അടിസ്ഥാന സൗകര്യമില്ല; വലഞ്ഞ് പത്തനംതിട്ട സർക്കാർ നഴ്സിങ് കോളജ് വിദ്യാർഥികൾ
text_fieldsപത്തനംതിട്ട: അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത പത്തനംതിട്ട സർക്കാർ നഴ്സിങ് കോളജിലെ വിദ്യാർഥികൾ വലയുന്നു. രണ്ടാമത്തെ ബാച്ച് കൂടി എത്തിയതോടെ ദുരിതം ഇരട്ടിയായി.
യാതൊരു സൗകര്യങ്ങളും ഇല്ലാത്ത കോളജ് റോഡിലെ വാടകക്കെട്ടിടത്തിൽനിന്ന് കോളജിന്റെ പ്രവർത്തനം മാറ്റണമെന്ന് വിദ്യാർഥികളും രക്ഷിതാക്കളും നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതർക്ക് കുലുക്കമില്ല.
ഒന്നാം വർഷ വിദ്യാർഥികൾക്ക് ആഴ്ചയിൽ മൂന്ന് ദിവസം കോന്നി മെഡിക്കൽ കോളജിൽ അനാട്ടമി ക്ലാസുണ്ട്. ഈ മൂന്ന് ദിവസമാണ് രണ്ടാം ബാച്ചുകാർക്ക് കോളജിൽ ക്ലാസ് വെക്കുന്നത്. ബാക്കിയുള്ള നാല് ദിവസം രണ്ടാം ബാച്ചുകാർക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ക്ലിനിക്ക് നൽകുകയാണ്. ഈ സമയം ഒന്നാം വർഷ വിദ്യാർഥികൾക്ക് കോളജിൽ ക്ലാസെടുക്കും. ഇങ്ങനെ ഒന്നും രണ്ടും ബാച്ച് വിദ്യാഥികൾ മാറി മാറി ഒരു ചെറിയ ക്ലാസ് മുറി ഉപയോഗിക്കുകയാണ്. ആദ്യ ബാച്ചിലും രണ്ടാം ബാച്ചിലും കൂടി 120 കുട്ടികളാണള്ളത്. കോളജിന്റെ അടിസ്ഥാന സൗകര്യം ഇല്ലായ്മയും ഐ.എൻ.സിയുടെ അംഗീകാരമില്ലായ്മയും ശക്തമായ പ്രതിഷേധത്തിനും ഇടയാക്കിയതാണ്. നിലവിലത്തെ കോളജ് കെട്ടിടത്തിന്റെ അപര്യാപ്തതമൂലം കുട്ടികൾ പലതവണ പരാതികൾ നൽകുകയും സമരവും നടത്തിയിരുന്നു. അധികൃതർ പുതിയ ബാച്ച് എത്തുന്നതോടെ എല്ലാ സൗകര്യങ്ങളുമുള്ള പുതിയ കെട്ടിടത്തിലേക്ക് മാറാമെന്ന് വാഗ്ദാനം നൽകി.
കുട്ടികൾക്ക് ബസും അനുവദിക്കാമെന്ന് ഉറപ്പു നൽകിയതാണ്. പക്ഷേ, പുതിയ ബാച്ച് എത്തിയപ്പോഴേക്കും വാഗ്ദാനങ്ങൾ മുഴുവൻ പാഴ്വാക്കായി. തൽക്കാലം തൊട്ടടുത്തുള്ള മറ്റൊരു കെട്ടിടത്തിലേക്ക് കോളജിന്റെ ഓഫീസ് മാറ്റാമെന്നും തുടർന്ന് താഴത്തെ നില ഒന്നാം വർഷ വിദ്യാർഥികൾക്ക് നൽകുമെന്നുമായിരുന്നു പറഞ്ഞിരുന്നത്. പക്ഷേ, ഇപ്പോൾ ഇതിനും തയാറാകാതെ 120 കുട്ടികൾക്കായി ഒരു ക്ലാസ് മുറിയാണ് ഉപയോഗിക്കുന്നത്. രണ്ട് ടോയ്ലറ്റുകൾ മാത്രമാണുള്ളത്. റോഡിലെ വാഹനങ്ങളുടെ ശബ്ദം കാരണം കുട്ടികൾക്ക് ക്ലാസ് മുറികളിൽ ശ്രദ്ധിക്കാൻ പോലും കഴിയുന്നില്ല. പരാതിപറയുന്ന വിദ്യാർഥികളോട് പ്രതികാര ബുദ്ധിയോടെ അധികൃതർ പെരുമാറുകയും ചെയ്യും. ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തിലെ നഴ്സിംഗ് കോളജിനാണ് ഈ ദുരവസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.