വൈവിധ്യങ്ങൾ ചേർന്നതാണ് ഇന്ത്യ; രാജ്യത്തിന്റെ മിനിയേച്ചർ പത്തനംതിട്ട -ആന്റോ ആന്റണി
text_fieldsപത്തനംതിട്ട: വൈവിധ്യങ്ങൾ നിറഞ്ഞ ഇന്ത്യയുടെ ചെറിയൊരു മിനിയേച്ചറാണ് പത്തനംതിട്ട മണ്ഡലം. വ്യത്യസ്ത വീക്ഷണകോണിലുള്ള സംസ്കാരങ്ങളും വിശ്വാസങ്ങളും ഉള്ളവർ ഇവിടെ സഹോദരങ്ങളെപോലെ ജീവിക്കുന്നു. സൗഹാർദ അന്തരീക്ഷമാണ് നമ്മിലുള്ളത്.
വ്യത്യസ്തതകൾ ഏകോപിപ്പിച്ച് മുന്നോട്ട് പോകുന്നതാണ് ഇന്ത്യയുടെ പാരമ്പര്യം. നാലാതവണയും പത്തനംതിട്ടയിൽനിന്നുള്ള ലോക്സഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് പ്രതിനിധി ആന്റോ ആന്റണി പത്തനംതിട്ട പ്രസ്ക്ലബിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു.
മഹാത്മജിയുടെ നേതൃത്വത്തിൽ എല്ലാവരെയും ഒരുമിപ്പിച്ച് മുന്നോട്ട് പോയതോടെയാണ് ലോകം അടക്കിഭരിച്ചവരിൽനിന്ന് സ്വാതന്ത്ര്യം കിട്ടിയത്. വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ ഇന്ത്യയെന്ന ആശയത്തിന് പോറലേൽക്കാതെ മുന്നോട്ടുപോയി എന്നാണ് വിശ്വാസം.
അധികാരം പിടിക്കാൻ ഏതു കുത്സിത മാർഗവും സ്വീകരിച്ചവരാണ് മോദിയുടെ ബി.ജെ.പി സർക്കാർ. പ്രധാനമന്ത്രി കസേരയിൽ ഇരുന്ന് ഇന്ത്യയിലെ ജനങ്ങളെ അവഹേളിക്കുകയും അപഹസിക്കുകയും ചെയ്യുന്നത് രാജ്യത്തിന്റെ മുന്നോട്ട് പോക്കിന് ഭൂഷണമല്ലെന്ന തിരച്ചറിവാണ് 2024ലെ ലോകസ്ഭ തെരഞ്ഞെടുപ്പ് ഫലം. ആന്റോ ആന്റണി പറഞ്ഞു.
എതിരാളി മികച്ച സ്ഥാനാർഥി
തെരഞ്ഞെടുപ്പ് ഗോദയിൽ ഇടതുപക്ഷത്തെ മികച്ച സ്ഥാനാർഥിയായിരുന്നു ഡോ. ടി.എം. തോമസ് ഐസക്കെന്ന് നിയുക്ത എം.പി ആന്റോ ആന്റണി. മറ്റ് സ്ഥാനാർഥികളിൽനിന്ന് വ്യത്യസ്തമായ തന്ത്രമാണ് അദ്ദേഹം പുറത്തെടുത്തത്. കുടുംബശ്രീ, അധ്യാപക സംഘടനകൾ, ശാസ്ത്ര സാഹിത്യ പരിഷത്ത് തുടങ്ങിയവയും ഐസക്കിന് വേണ്ടി പ്രചാരണ രംഗത്ത് സജീവമായിരുന്നു.പുറമെ ഇടതുപക്ഷത്തിന്റെ അടിത്തറയും സംഘടനാ സംവിധാനവുമുണ്ട്.
നേരിട്ടത്തിൽ ഏറ്റവും കനത്തപോരാട്ടം ഇത്തവണത്തേതായിരുന്നു. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഒന്നരവർഷം മുമ്പ് തുടങ്ങിയിരുന്നു. പത്തനംതിട്ട പോലെ ബി.ജെ.പി കേന്ദ്രനേതൃത്വം തെരഞ്ഞെടുക്കപ്പെട്ട മണ്ഡലങ്ങളിൽ ഒരു ബൂത്തിൽ കൂടുതലായി 50 വോട്ടർമാരെ ചേർക്കാനുള്ള പ്രവർത്തനങ്ങൾ അവർ നടത്തിയത്. ഇതോടെ ബി.ജെ.പിയുടെ രാഷ്ട്രീയ അടിത്തറ കുറച്ചുകൂടി വിപുലപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിന്റെ ഗൗരവം ഒട്ടും കുറച്ചുകാണാതെയാണ് മുന്നോട്ടുപോയത്.
