വയൽ നികത്തി കെട്ടിടം: പത്തനംതിട്ട നഗരസഭയിൽ രേഖകൾ നശിപ്പിച്ചതായി സൂചന
text_fieldsപത്തനംതിട്ട: നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തെ നോക്കുകുത്തിയാക്കി പത്തനംതിട്ട നഗരസഭയിൽ നിർമിച്ച വ്യാപാര സമുച്ചയങ്ങളുടെ രേഖകൾ നശിപ്പിച്ചതായി സൂചന.
നഗരസഭ കേന്ദ്രീകരിച്ച ഭൂ-കെട്ടിട മാഫിയയും ഉദ്യോഗസ്ഥരും ചേർന്ന് ഒത്തുകളിച്ചാണ് രേഖകൾ നശിപ്പിച്ചത്. ഇത് സംബന്ധിച്ച് നഗരസഭ സെക്രട്ടറിയുടെ വിവരാവകാശ മറുപടിയാണ് തെളിവാകുന്നത്.
കണ്ണങ്കര ജങ്ഷനിലെ തോടിനു സമീപം വയൽ നികത്തി നിർമിച്ച അനധികൃത കെട്ടിടം സംബന്ധിച്ച് കൊച്ചി സ്വദേശി വിവരാവകാശ പ്രവർത്തക ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ നഗരസഭ തയാറായില്ല. ഒന്നാം അപ്പീൽ അധികാരിയായ നഗരസഭ സെക്രട്ടറിയും ഉരുണ്ടുകളിച്ചു.
ഓഫിസ് മാറ്റിയതിനിടെ നഗരസഭ എൻജിനീയറിങ് വിഭാഗവുമായി ബന്ധപ്പെട്ട രേഖകൾക്ക് സ്ഥാനാന്തരം സംഭവിച്ചതായാണ് സെക്രട്ടറിയുടെ മറുപടി. പരിശോധനയിൽ കെട്ടിട നിർമാണത്തിന് അനുമതി നൽകിയ രേഖകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും മറുപടിയിൽ പറയുന്നു.
ഫയൽ കണ്ടെത്തുന്ന മുറക്ക് രേഖകൾ നൽകാമെന്ന ഉറപ്പ് ഒരുമാസം കഴിഞ്ഞിട്ടും പാലിക്കപ്പെടാത്തതിനാൽ വിവരാവകാശ പ്രവർത്തക വിവരാവകാര കമീഷനെ സമീപിച്ചു. തുടർന്ന് ഹൈകോടതിയെ സമീപിക്കാനാണ് ഇവരുടെ നീക്കം.
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം അട്ടിമറിച്ച് നഗരസഭ പരിധിയിൽ നടന്ന കെട്ടിട നിർമാണങ്ങൾ സംബന്ധിച്ച് വിവാദങ്ങൾ എന്നും ഉണ്ട്.
എന്നാൽ, പരാതികൾ വളരെ പെട്ടെന്ന് തന്നെ കെട്ടടങ്ങുന്നതും കാണാം. എൽ.ഡി.എഫ്-യു.ഡി.എഫ് കക്ഷികൾ ഇക്കാര്യത്തിൽ പരസ്പരം ഒത്തുതീർപ്പോടെയാണ് മുന്നോട്ട് പോകുന്നതെന്നാണ് സൂചന.
രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് ബിനാമി പേരുകളിൽ നഗരത്തിൽ കെട്ടിടങ്ങളുള്ളതായും ആരോപണം ഉയർന്നിരുന്നു. നഗരസഭയിലെ ചില ഉദ്യോഗസ്ഥർക്കും ഇതിൽ ഷെയറുണ്ട്.
നിയമം അട്ടിമറിക്കാൻ കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്ക് സുപ്രധാന ചുമതലകൾ നൽകാൻ ഭൂമാഫിയയുടെ സമ്മർദത്തിന് ഭരണ നേതൃത്വം വഴങ്ങുന്നതിന് അവസാനത്തെ തെളിവാണ് ഇപ്പോൾ പുറത്തുവന്ന വിവരാവകാശ രേഖ.
അനധികൃത കെട്ടിട നിർമാണങ്ങളുടെ രേഖകൾ നശിപ്പിക്കാൻ ഭൂമാഫിയയും കെട്ടിട നിർമാണ ലോബിയും വൻതുക ഒഴുക്കാറുണ്ടെന്നും പറയുന്നു.
സർക്കാറിന്റെ കമ്പ്യൂട്ടർറൈസേഷൻ പദ്ധതി നഗരസഭയിൽ അട്ടിമറിക്കപ്പെട്ടതായും സെക്രട്ടറിയുടെ വിവരാവകാശ മറുപടിയിൽനിന്ന് വ്യക്തമാകുന്നു. വിവാദരേഖകൾ സ്കാൻചെയ്ത് കമ്പ്യൂട്ടറിലേക്ക് മാറ്റാതിരിക്കാൻ വൻ കളിയാണ് നടക്കുന്നത്. രേഖകളെല്ലാം കമ്പ്യൂട്ടറിലേക്ക് മാറ്റിയെന്ന നഗരസഭയുടെ അവകാശവാദവും സംശയകരമാണ്.
നിയമം മറികടന്ന് കെട്ടിട നിർമാണ അനുമതി നേടാൻ വർഷങ്ങളായി നഗരസഭയിൽ ചിലർ തമ്പടിച്ചിട്ടുണ്ട്.
മരട് ഫ്ലാറ്റ് പൊളിക്കൽ വിവാദത്തോടെ ഇടക്കാലത്ത് നിലച്ച നഗരസഭയിലെ അനധികൃത നിർമാണങ്ങൾ വീണ്ടും സജീവമായി തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.