പമ്പയിൽ വനം വകുപ്പിന്റെ അനധികൃത പാർക്കിങ് കൊള്ള
text_fieldsപമ്പ: വനം വകുപ്പ് ഇന്സ്പെക്ഷന് ബംഗ്ലാവ് പരിസരത്ത് ശബരിമല തീര്‍ഥാടകരില്‍നിന്ന് പണം വാങ്ങി അനധികൃത പാര്‍ക്കിങ്ങെന്ന് വിജിലന്‍സ് പരിശോധനയിൽ കണ്ടെത്തി. വാച്ചറില്നിന്ന് കണക്കിൽപെടാത്ത 2000 രൂപ പിടികൂടി.
കഴിഞ്ഞ ദിവസം രാവിലെ പത്തോടെയാണ് ഐ.ബിയില്‍ മിന്നല്‍ പരിശോധന നടത്തിയത്. മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലത്തും മാസപൂജ സമയത്തും ഇതര സംസ്ഥാന തീര്ഥാടകരില്നിന്നടക്കം വന്‍തുക ഈടാക്കി വനംവകുപ്പ് ഐ.ബി പരിസരത്ത് പാര്‍ക്കിങ് അനുവദിക്കുന്നുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം പലതവണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കന്നിമാസ പൂജക്കായി ശബരിമല ക്ഷേത്രനട തുറന്നിരിക്കുകയാണ്.
വിജിലന്‍സ് സംഘം ചെല്ലുമ്പോള്‍ അമ്പതോളം വാഹനങ്ങളാണ് ഐ.ബി പരിസരത്തുണ്ടായിരുന്നത്. തങ്ങള്‍ പണം നല്‍കിയാണ് ഇവിടെ പാര്‍ക്ക് ചെയ്തതെന്ന് ചില ഡ്രൈവര്‍മാര്‍ വിജിലന്‍സ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ഡിവിഷനൽ ഫോറസ്റ്റ് ഓഫിസില്‍നിന്ന് വിളിച്ചു പറയുന്നതനുസരിച്ചാണ് ഇവിടെ പാര്‍ക്കിങ് ക്രമീകരിക്കുന്നതെന്നാണ് വനംവകുപ്പ് ജീവനക്കാര്‍ പറയുന്നത്. എന്നാൽ, ഇത് ഹൈകോടതി ഉത്തരവിന് വിരുദ്ധമാണ്.
പൊലീസിന്റെയും സര്‍ക്കാർ ഇതര വകുപ്പുകളുടെയും മാധ്യമങ്ങളുടെയും വാഹനങ്ങള്‍ക്ക് മാത്രമാണ് പമ്പയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ശേഷിച്ച വാഹനങ്ങള്‍ പമ്പയില്‍ തീര്‍ഥാടകരെ ഇറക്കിയ ശേഷം നിലക്കലില്‍ വന്ന് പാര്‍ക്ക് ചെയ്യാനാണ് ഹൈകോടതി നിര്‍ദേശം. ഇത് മറികടന്നാണ് ഫോറസ്റ്റ് ഐ.ബി പരിസരത്ത് വാഹനങ്ങള്‍ക്ക് അനധികൃത പാര്‍ക്കിങ്ങിന് സൗകര്യം ചെയ്തു കൊടുത്തിരുന്നത്. പണം വാങ്ങി പാര്‍ക്കിങ് അനുവദിക്കുന്നതായി പരാതി വ്യാപകമായ സാഹചര്യത്തിലാണ് വിജിലന്‍സ് ഡിവൈ.എസ്.പി ഹരിവിദ്യാധരന്റെ നിര്‍ദേശപ്രകാരം പരിശോധന നടത്തിയത്.
വിജിലന്‍സ് ഇന്‍സ്പെക്ടര്‍മാരായ രാജീവ്, പി. അനില്‍കുമാര്‍, കെ. അനില്‍കുമാര്‍ എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.