കോവിഡ് മാനദണ്ഡം പാലിച്ച് വീട്ടിൽ ചികിത്സ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
text_fieldsപത്തനംതിട്ട: ലക്ഷണങ്ങളില്ലാത്ത കോവിഡ്-19 രോഗികള്‍ക്ക് നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി വീടുകളില്‍ ചികിത്സ നല്കാന് കഴിയുമെന്ന് പത്തനംതിട്ട ജില്ല മെഡിക്കല്‍ ഓഫിസര്‍(ആരോഗ്യം) ഡോ. എ.എല്‍. ഷീജ അറിയിച്ചു. ഇപ്രകാരം പത്തനംതിട്ടയില്‍ 50ലധികം കോവിഡ് രോഗികളായ ആരോഗ്യപ്രവര്‍ത്തകര്‍ ചികിത്സയിലുണ്ട്. ക്ലിനിക്കല്‍ മാനദണ്ഡങ്ങളും സാമൂഹിക പശ്ചാത്തലവും വീട്ടിൽ ചികിത്സക്ക് ഉതകുന്ന രീതിയിലാണെങ്കിൽ മാത്രമേ അനുവാദം ലഭിക്കൂ.
ചികിത്സക്കുള്ള മാനദണ്ഡം
രോഗിയുടെ ചികിത്സക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും വീട്ടില്‍ തയാറാക്കിയിട്ടുണ്ടെന്ന് ചികിത്സിക്കുന്ന പി.എച്ച്.സി ഡോക്ടര്‍ക്ക് ബോധ്യപ്പെടണം. രോഗിക്ക് രോഗലക്ഷണങ്ങളും മറ്റ് രോഗങ്ങളും ഉണ്ടാകരുത്. ഗര്‍ഭിണികള്‍, നവജാത ശിശുവും അമ്മയും രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് ഗൃഹചികിത്സ അനുവദിക്കില്ല. രോഗിക്ക് നല്ല മാനസികാവസ്ഥയും മുറിയിൽ ഐസൊലേഷനില്‍ ഇരിക്കാന്‍ സ്വയം സന്നദ്ധതയും വേണം. മെഡിക്കല്‍ ഓഫിസര്‍ ആവശ്യപ്പെടുകയാണെങ്കില് സ്വയം സന്നദ്ധത വ്യക്തമാക്കി രോഗി സത്യവാങ്മൂലം നല്‍കണം.
ആരോഗ്യമുള്ളയാൾ വേണം
രോഗി 12 വയസ്സില്‍ താഴെയുള്ള കുട്ടിയാണെങ്കില്‍ മാതാപിതാക്കളില്‍ ആരെങ്കിലും/മറ്റൊരു വ്യക്തിയും റൂം ഐസൊലേഷനില്‍ പ്രവേശിക്കണം. ഈ അവസരത്തില്‍ ആരോഗ്യമുള്ള മൂന്നാമതൊരാള്‍ ഇവരുടെ പരിചരണത്തിനുവേണം. പ്രാദേശിക ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥരും ചേര്‍ന്ന് രോഗിയുടെ സാമൂഹിക പശ്ചാത്തലവും ഭൗതിക സൗകര്യങ്ങളും പരിശോധിച്ച് ബോധ്യപ്പെടണം.
രോഗി ശ്രദ്ധിക്കേണ്ടത്
ദിവസേന സമീകൃതാഹാരം കഴിക്കുക. ആവശ്യത്തിന് കുടിക്കാനുള്ള ചൂടുവെള്ളവും മറ്റ് പാനീയങ്ങളും കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. മതിയായ വിശ്രമവും രാത്രിയില്‍ ഏഴ്-എട്ട് മണിക്കൂര്‍ ഉറക്കവും ഉറപ്പാക്കണം. പനി, ചുമ, ക്ഷീണം, വിശപ്പില്ലായ്മ, ശ്വാസതടസ്സം, മൂക്കും ചുണ്ടും നീലനിറത്തില്‍ കാണപ്പെടുക, പേശീവേദന, തൊണ്ടവേദന, രുചിയും മണവും നഷ്ടപ്പെടുക, വയറിളക്കം, ഓക്കാനം, ഛര്‍ദി തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നുണ്ടോയെന്ന് ദിവസവും ശ്രദ്ധിക്കുക.
