സഹകരണ ബാങ്കുകളിൽ ഭൂരിപക്ഷവും നഷ്ടത്തിൽ
text_fieldsപത്തനംതിട്ട: ജില്ലയിലെ 104 പ്രാഥമിക സഹകരണ സംഘങ്ങളിൽ ഭൂരിപക്ഷവും നഷ്ടത്തിലാണെന്ന് ഓഡിറ്റ് റിപ്പോർട്ട്. അടൂർ, കോഴഞ്ചേരി, മല്ലപ്പള്ളി, റാന്നി, തിരുവല്ല എന്നീ അഞ്ച് സർക്കിളുകളിലായി പ്രവർത്തിക്കുന്ന ബാങ്കുകളിലെ 2021-22 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് നഷ്കടക്കണക്കുകൾ പുറത്തുവന്നത്.
പല ബാങ്കുകളുടെയും ആസ്തി ബാധ്യത സ്റ്റേറ്റ്മെന്റിൽ കോടികളുടെ മൂല്യശോഷണവും രേഖപ്പെടുത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു. സഹകരണ മേഖലയിൽ വൻ നിക്ഷേപങ്ങൾ ഇല്ലാത്ത പത്തനംതിട്ടയിൽ സാധാരണക്കാർ ആശ്രയിക്കുന്ന പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രവർത്തനമാണ് കെടുകാര്യസ്ഥയിൽ മുങ്ങിക്കിടക്കുന്നത്. ഇതിനിടെ പൂട്ടിപ്പോയ സഹകരണ ബാങ്കുകളും സഹകരണ സംരംഭങ്ങളുമുണ്ട്.
സഹകരണ ബാങ്കുകളിലെ അഴിമതികൾ തുടർച്ചയായി പുറത്തുവന്നതോടെ സർക്കാർ പ്രഖ്യാപിച്ച നിക്ഷേപ സമാഹരണ യജ്ഞവും ഫലംകണ്ടിട്ടില്ല. ജില്ലയിലെ ബഹുഭൂരിപക്ഷം സഹകരണ ബാങ്കുകളും വർഷങ്ങളായി ഇടതുപക്ഷത്തിന്റെ ഭരണത്തിലാണ്. പല പ്രമുഖ നേതാക്കളും നേതൃത്വം നൽകുന്ന ബാങ്കുകളിൽ 40 കോടിയുടെ വരെ അറ്റാദായ നഷ്ടം ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്.
ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന മൈലപ്ര സഹകരണ ബാങ്കിൽനിന്ന് ആരോപണ വിധേയരായ മുൻ പ്രസിഡന്റ് ജെറി ഈശോ ഉമ്മനും സെക്രട്ടറി ജോഷ്വ മാത്യുവിനും ബന്ധുക്കൾക്കും വാരിക്കോരി വായ്പ നൽകിയതായി സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഇരുവർക്കും ബന്ധുക്കൾക്കുമായി 36 വായ്പകളാണ് ബാങ്കിൽനിന്ന് അനുവദിച്ചത്. ഇവർ മുതലും പലിശയുമടക്കം 20.95 കോടി രൂപയാണ് ബാങ്കിൽ തിരിച്ചടക്കാനുള്ളത്. ദീർഘകാലം മൈലപ്ര സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന സി.പി.എം ഏരിയ കമ്മിറ്റി അംഗം ജെറി ഈശോ ഉമ്മനും കുടുംബാംഗങ്ങളുടെയും പേരിൽ 2.12 കോടിയുടെ വായ്പയും എടുത്തിട്ടുണ്ട്.
ബിസിനസുകാർ, ആധാരം എഴുത്തുകാർ, രാഷ്ട്രീയ നേതാക്കൾ എന്നിവരൊക്കെ ഇതിന്റെ ഗുണഭോക്താക്കളായിരുന്നു. ബാങ്കിലേക്കു നിക്ഷേപം കുമിഞ്ഞുകൂടിയ അവസരത്തിലാണ് ബിനാമി വായ്പകള്ക്ക് ബന്ധപ്പെട്ടവർതന്നെ മുൻ കൈയെടുക്കുന്നതാണ് മറ്റൊരു വിരോധാഭാസം.
