കടുത്ത വരൾച്ച ഭീതിയിൽ പത്തനംതിട്ട
text_fieldsപത്തനംതിട്ട: മഴ കുറഞ്ഞ് നദികളിലും കിണറുകളിലും ജലനിരപ്പ് താഴുമ്പോൾ കടുത്ത വരൾച്ചയുടെ ഭീതിയിൽ മലയോര ജില്ല. ജില്ലയില്‍ 34 ശതമാനമാണ് നിലവിലെ കണക്ക് അനുസരിച്ച് മഴയുടെ കുറവ്.
1292 മില്ലിമീറ്റര്‍ മഴ പ്രതീക്ഷിച്ച സ്ഥാനത്ത് 850.5 മില്ലിമീറ്റര്‍ മഴയാണ് ജൂണ്‍ ഒന്നു മുതല്‍ കഴിഞ്ഞ 28 വരെ ലഭിച്ചത്. കാലവര്ഷക്കാലയളവില് ഇത്രയധികം മഴയുടെ കുറവ് രേഖപ്പെടുത്തുന്നത് ഇതാദ്യമാണ്. കുംഭച്ചൂടിനെയും വെല്ലും വിധമാണ് ഇപ്പോൾ പകല്‍ താപനില. 30 ഡിഗ്രി സെല്ഷ്യസിലധികമാണ് ജില്ലയിലെ പകല്‍ താപനില. വേനല്‍മഴ പോലും ജില്ലയില്‍ പ്രതീക്ഷിച്ചതിലധികം ലഭിച്ചിരുന്നതാണ്. ഏപ്രില്‍, മേയ് മാസങ്ങളില്‍ മഴ ലഭിച്ചിരുന്നതിനാല്‍ വരള്‍ച്ച അതിരൂക്ഷമായിരുന്നില്ല.
കഴിഞ്ഞ വർഷം ഇതേ സമയം പ്രളയഭീതിയിലായിരുന്ന ജില്ലയിലെ ജലസ്രോതസ്സുകളാണ് ഇപ്പോൾ കടുത്ത പ്രതിസന്ധി നേരിടുന്നത്. നദികളും നീര്‍ച്ചാലുകളും പ്രതിദിനം വറ്റിവരണ്ടു കൊണ്ടിരിക്കുകയാണ്. ഉത്രട്ടാതി ജലമേള പോലും പ്രതിസന്ധി നേരിടുന്നു. മഴ ലഭിക്കാതെ വന്നതോടെ ജലസംഭരണികളിൽ വെള്ളം ഇല്ലാത്ത അവസ്ഥയാണ്. പ്രധാന നദികളിലെല്ലാം ജലനിരപ്പ് വളരെ താഴ്ന്നു.
മഴക്കുറവ് കാര്‍ഷിക മേഖലയെ സാരമായി ബാധിക്കുമെന്ന ഭീതിയുമുണ്ട്. നെല്‍കൃഷിക്കായി ഒരുക്കേണ്ട സമയത്ത് വരണ്ടുണങ്ങിയ പാടശേഖരങ്ങളാണ് പടിഞ്ഞാറന്‍ മേഖലയില്‍ പോലുമുള്ളത്. അപ്പര്‍കുട്ടനാട് പാടശേഖരങ്ങളും വറ്റി വരണ്ട അവസ്ഥയാണ്.
അടുത്ത കൃഷിക്കുള്ള തയാറെടുപ്പ് ഇതോടെ വൈകും. പച്ചക്കറി, ഏത്തവാഴ കര്‍ഷകരും മഴക്കുറവില്‍ പ്രതിസന്ധിയിലാണ്. ചൂട് കടുത്തതോടെ മലയോര മേഖലയിലെ വിളകളെല്ലാം കരിഞ്ഞുണങ്ങിത്തുടങ്ങി.
മേയ് മുതൽ ആഗസ്റ്റ് വരെ നീളുന്ന മഴക്കാലം പ്രതീക്ഷിച്ച് നടത്തിയ കൃഷികളെയാണ് വരൾച്ച രൂക്ഷമായി ബാധിച്ചത്. വാഴ, ഇഞ്ചി, മഞ്ഞൾ, വെറ്റില, പച്ചക്കറികൾ എന്നിവ കൃഷി ചെയ്ത കർഷകരാണ് അപ്രതീക്ഷിത വരൾച്ചയുടെ ദുരിതം പേറുന്നത്. ഏത്തവാഴ കൃഷി ചെയ്തവരെല്ലാം പ്രതിസന്ധിയിലാണ്. പലയിടത്തും വാഴ കരിഞ്ഞുണങ്ങി. ഇതിനൊപ്പമുള്ള കിഴങ്ങുവർഗ കൃഷിയെയും വരൾച്ച ബാധിച്ചു. ചേന, കാച്ചിൽ, ചേമ്പ്, മരച്ചീനി വിളവുകളെല്ലാം പ്രതീക്ഷിച്ച വരുമാനം നൽകിയില്ല. കുലയ്ക്കാത്ത ഏത്തവാഴകൾ ഏറെയും കരിഞ്ഞുണങ്ങുന്ന സ്ഥിതിയാണ്. പലയിടത്തും ഇവ സംരക്ഷിച്ചു നിർത്താൻ കർഷകർ പാടുപെടുകയാണ്.
വെറ്റില കൃഷിയിൽ പ്രതീക്ഷ അർപ്പിച്ചിരുന്ന കർഷകരെ കാലാവസ്ഥ വ്യതിയാനം പ്രതിസന്ധിയിലാക്കിയിരിക്കുന്നു. നനവ് ആവശ്യമുള്ള സ്ഥലങ്ങളിലാണ് വെറ്റില കൃഷി നടത്തിയിരുന്നത്. എന്നാൽ, ഈ പ്രദേശങ്ങളെല്ലാം വരണ്ടുണങ്ങിയ സ്ഥിതിയാണ്. മലയോര മേഖല കൂടാതെ അടൂർ താലൂക്കിലെ വിവിധ മേഖലകളിലും കൃഷി നടത്തിയിരുന്നു. എന്നാൽ, വെള്ളത്തിന്റെ ലഭ്യതക്കുറവ് വെറ്റില കൃഷിയെ സാരമായി ബാധിച്ചു. കാലവര്‍ഷം ചതിച്ചതോടെ ഇനി പ്രതീക്ഷ തുലാവര്‍ഷത്തിലാണ്.
സാധാരണ ഗതിയില്‍ ഒക്ടോബര്‍ മാസത്തോടെ തുലാമഴ എത്തേണ്ടതാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ തുലാമഴ ജില്ലയില്‍ ശക്തമായിരുന്നില്ല. എന്നാല്‍, കാലവര്‍ഷത്തിനും തുലാവര്‍ഷത്തിനും ഇടക്കുള്ള കാലയളവില്‍ ലഭിച്ച ശക്തമായ മഴയിലൂടെയാണ് ജല പ്രതിസന്ധി മറികടക്കാനായത്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലമായാല്‍ ഇതിനെ മറികടന്നിരുന്നത് തുലാവര്ഷത്തിലൂടെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.