സ്ഥലകാലബോധം നഷ്ടമാകുന്നതും ശ്വാസം കിട്ടാത്തതുമായ അവസ്ഥ, നെഞ്ചുവേദന, മയക്കം, രക്തം തുപ്പുക, അമിതക്ഷീണം, ബോധക്ഷയം, അസാധാരണമായ നെഞ്ചിടിപ്പ് എന്നിവ അനുഭവപ്പെട്ടാല്‍ എത്രയും പെട്ടെന്ന് ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുക. രക്തത്തിലെ ഓക്സിജെൻറ അളവ് കൈവിരല്‍ തുമ്പില്‍നിന്നും അറിയാന്‍ പറ്റുന്ന തരത്തിലുള്ള ഫിംഗര്‍ പള്‍സ് ഓക്സിമീറ്റര്‍ വാങ്ങാന്‍ കഴിയുമെങ്കില്‍ അത് ഉപയോഗിച്ച് ദിവസേന ഓക്സിജന്‍ സാച്വറേഷന്‍ (എസ്.പി.ഒ 2) സ്വയം പരിശോധിക്കണം.
സ്വയം നിരീക്ഷണത്തിലൂടെ ലഭിക്കുന്ന(എസ്.പി.ഒ 2) അളവും ദിവസേനയുള്ള രോഗലക്ഷണങ്ങളും ഡയറിയില്‍ കൃത്യമായി രേഖപ്പെടുത്തുക. ആരോഗ്യപ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെടുമ്പോഴും ടെലി കണ്സള്ട്ടേഷന് നടത്തുമ്പോഴും പൂര്‍ണമായും അവരോട് സഹകരിക്കുക.
പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിക്കുേമ്പാൾ
പള്‍സ് ഓക്സിമീറ്റര്‍ ചൂണ്ടുവിരലില്‍ ഘടിപ്പിക്കുന്നതാണ് നല്ലത്. ആറുമുതല്‍ 10 സെക്കന്‍ഡ് വരെ പള്‍സ് ഓക്സിമീറ്റര്‍ വിരല്‍ അനക്കാതെ െവച്ചാല്‍ മാത്രമേ റീഡിങ് ശരിയായി ലഭിക്കൂ. പള്‍സ് ഓക്സിമീറ്റര്‍ വിരലില്‍ ഘടിപ്പിച്ച ശേഷം ഓണാക്കാം. രക്തത്തിലെ ഓക്സിജെൻറ അളവ് (എസ്.പി.ഒ 2) സാധാരണ നിലയില്‍ 95-100 ഇടയിലായിരിക്കണം. 94ല്‍ താഴെയായാല്‍ ഉടന്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം.
പള്‍സ് നിരക്ക് മുതിര്‍ന്ന ആള്‍ക്കാരില്‍ സാധാരണ അവസ്ഥയില്‍ 60നും 100നും ഇടക്കാണ്. കുട്ടികളില്‍ 75-140നും ഇടക്ക് ആയിരിക്കും. വിരലില്‍ ഘടിപ്പിച്ച ശേഷം ഓക്സിമീറ്റര്‍ അമര്‍ത്തരുത്. നഖത്തിന് കേടുള്ളവര്, നെയില്‍ പോളിഷ് ഉപയോഗിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് പള്‍സ് ഓക്സിമീറ്ററില്‍ ശരിയായ റീഡിങ് കിട്ടില്ല. കുട്ടികളിലും ചിലപ്പോള്‍ റീഡിങ് ശരിയാകണമെന്നില്ല. വിശ്രമവേളയില്‍ അസാധാരണമായ വിധം നാഡി സ്പന്ദനം ഉയര്‍ന്നാല്‍ ശ്രദ്ധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.