വേലി തന്നെ തിന്നുന്നു... വിളവ്; റാന്നി, കോന്നി വനം ഡിവിഷനുകളിൽ വൻ ക്രമക്കേട്
text_fieldsപത്തനംതിട്ട: റാന്നി, കോന്നി വനം ഡിവിഷനുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ വൻ ക്രമക്കേട് കണ്ടെത്തി. വനം വികസന ഏജൻസികളിലും ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും വിജിലൻസ് നടത്തിയ ‘ഓപറേഷൻ ജംഗിൾ സഫാരി’ പരിശോധനയിലാണ് ജില്ലയിലെ രണ്ട് ഡിവിഷനുകളിലെയും ക്രമക്കേടുകൾ വ്യക്തമായത്. വനസംരക്ഷണ സമിതിക്ക് അനുവദിക്കപ്പെട്ട കേന്ദ്ര, സംസ്ഥാന സർക്കാർ ഫണ്ടുകൾ വനംവകുപ്പിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചത് ഗുരുതര ക്രമക്കേടാണെന്ന് വിജിലൻസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ബിനാമി ഇടപാടുകളിലൂടെ പണം പലരുടെയും പോക്കറ്റുകളിലെത്തി.
ക്രമക്കേടുകൾ
- റാന്നി, കോന്നി വന വികസന ഏജൻസികളുടെ (എഫ്.ഡി.എ) ഫണ്ട് വിനിയോഗത്തിലും കരാറുകൾ നൽകിയതിലും ക്രമക്കേട് നടന്നു.
- റാന്നി, കോന്നി വനം ഡിവിഷനുകളിൽ വെബ് സൈറ്റ് വികസിപ്പിക്കാൻ മാറിയത് ഒരു ലക്ഷത്തിലധികം രൂപ. ഇതിനുള്ള കരാർ നൽകിയത് സ്വകാര്യ എൻജിനിയറിങ് കോളജിലെ സ്റ്റാർട്ട് അപ്പിന്. വെബ് സൈറ്റ് നിലവിൽവന്നില്ല.
- റാന്നി ഡി.എഫ്.ഒയുടെ ക്യാമ്പ് ഓഫിസിലേക്ക് വാഷിങ് മെഷിൻ വാങ്ങാൻ വനം വികസന ഏജൻസിയുടെ ഫണ്ട് ഉപയോഗിച്ചു.
- നവകേരള സദസ്സിനും മന്ത്രി പങ്കെടുക്കുന്ന ചടങ്ങിനും ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് ഇന്ധനം നിറക്കാൻ ഏജൻസിയുടെ പണം ചെലവഴിച്ചു.
- വനംവകുപ്പിലെ വിവിധ കരാറുകൾ നേടിയത് ഓഫിസ് ജീവനക്കാരുടെ ബിനാമികൾ. ഉദ്യോഗസ്ഥരുടെ അക്കൗണ്ടിൽനിന്ന് പണം കൈമാറിയതിനും സ്വീകരിച്ചതിനും തെളിവുകൾ ലഭിച്ചു.
- ഓൺലൈൻ ടെൻഡറിൽ പങ്കെടുക്കുന്നതിന് ഓഫിസ് ജീവനക്കാരൻ തന്റെ തന്നെ ഫോൺ നമ്പറും ഇമെയിൽ വിലാസവും നൽകി ബിനാമിയുടെ പേരിൽ കരാർ നേടിയെടുത്തു.
ടാബ്; ബൊലേറോ
കോന്നി വനം വികസന ഏജൻസി ചെയർമാൻ സ്റ്റോർ പർച്ചേസ് മാന്വൽ പാലിക്കാതെയും സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്താതെയും ഏജൻസിയുടെ ഫണ്ട് ഉപയോഗിച്ച് 77,000 രൂപയുടെ ടാബ് വാങ്ങി. കോന്നി വനം വികസന ഏജൻസിയുടെ കീഴിലെ മിക്ക നിർമാണ പ്രവർത്തികളും വനംവകുപ്പ് ജീവനക്കാരന്റെ ഭാര്യ നേതൃത്വം നൽകുന്ന സൊസൈറ്റിക്ക് നൽകിവരുന്നതായും കണ്ടെത്തി. റാന്നിയിൽ വനം വികസന ഏജൻസിയുടെ ഫണ്ട് ഉപയോഗിച്ച് ഡിവിഷനൽ ഫോറസ്റ്റ് ഓഫിറുടെ സാമ്പത്തിക വിനിയോഗ അധികാരപരിധിക്ക് പുറത്ത് ഒമ്പതു ലക്ഷത്തിലധികം രൂപ ചെലവഴിച്ച് മഹീന്ദ്ര കമ്പനിയുടെ പുതിയ ബൊലേറോ വാങ്ങിയതായും കണ്ടെത്തി.
മൂന്ന് ലക്ഷത്തിലേറെ മുകളിൽ പണം ചെലവഴിക്കാൻ ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർക്ക് (ഡി.എഫ്.ഒ) അധികാരമില്ല.
പണം വകമാറ്റി, തട്ടിയെടുത്തു
വനത്തിനോട് ചേർന്ന് താമസിക്കുന്ന ജനവിഭാഗങ്ങളെ ചേർത്ത് രൂപീകരിച്ച വനസംരക്ഷണ സമിതിയുടെ വിവിധ പദ്ധതികൾക്ക് അനുവദിച്ച പണം വകമാറ്റിയെന്നും തട്ടിയെടുത്തെന്നും വിജിലൻസ് കണ്ടെത്തി. മരങ്ങൾ നശിച്ച ഭാഗങ്ങളിൽ പുതിയ തൈകൾ നടുക, വനവിഭങ്ങൾ ശേഖരിച്ച് വിപണനകേന്ദ്രങ്ങളിൽ എത്തിക്കുക, സമിതി അംഗങ്ങൾക്ക് വിവിധ വായ്പകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾക്ക് വിനിയോഗിക്കേണ്ട തുകയിലാണ് ക്രമക്കേട് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.