പകർച്ചവ്യാധി; വീടും പരിസരവും വൃത്തിയാക്കണം -പത്തനംതിട്ട ഡി.എം.ഒ
text_fieldsപത്തനംതിട്ട: ജില്ലയില്‍ വേനല്‍മഴ തുടരുന്നതിന്റെ ഭാഗമായി പകര്‍ച്ചവ്യാധി സാധ്യത പരിഗണിച്ച് പൊതുസ്ഥലങ്ങളും സ്ഥാപനങ്ങളും വീടും പരിസരവും ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതകുമാരി അഭ്യർഥിച്ചു. ആരോഗ്യ ജാഗ്രത കാമ്പയിന്റെ ഭാഗമായി നടത്തുന്ന കൊതുക്, കൂത്താടി നിയന്ത്രണ നശീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണം.
സ്ഥാപനങ്ങളിലും വീടുകളിലും ആശുപത്രികളിലും അന്തർ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കണം. കൊതുകുജന്യ രോഗങ്ങളെ പ്രതിരോധിക്കാന്‍ കെട്ടിടങ്ങളുടെ അകത്തും മേല്‍ക്കൂരകളിലും പരിസരത്തും വെള്ളം കെട്ടി നില്ക്കാതിരിക്കാന് ശ്രദ്ധിക്കണം.
ടെറസ്, സണ്‍ഷേഡുകള്‍, പരിസരം എന്നിവിടങ്ങളില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയുകയും പാഴ്വസ്തുക്കള് സംസ്കരിക്കുകയും വേണം. ബസ് സ്റ്റാന്‍ഡ് തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ കൊതുക് വളരാന്‍ ഇടയുള്ള വസ്തുക്കള്‍ നീക്കം ചെയ്യണം.
വീട്ടുമുറ്റത്തും പരിസരങ്ങളിലും എറിഞ്ഞുകളഞ്ഞ പാത്രങ്ങള്‍ ചിരട്ടകള്‍, തൊണ്ട്, ടയര്‍, മുട്ടത്തോട്, ടിന്നുകള്‍ തുടങ്ങിയവയില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കൊതുക് വളരാം. ഇവ സുരക്ഷിതമായി സംസ്കരിക്കുകയോ, വെള്ളം കയറാതെ കമിഴ്ത്തി സൂക്ഷിക്കുകയോ വേണം. വീട്ടിൽ ചെടിച്ചട്ടികള്‍ക്ക് താഴെ വെള്ളം കെട്ടിനില്‍ക്കുന്ന പാത്രങ്ങളിലും ഫ്രിഡ്ജിന്റെ അടിയിലെ ട്രേയിലും കൊതുക് മുട്ടയിടാന്‍ സാധ്യതയുണ്ട്. ആഴ്ചയിലൊരിക്കല്‍ ഇവ വൃത്തിയാക്കണം.
ജലദൗര്‍ലഭ്യമുള്ള പ്രദേശങ്ങളില്‍ വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും ടാങ്കുകളും അടച്ചുസൂക്ഷിക്കുകയും ആഴ്ചയിലൊരിക്കല്‍ ഉള്‍വശം ഉരച്ചുകഴുകി വൃത്തിയാക്കി ഉണക്കിയ ശേഷമേ വീണ്ടും ഉപയോഗിക്കാവൂ. സെപ്റ്റിക് ടാങ്കുമായി ബന്ധിപ്പിച്ചുള്ള വെന്റ് പൈപ്പിന്റെ അഗ്രം കൊതുക് വല ഉപയോഗിച്ച് മൂടണം. ആഴ്ചയിലൊരിക്കല്‍ വീടും പരിസരവും വൃത്തിയാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.