
പ്രായം കുറഞ്ഞതും അടുത്ത കാലത്തു നട്ടുപിടിപ്പിച്ചതുമായ സകല കൃഷികളും നശിച്ചു. കുരുമുളകിനെയാണ് വേനൽ കാര്യമായി ബാധിച്ചത്.അടുത്ത കാലത്ത് നട്ട്പിടിച്ചിച്ച കുരുമുളക് തൈകൾമുഴുവൻ ഉണങ്ങി. പരമ്പരാഗതമായി വെറ്റില കൃഷി ചെയ്തുവരുന്ന അടൂർ, കോന്നി താലൂക്കിലെ വിവിധ മേഖലകളിലും ഇത്തവണ പ്രതിസന്ധി രൂക്ഷമാണ്.
ഏത്തവാഴ ഉള്‍പ്പടെയുള്ള വാഴകൃഷിയും വെള്ളം കിട്ടാത്തിനെത്തുടര്ന്ന് കരിയുകയാണ്. ചൂട് കാരണം പാലുത്പാദനം ഗണ്യമായി കുറഞ്ഞതിനാൽ പലരും റബർ ടാപ്പിങ് നിർത്തിവെച്ചിരിക്കുകയാണ്.
ചൂട് കൂടുമെന്ന് മുന്നറിയിപ്പ്
ഒരാഴ്ചയില്‍ ജില്ലയിലെ വിവിധ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍ രേഖപ്പെടുത്തിയ ശരാശരി ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസാണ്. ജില്ലയിൽ ഇന്നലെ 36 ഡിഗ്രി സെല്‍ഷ്യസ് ചൂട് അനുഭവപ്പെട്ടു.
ഏനാദിമംഗലം, സീതത്തോട്, വെണ്‍കുറിഞ്ഞി, തിരുവല്ല തുടങ്ങിയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളിൽ ചില ദിവസങ്ങളില്‍ ശരാശരി താപനിലയെക്കാള്‍ കൂടുതല്‍ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും ചൂട് കൂടാനാണ് സാധ്യത. ഈര്‍പ്പമുള്ള വായുവുള്ള മലയോര പ്രദേശങ്ങള്‍ ഒഴികെ പ്രദേശങ്ങളിലെല്ലാം ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. കേന്ദ്ര കാലാവസ്ഥാന വകുപ്പ് കേരളത്തിൽ ഇന്നലെയും ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിരുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന കൊല്ലം ജില്ലയിലെ പുനലൂർ, പത്തനംതിട്ട ജില്ലാ അതിർത്തിയിൽ നിന്ന് 17 കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ.
മുന്നറിയിപ്പുമായി അധികൃതർ
പൊതുജനങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്ന് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ചൂട് വർധിക്കുന്നത് കാരണം നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാൻ സാധ്യതയുണ്ട്. സൂര്യാതപ സാധ്യതയും വളരെ കൂടുതലാണ്.
മലയോര മേഖലയിൽ തീപിടിത്തസാധ്യതയും വർധിച്ചു
മല്ലപ്പള്ളി: വേനൽ ചൂട് കടുത്തതോടെ തീ പിടിത്ത സാധ്യതയേറി താലൂക്കിന്റെ കിഴക്കൻ മലയോര മേഖല. കോട്ടാങ്ങൽ - കൊറ്റനാട് പഞ്ചായത്തുകളിലെ വലിയ കാവ് വനമേഖലയോട് ചേർന്നു കിടക്കുന്ന കരുവള്ളിക്കാട്, നിർമല പുരം, തോട്ടത്താംകുഴി പുളിക്കൻ പാറ, നാഗപ്പാറ, കൂവപ്ലാവ്, കിടി കെട്ടിപ്പാറ, പന്നയ്ക്കപ്പതാൽ തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടുതീക്ക് സാധ്യത ഏറെയാണ്.
കഴിഞ്ഞ വർഷം നാഗപ്പാറ, നിർമലപുരം മേഖലയിൽ വനത്തിൽ നിന്ന് തീ കയറി പ്രദേശത്തെ ഏക്കറു കണക്കിന് കൃഷിഭൂമിയും, വനത്തിലെ 20 ഏക്കറോളംസ്ഥലത്തെ ഉന്നങ്ങിയ വ്യക്ഷങ്ങളും അടിക്കാടും നശിച്ചിരുന്നു. സമീപത്തെ വീടുകളുടെ മുറ്റത്തു വരെ തീ പടർന്ന് എത്തിയിരുന്നു.
നാട്ടുകാരും അഗ്നിരക്ഷാസേനയും മണിക്കൂറുകൾ നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത്. അഗ്നിരക്ഷാസേനക്ക് കടന്നുചെല്ലാൻ കഴിയാത്ത പ്രദേശങ്ങളായ വനമേഖലയിൽ തീപിടിത്തം ഉണ്ടായാൽ സ്ഥിതി നിയന്ത്രിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന സ്ഥിതിയാണ്.
ഓരോ വർഷവും തീ പിടിത്തം മൂലം ഏക്കറുകണക്കിന് റമ്പർ ഉൾപ്പെടെയുള്ള കൃഷിക്കാണ് നാശനഷ്ടം ഉണ്ടാകുന്നത്. ചൂട് കൂടിയതിനാൽ വനമേഖലയും കൃഷിയിടങ്ങളും ബന്ധിപ്പിക്കുന്ന മേഖലകളിൽ സുരക്ഷാ സംവിധാനം ഒരുക്കാൻ അധികൃതർ അധികൃതർ തയാറാകണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.