കോഴഞ്ചേരി
40.80 കോടി നഷ്ടംവരുത്തി ഓമല്ലൂർ
33 പ്രാഥമിക സഹകരണ സംഘങ്ങളാണ് പ്രവർത്തിക്കുന്നത്. ഇവയിൽ 28 എണ്ണവും നഷ്ടത്തിലാണ്. ഇതിൽ മൈലപ്ര സർവിസ് സഹകരണ സംഘത്തെ ഒഴിച്ചുനിർത്തിയുള്ള ഓഡിറ്റ് റിപ്പോർട്ടിൽ 40.80 കോടിയുടെ നഷ്ടവുമായി ഓമല്ലൂർ സർവിസ് സഹകരണ ബാങ്കാണ് (ക്യൂ 286) മുന്നിൽ നിൽക്കുന്നത്. 71.59 ലക്ഷത്തിന്റെ അറ്റാദായ നഷ്ടവുമായി ആറന്മുള സഹകരണ സംഘമാണ് (എ 703) ഏറ്റവും പിന്നിൽ. ബാക്കി സംഘങ്ങൾക്കെല്ലാം കോടികളുടെ നഷ്ടങ്ങളാണ്.
അടൂർ
പഴകുളം കൂടുതൽ നഷ്ടത്തിൽ
താലൂക്കിൽ പ്രവർത്തിക്കുന്ന 25 ബാങ്കുകളിൽ 16 എണ്ണവും നഷ്ടത്തിലാണ്. ഒന്നുരണ്ട് സംഘങ്ങൾ ഒഴികെ ബാക്കിയെല്ലാം കോടികൾ നഷ്ടത്തിലാണ്. അതിൽ പഴകുളം സർവിസ് സഹകരണ ബാങ്കാണ് (പി.ടി 64) ഏറ്റവും കൂടുതൽ അറ്റാദായ നഷ്ടത്തിൽ പ്രവർത്തിക്കുന്നത്- 13.99 കോടി രൂപ. 65.62 ലക്ഷം നഷ്ടത്തിൽ പ്രവർത്തിക്കുന്ന അടൂർ സർവിസ് സഹകരണ ബാങ്കാണ് (142) ഇതിൽ ഏറ്റവും കുറവ് നഷ്ടത്തിൽ പ്രവർത്തിക്കുന്നത്.
റാന്നി
സീതത്തോടിന് 16.55 കോടി നഷടം
15 പ്രാഥമിക സഹകരണ സംഘങ്ങളാണ് നഷ്ടത്തിൽ പ്രവർത്തിക്കുന്നത്. 16.55 കോടിയുടെ നഷ്ടവുമായി സീതത്തോട് സർവിസ് സഹകരണ ബാങ്കാണ് മുന്നിൽ 44.12 ലക്ഷം രൂപയുടെ നഷ്ടവുമായി കീക്കൊഴൂർ ബാങ്കാണ് ഏറ്റവും പിന്നിൽ. പട്ടികയിൽ മുന്നിൽ നിൽക്കുന്ന 14 സംഘങ്ങളും കോടികളുടെ നഷ്ടമാണ് വരുത്തിയത്.
തിരുവല്ല
18ൽ 14 എണ്ണവും നഷ്ടത്തിൽ
18 സഹകരണ സംഘങ്ങളിൽ 14 എണ്ണവും നഷ്ടത്തിലാണ്. ഇതിൽ 10 എണ്ണവും കോടികളുടെ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. കവിയൂർ സഹകരണസംഘം (എ. 707) 5.79 കോടി രൂപയുടെ നഷ്ടവുമായി മുന്നിലും 54.39 ലക്ഷത്തിന്റെ നഷ്ടവുമായി തോട്ടപ്പുഴശ്ശേരി (595) സംഘമാണ് പിന്നിലും.
മല്ലപ്പള്ളി
അഞ്ച് സംഘങ്ങളും കോടികളുടെ നഷ്ടത്തിൽ
10 പ്രാഥമിക സഹകരണ സംഘങ്ങൾ ഉള്ളതിൽ ഏഴെണ്ണവും നഷ്ടത്തിലാണ്. ഇതിൽ 17.44 കോടി രൂപയുടെ നഷ്ടവുമായി ചെങ്ങരൂർ സഹകരണ സംഘമാണ് (എ 149). 82.55 ലക്ഷവുമായി ആനിക്കാട് സർവിസ് സഹകരണ ബാങ്കാണ് (എ 113) പിന്നിൽ ഇവിടെ അഞ്ച് സംഘങ്ങളും കോടികളുടെ നഷ്ടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.