പണത്തിന്റെ കുത്തൊഴുക്ക്; ഞങ്ങൾ ഒറ്റക്കെട്ട്
രാജ്യത്ത് തെരഞ്ഞെടുപ്പിൽ പണത്തിന്റെ കുത്തൊഴുക്കായിരുന്നു. എല്ലാ സംവിധാനങ്ങളെയും വിലക്കെടുക്കുന്ന നീക്കങ്ങളാണ് കണ്ടുവന്നത്. എന്നാൽ, സ്വതന്ത്ര ചിന്തയെയും കാഴ്ചപ്പാടുകളെയും മതനിരപേക്ഷ വിശ്വാസത്തെയും തടയാൻ ആർക്കും കഴിയില്ലെന്ന് തെളിയിച്ച ജനങ്ങളുടെ വിജയമാണ് ഇക്കുറി രാജ്യത്ത് അലയടിച്ചത്.
മണ്ഡലത്തിലെ ജനങ്ങൾ, കൃഷിക്കാർ, തൊഴിലാളികൾ ഒപ്പം നിന്നു. വ്യക്തികളുമായും പൊതുസമൂഹത്തിൽ സ്വാധീനം ചെലുത്തുന്നവരുമായുള്ള ബന്ധവും സഹായിച്ചു. ഈ തെരഞ്ഞെടുപ്പിൽ യു.ഡി.എഫും കോൺഗ്രസ് പ്രവർത്തകരും ഒറ്റക്കെട്ടായി രംഗത്തിറങ്ങി. ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തകരെല്ലാം അണിനിരന്നു. ജില്ലയിലെ മുതിർന്ന നേതാക്കളുടെ സഹകരണം ഉണ്ടായിരുന്നു.
ഭരണത്തിന്റെ വല്ലാത്ത ഇടപെടൽ
സ്ഥാനാർഥി എന്ന നിലയിലുണ്ടായിരുന്ന ഏക പരാതി ഭരണത്തിന്റെ വല്ലാത്ത ഇടപെടൽ ഈ തെരഞ്ഞെടുപ്പിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. തെരഞ്ഞെടുപ്പിനെ ആ നിലയിൽ കാണാതെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പിന്നിൽനിന്ന് സ്വാധീനിക്കാൻ ശ്രമിച്ചിരുന്നു.
കോർപറേറ്റ്- മാധ്യമ ഭീമന്മാരെ കൈയിലെടുത്ത് രാജ്യത്തിന്റെ ജനവികാരം ഒളിപ്പിക്കാൻ ശ്രമിച്ചവർക്കെതിരായ ജനവിധിയാണിത്. തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ കൊടിപോലും ഇല്ലെന്ന പ്രചാരണമാണ് അഴിച്ചുവിട്ടത്. പ്രതിപക്ഷത്തെയും സഹായിക്കുന്നവരെയും റെയ്ഡുകൾ നടത്തി അഴിക്കുള്ളിലാക്കുന്നതാണ് കണ്ടത്. തെരഞ്ഞെടുപ്പ് കമീഷന്റെ നിഷ്പക്ഷതയും വ്യാപകമായി വിമർശന വിധേയമായി- ആന്റോ പറഞ്ഞു.
റെയിൽ, വ്യോമ ഗതാഗത സംവിധാനം മെച്ചപ്പെടണം
പത്തനംതിട്ടയുമായി ബന്ധപ്പെടുത്തി റെയിൽ, വ്യോമ ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെട്ടെങ്കിൽ മാത്രമേ ആധുനിക വികസന പ്രവർത്തനങ്ങൾക്കു സാധ്യതയുള്ളൂ. വികസന കാര്യത്തിൽ രാഷ്ട്രീയം മറന്നുള്ള പിന്തുണയും നേതൃത്വവും നൽകും. എരുമേലി വിമാനത്താവളം യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങൾ തുടരും. സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കേണ്ടത് സംസ്ഥാന സർക്കാറാണ്.
ശബരിമല വിമാനത്താവളം കൊടുമണ്ണിലേക്ക് മാറ്റണമെന്ന ആവശ്യത്തിന് ഇനി പ്രസക്തിയില്ല. എരുമേലിയിൽ വിമാനത്താവള നിർമാണത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പദ്ധതിയുടെ പേരിൽ കുടിയൊഴിപ്പിക്കുന്നവർക്ക് സ്ഥലത്തിന്റെ മാർക്കറ്റ് വിലയുടെ രണ്ടിരട്ടി തുക മുൻകൂറായി ബാങ്ക് അക്കൗണ്ടിലെത്തും. താൻ മുന്നോട്ടുവെച്ച ഈ നിർദേശത്തെ സർക്കാറും അംഗീകരിക്കുകയായിരുന്നു.
