മണ്ണുവിട്ടിറങ്ങാൻ മലയോര കർഷകർ; പത്തു ശതമാനം അപേക്ഷകള്‍ക്ക് അംഗീകാരം
text_fieldsപത്തനംതിട്ട: വനം വിസ്തൃതി കൂട്ടുന്നതിലേക്ക് ആസൂത്രണം ചെയ്ത പദ്ധതിയില്‍ ജില്ലയിൽ അപേക്ഷ സ്വീകരിച്ച കോന്നിയിലെ നടുവത്തുംമൂഴി റേഞ്ചില്‍ ആദ്യഘട്ടത്തില്‍ അംഗീകാരം നല്‍കിയത് 36 അപേക്ഷ മാത്രം. 360 അപേക്ഷയാണ് റേഞ്ചില്‍ ലഭിച്ചത്.അംഗീകാരം ലഭിച്ചവരിൽ 30 പേരും നീരാമക്കുളം ഭാഗത്തുള്ളവരാണ്. കോന്നി വനം ഡിവിഷൻതലത്തിൽ അംഗീകാരം ലഭിച്ച അപേക്ഷകൾ ഇനി റീജനൽതലത്തിൽ പരിശോധിക്കും.
അംഗീകാരം ലഭിച്ചവയിൽ ആറ് അപേക്ഷ കമ്പകത്തും പച്ചയിൽനിന്നുള്ളവയാണ്. വനത്തോടു ചേര്‍ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെയും ഭൂവുടമകളെയും ഒഴിപ്പിച്ച് വനം വിസ്തൃതി വര്‍ധിപ്പിക്കുകയെന്ന കേന്ദ്ര നയത്തിന്റെ ഭാഗമായ സ്വയംസന്നദ്ധത പുനരധിവാസ പദ്ധതിയിലാണ് അപേക്ഷ സ്വീകരിച്ചിരുന്നത്. കേരള സര്‍ക്കാർ റീബില്‍ഡ് കേരളയിൽ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. കൊല്ലം ജില്ലയിലെ റോസ്മലയിൽ പദ്ധതി നടപ്പാക്കിയപ്പോൾ ചെറുകിട ഭൂവുടമകൾ മാത്രമാണ് ഒഴിഞ്ഞുപോകാൻ തയാറായത്.
വന്യമൃഗങ്ങളുടെ നിരന്തര ശല്യം
വന്യമൃഗങ്ങളുടെ നിരന്തരമായ ശല്യം കാരണം കൈവശ ഭൂമിയിലേക്ക് കടക്കാൻപോലുമാകാത്ത കുടിയേറ്റ കര്‍ഷകരാണ് സ്വയംസന്നദ്ധത പുനരധിവാസ പദ്ധതിയിൽ ഒഴിഞ്ഞുപോകാനുള്ള അപേക്ഷ നല്‍കിയത്. പതിറ്റാണ്ടുകളായി കൈവശംവെച്ചിരിക്കുന്ന ഭൂമിയിൽനിന്നാണ് ഇവർ ഒഴിഞ്ഞുപോകാൻ താൽപര്യം അറിയിച്ചത്. പട്ടയം ലഭിച്ച ഭൂമിയാണ് ഇത്തരത്തിൽ ഒഴിപ്പിച്ചെടുക്കുന്നത്.
കൃഷിഭൂമി കൈവശമുള്ള കര്‍ഷകർ വര്‍ഷങ്ങളായി തരിശിട്ടിരിക്കുകയാണ്. വനത്തോടു ചേര്‍ന്ന പ്രദേശങ്ങളിലെ വന്യജീവി ശല്യമാണ് ഇതിനു കാരണം. ഇത്തരം സ്ഥലങ്ങൾ ഒഴിപ്പിച്ചെടുത്ത് വനം വിസ്തൃതി കൂട്ടുകയും മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷം കുറക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നത്. വനമേഖലയോടു ചേര്‍ന്ന പ്രദേശങ്ങളിൽ വനംവകുപ്പിന്റെ നിയമങ്ങളും ബാധകമാണ്. സ്വന്തം കൃഷിയിടത്തിൽ നട്ടുവളര്‍ത്തിയ ഒരു മരം മുറിക്കാൻപോലും കര്‍ഷകര്‍ക്ക് അനുവാദമില്ല. മൃഗങ്ങളുമായുള്ള പോരാട്ടത്തോടൊപ്പം വനപാലകരുടെ പീഡനവും കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
ഒരു കുടുംബ യൂനിറ്റിന് 15 ലക്ഷം രൂപ
പത്ത് സെന്റ് മുതല്‍ അഞ്ച് ഏക്കർ വരെ ഭൂമിയെ ഒരു യൂനിറ്റായി കണ്ടാണ് നഷ്ടപരിഹാരം നല്‍കുന്നത്. ഒരു കുടുംബത്തിന് 15 ലക്ഷം രൂപയാണ് കണക്കാക്കിയിരിക്കുന്നത്. ഇതിനു പുറമെ വിവാഹിതരാകാത്ത പ്രായപൂര്‍ത്തിയായ മക്കളെയും ഒരു യൂനിറ്റായി കണ്ട് 15 ലക്ഷം രൂപ വീതം നല്‍കും.നഷ്ടപരിഹാരത്തിന്റെ ആദ്യഘട്ടം ലഭിക്കുമ്പോൾതന്നെ ഒഴിഞ്ഞുപോകണം. അടുത്തഘട്ടം പണം ലഭ്യമാകുന്ന മുറക്ക് നല്‍കുമെന്നാണ് വ്യവസ്ഥ.
പുനരധിവാസം സ്വയം കണ്ടെത്തണം
പണം മാത്രമേ വനംവകുപ്പ് നല്‍കുകയുള്ളൂ. ഒഴിഞ്ഞുപോകുന്നവർ സ്വന്തം നിലയില്‍ പുനരധിവാസം നടത്തണം. വനംവകുപ്പ് പദ്ധതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. ജനവാസ മേഖല ഒന്നൊന്നായി ഒഴിപ്പിക്കാനുള്ള വനംവകുപ്പിന്റെ ഗുഢതന്ത്രമാണ് ഇതിനു പിന്നിലെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.