നിലക്കല്‍ കേന്ദ്രീകരിച്ച് എല്ലാ സൗകര്യവുമുള്ള ആശുപത്രി നിര്‍മിക്കും -മന്ത്രി കെ. രാധാകൃഷ്ണന്
text_fieldsപത്തനംതിട്ട: നിലക്കല്‍ കേന്ദ്രീകരിച്ച് എല്ലാ സൗകര്യവുമുള്ള ആശുപത്രി നിര്‍മിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന് പറഞ്ഞു. നിലക്കലില്‍ പണിയുന്ന ഡോര്‍മിറ്ററികളുടെ ആദ്യഘട്ട നിര്‍മാണത്തിന്റെയും ദേവസ്വം ക്ലോക്ക് റൂമിന്റെയും നവീകരിച്ച കെ.എസ്.ആര്.ടി.സി ബസ് ടെര്‍മിനലിന്റെയും ഉദ്ഘാടനം നിലക്കല്‍ മഹാദേവ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
തദ്ദേശവാസികള്‍ക്ക് പ്രയോജനപ്പെടുന്ന ആശുപത്രി നിര്‍മിക്കുന്നതിന് സ്ഥലം കണ്ടെത്താൻ ജില്ല ഭരണകൂടവും ജനപ്രതിനിധികളും തദ്ദേശസ്ഥാപനങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കണം. 50 ലക്ഷത്തിലധികം ഭക്തര്‍ എത്തിയ കഴിഞ്ഞവര്‍ഷത്തെ തീര്‍ഥാടനം വിജയകരമായി പൂര്‍ത്തിയാക്കി. ഭൗതിക സാഹചര്യം കൂടുതല്‍ മെച്ചപ്പെടുത്തി ഈ വര്‍ഷവും സുഗമമായ തീര്‍ഥാടനത്തിന് സൗകര്യമൊരുക്കുമെന്നും ഇതിനായി എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ആദിവാസി വിഭാഗത്തിൽപെട്ട 330 കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യക്കിറ്റും 50 രോഗബാധിതര്‍ക്ക് ചികിത്സസഹായവും മന്ത്രി വിതരണം ചെയ്തു.
നിലക്കല്‍ ബേസ് ക്യാമ്പില്‍ ശബരിമല തീര്‍ഥാടനകാലത്ത് ചുമതലപ്പെടുത്തുന്ന പൊലീസ്, ഗതാഗത വകുപ്പിലെ ഉദോഗസ്ഥരുടെ താമസ സൗകര്യത്തിനാണ് സര്‍ക്കാറിന്റെ പദ്ധതി വിഹിതത്തില്‍നിന്ന് 12.41 കോടി ചെലവിട്ട് 4300 സ്ക്വയര്‍ഫീറ്റ് വീതമുള്ള ഏഴു ഡോര്‍മിറ്ററികളും മെസ് ഹാളും ഓരോ ഡോര്മിറ്ററികളോട് അനുബന്ധിച്ച് എട്ടു ശൗചാലയങ്ങളും കുളിമുറികളും 24 യൂറിനറികളും ഉൾപ്പെടെ ആധുനിക സംവിധാനങ്ങളോട് കൂടിയ കെട്ടിടസമുച്ചയങ്ങളാണ് നിര്‍മിക്കുന്നത്. ഇതിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി.
കേന്ദ്ര സ്വദേശി ദര്ശന് പദ്ധതി പ്രകാരം അനുവദിച്ച 1.16 കോടി വിനിയോഗിച്ചാണ് 3712 സ്ക്വയര്‍ ഫീറ്റില്‍ ഭക്തർക്ക് വിരിവെക്കുന്നതും സാധന സാമഗ്രികള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുമാണ് ക്ലോക്ക് റൂം നിര്‍മിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തനത് ഫണ്ടില്‍നിന്ന് 40 ലക്ഷം രൂപ ചെലവഴിച്ചാണ് 18,000 സ്ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ നിലക്കല്‍ കെ.എസ്.ആര്.ടി.സി ബസ് ടെര്‍മിനല്‍ നവീകരിച്ചത്. ചടങ്ങിനുശേഷം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ തീര്‍ഥാടനത്തോടനുബന്ധിച്ചു വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തിയ ക്രമീകരണം വിലയിരുത്തി. അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ. ജനീഷ് കുമാര്‍ എം.എല്‍.എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപന്‍, കലക്ടര്‍ എ. ഷിബു, ഡി.ഐ.ജി ആര്. നിശാന്തിനി, ജില്ല പൊലീസ് മേധാവി വി. അജിത് തുടങ്ങിയവര്‍ പങ്കെടുത്തു.
പൂങ്കാവനത്തിലെ ആദിവാസി കുടുംബങ്ങളെ സ്വയം പര്യാപ്തമാക്കും
ശബരിമല പൂങ്കാവനത്തിന്റെ 18 മലകളില്‍ താമസിക്കുന്ന ആദിവാസി കുടുംബങ്ങളെ സ്വയം പര്യാപ്തമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. വനത്തിന്റെ സംരക്ഷകരായ ഇവര്‍ക്ക് താല്‍ക്കാലിക സഹായം ചെയ്യുന്നതിനുപരി ശാശ്വതമായി അവരുടെ നില മെച്ചപ്പെടുത്തണം. ഇതിനായുള്ള പദ്ധതികള്‍ ആവിഷ്കരിക്കും.
ശബരിമല തീര്‍ഥാടനകാലത്തു ഭക്തര്‍ക്ക് താമസിക്കാന്‍ ഇവരുടെ വീടുകളോട് ചേര്‍ന്ന് ഹോംസ്റ്റേ സൗകര്യം ഒരുക്കാന്‍ സഹായം ചെയ്യും. ഇതിനുവേണ്ട തുക ദേവസ്വം ബോര്‍ഡും ട്രൈബല്‍ വകുപ്പും ചേര്‍ന്ന് കണ്ടെത്തും. തദ്ദേശവാസികള്‍ ശേഖരിക്കുന്ന വനവിഭവങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള സൗകര്യവും ഒരുക്കും.
സംസ്ഥാനത്ത് ട്രൈബല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടെ 1284 കേന്ദ്രങ്ങളാണ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഇല്ലാതെയിരുന്നത്. ഇതില്‍ 1083 പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഡിസംബര്‍ 31നകം എല്ലാ കേന്ദ്രങ്ങളിലും കണക്ടിവിറ്റി ലഭ്യമാക്കുന്നതോടെ ഇന്ത്യയില്‍ ട്രൈബല്‍ പ്രദേശങ്ങളില്‍ മുഴുവന്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിയ സംസ്ഥാനമെന്ന് അഭിമാനത്തോടെ പറയാന്‍ നമുക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.