ആറന്മുളയിൽ ഇൻഫോ പാർക്ക്
ആറന്മുള വിമാനത്താവളത്തിനുള്ള എല്ലാ അംഗീകാരവും നേടിയെടുത്തപ്പോഴാണ് സമരം ശക്തമായതും പദ്ധതി ഉപേക്ഷിക്കേണ്ടിവന്നതും. ആറന്മുളയിലെ പദ്ധതി പ്രദേശത്ത് ഇൻഫോ പാർക്ക് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഇതിന് നാട്ടുകാർ ഒപ്പം നിൽക്കുമെന്നാണ് പ്രതീക്ഷ. നാട്ടുകാർക്ക് വേണ്ടെങ്കിൽ പദ്ധതി ഉപേക്ഷിക്കേണ്ടിവരും. ശബരി റെയിൽപാത എരുമേലിയിൽ അവസാനിപ്പിക്കരുതെന്ന ആവശ്യം ശക്തമായി മുന്നോട്ടുവെച്ചിട്ടുണ്ട്.
പുനലൂർ വരെ ശബരിപാത യാഥാർഥ്യമാകുകയും എരുമേലി വിമാനത്താവളം യാഥാർഥ്യമാകുകയും ചെയ്താൽ പത്തനംതിട്ടയുടെ കണക്ടിവിറ്റി വർധിക്കും. ഇതോടെ നാട്ടിൽ പുതിയ ഐ.ടി സംരംഭങ്ങളും തൊഴിൽദായക പദ്ധതികളും ഉണ്ടാകും. ഇതിലൂടെ മാത്രമേ നിലവിൽ വിദേശത്തേക്ക് നടക്കുന്ന കുടിയേറ്റത്തെ തടയാനാകൂ. മെച്ചപ്പെട്ട സൗകര്യങ്ങളും തൊഴിൽ സാധ്യതകളും നാട്ടിൽ തന്നെ വികസിപ്പിച്ചെടുക്കുകയാണ് വേണ്ടത്. തിരുവല്ലയിൽ സ്കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും.
ബുദ്ധിമുട്ടില്ലാതെ നാലുവരിപ്പാത
ഗ്രീൻഫീൽഡ് ഹൈവേയുടെ അലൈൻമെന്റ് പൂർത്തിയായിട്ടുണ്ട്. പത്തനംതിട്ടയെ സംബന്ധിച്ച് പദ്ധതി ഏറെ വികസന സാധ്യത കൈവരിക്കുന്നതാണ്. ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാകാതെ നാലുവരിപ്പാത പൂർത്തിയാക്കാനാകും.ദേശീയപാത 183എയുടെ സ്ഥലം ഏറ്റെടുക്കലാണ് ഇനിയുള്ളത്. ബൈപാസുകൾ വികസിപ്പിച്ച് പുതിയ പാത യാഥാർഥ്യമാക്കും. ഇതിന് സംസ്ഥാന സർക്കാർ മുൻകൈയെടുക്കണം.
ഭരണിക്കാവ്-മുണ്ടക്കയം റോഡിന് വീതി കൂട്ടുകയും പുതിയ ഏഴ് ബൈപാസുകൾ സ്ഥാപിക്കലുമാണ് പദ്ധതിയിലുള്ളത്.പത്തനംതിട്ട ഇൻഡോർ സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കാൻ ശ്രമം തുടരും. ലഭിച്ച പണം ലാപ്സായതല്ലാതെ വിനിയോഗിക്കാൻ കഴിഞ്ഞില്ല. ബാങ്കിൽ കിടന്ന പണത്തിന്റെ പലിശ നഗരസഭ തിരിച്ചടക്കാതെ ഇനി ഫണ്ടു ലഭിക്കില്ലെന്നാണ് പറയുന്നത്.
സംഘടന ദൗർബല്യം പരിഹരിക്കും
മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചെങ്കിലും ജില്ലയിൽ കോൺഗ്രസിന്റെ സംഘടന ദൗർബല്യങ്ങൾ പരിഹരിക്കാനുണ്ടെന്ന് ആന്റോ ആന്റണി പറഞ്ഞു. ഇക്കാര്യത്തിൽ തന്റെ കൂടി ഇടപെടലുകൾ ഉണ്ടാകും. ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തിൽ പാർട്ടി ശക്തമായതുകൊണ്ടാണ് കോൺഗ്രസിന് ഒറ്റക്കെട്ടായി ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടാൻ കഴിഞ്ഞത്.
നിയമസഭ മണ്ഡലങ്ങളിൽ ഇപ്പോൾ കിട്ടിയ മേൽക്കൈ നിലനിർത്തുമെന്ന് ആന്റോ ആന്റണി പറഞ്ഞു. പത്തനംതിട്ട പ്രസ്ക്ലബ് പ്രസിഡന്റ് സജിത് പരമേശ്വരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. ബിജു നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.