ഓഫിസർ അവധിയാണെങ്കിൽ തയ്യൽ തൊഴിലാളിക്ക് പെൻഷനില്ല
text_fieldsപത്തനംതിട്ട: 60 വയസ്സ് കഴിഞ്ഞ തയ്യൽ തൊഴിലാളിക്ക് ഭാഗ്യം കടാക്ഷിച്ചാൽ മുടക്കംവരാതെ പെൻഷൻ ലഭിക്കാം. തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ല എക്സിക്യൂട്ടിവ് ഓഫിസർ ഒപ്പിട്ട് കനിയണമെന്ന് മാത്രം. ക്ഷേമനിധിയിലേക്ക് അടക്കുന്ന അംശാദായത്തിൽനിന്ന് അനുവദിക്കുന്ന 1600 രൂപ പ്രതിമാസ പെൻഷൻ നിരവധിപേർക്ക് മാസങ്ങൾ മുടങ്ങിയതായി ടെയ്ലേഴ്സ് അസോ. ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പെൻഷൻ അപേക്ഷയിൽ ജില്ല എക്സിക്യൂട്ടിവ് ഓഫിസർ ഒപ്പിടുന്ന ദിവസം മുതലേ പെൻഷന് അർഹതയുള്ളൂ എന്ന സർക്കാർ ഉത്തരവാണ് തയ്യൽ തൊഴിലാളിയെ വലക്കുന്നത്. ജില്ല എക്സിക്യൂട്ടിവ് ഓഫിസർ അവധിയാണെങ്കിൽ പെൻഷൻ മുടങ്ങിയതുതന്നെ. അപേക്ഷിച്ച് മാസങ്ങൾ കഴിഞ്ഞ് പെൻഷൻ അംഗീകരിക്കപ്പെട്ടവർക്ക് മുൻകാല പ്രാബല്യം ലഭിക്കുന്നുമില്ല. പത്തനംതിട്ട ജില്ലയിൽ 20,000 ക്ഷേമനിധി അംഗങ്ങളുണ്ടെങ്കിലും തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന് സ്ഥിരം ജില്ല എക്സിക്യൂട്ടിവ് ഓഫിസർ ഇല്ല. ആലപ്പുഴയിലെ ഓഫിസർക്ക് അധിക ചുമതല നൽകിയിരിക്കുകയാണ്. ആഴ്ചയിലൊരിക്കൽ മാത്രമാണ് ഇദ്ദേഹം പത്തനംതിട്ട കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ല ഓഫിസിൽ എത്തുകയുള്ളൂ.
അംഗങ്ങൾ കുറവായതിനാലാണ് സ്ഥിരം ഓഫിസറെ നിയമിക്കാത്തതെന്നാണ് ബന്ധപ്പെട്ടവരുടെ സ്ഥിരീകരണം. ഒറ്റത്തവണ റിട്ടയർമെന്റ് ആനുകൂല്യത്തിലും ബോർഡ് തൊഴിലാളി വിരുദ്ധ സമീപനം സ്വീകരിക്കുന്നതായി ഓൾ കേരള ടെയ്ലേഴ്സ് അസോ. ഭാരവാഹികൾ ആരോപിച്ചു. 1994ലാണ് തയ്യൽ തൊഴിലാളി ക്ഷേമനിധി രൂപവത്കരിക്കപ്പെടുന്നത്. 18ാം വയസ്സിൽ 10 രൂപ വെച്ച് അംശാദായം അടച്ചുതുടങ്ങുന്നയാൾ 42 വർഷത്തിനുശേഷം 60ാം വയസ്സിൽ പെൻഷനാകുമ്പോൾ 60,000 രൂപ റിട്ടയർമെന്റ് ആനുകൂല്യമായി സർക്കാർ നിജപ്പെടുത്തിയിരുന്നു. ഇതിനിടെ അംശാദായ തുക 50രൂപ ഉയർത്തിയപ്പോൾ 1.50 ലക്ഷം തുകയാക്കി ആനുകൂല്യം വർധിപ്പിച്ചു.
ഇതിനിടെ 34വർഷം സർവിസുള്ളയാൾക്ക് 25,940 രൂപ നൽകണമെന്നിരിക്കെ തൊഴിലാളികൾക്ക് ലഭിച്ചത് 11,105 രൂപ മാത്രമാണ്. ഒറ്റത്തവണ റിട്ടയർമെന്റ് ആനുകൂല്യം ഗഡുക്കളായി നൽകുന്നതും തൊഴിലാളികൾക്ക് പ്രയോജനപ്പെടുന്നില്ല. മൂന്നുമാസത്തിനകം നൽകിയിരുന്ന പ്രസവ ആനൂകൂല്യം ആദ്യം രണ്ടായിരവും വർഷങ്ങൾക്ക് ശേഷം 13,000 രൂപയും നൽകുന്നതും നിരുത്തരവാദത്തോടെയാണെന്നും തുക ഒരുമിച്ച് നൽകണമെന്നും സംഘടന ഭാരവാഹികൾ ആവശ്യപ്പെട്ടു.
രൂക്ഷമായ വിലക്കയറ്റത്തിൽ തയ്യൽ തൊഴിലാളികൾ അനുഭവിക്കുന്ന വിവിധ വിഷയങ്ങൾ ഉന്നയിച്ച് ബുധനാഴ്ച കലക്ടറേറ്റിൽ 20,000 തൊഴിലാളികൾ മാർച്ച് നടത്തുമെന്ന് ടെയ്ലേഴ്സ് അസോ. ജില്ല പ്രസിഡന്റ് ആർ. രാജസേനൻ, സെക്രട്ടറി പി.ജി. രാജൻ, ട്രഷറാർ എം.വി. മോഹനൻ,വൈസ് പ്രസിഡന്റ് എം.എസ്. ഗോപാലകൃഷ്ണൻ നായർ, ജോ. സെക്രട്ടറി എം. രാജൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.