കാവനാൽ കടവ്-നൂറോന്മാവ് റോഡിൽ കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കൽ പൂർത്തിയായി
text_fieldsമല്ലപ്പള്ളി: ആനിക്കാട് പഞ്ചായത്തിലെ കാവനാൽ കടവ്-നൂറോന്മാവ് റോഡിൽ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുന്ന ജോലി പൂർത്തിയായെന്നും റോഡ് ഉടൻ പൊതുമരാമത്തു വിഭാഗത്തിന് കൈമാറുമെന്നും അതോറിറ്റി അസി. എൻജിനീയർ താലൂക്ക് വികസന സമിതി യോഗത്തെ അറിയിച്ചു.
കോട്ടയം-മല്ലപ്പള്ളി റോഡിൽ താലൂക്ക് ആശുപത്രി പടിക്കും ഖാദി ജങ്ഷനും മധ്യേയുള്ള റോഡിൽ അപകടങ്ങൾ സ്ഥിരമായതിനാൽ ജൽ ജീവൻ മിഷന്റെ ജോലികൾ പൂർത്തിയായാൽ ഉടൻ വേഗ നിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിക്കുമെന്ന് പി.ഡബ്ല്യു.ഡി അസി. എൻജിനീയർ യോഗത്തെ അറിയിച്ചു.
തുരുത്തിക്കാട്ട് സ്വകാര്യ വ്യക്തിതികൾ കനാൽ കൈയേറി എന്ന പരാതിയിൽ ഒഴിപ്പിക്കാൻ നോട്ടീസ് നൽകിയതായും നടപടി സ്വീകരിക്കുമെന്നും മൈനർ ഇറിഗേഷൻ അസി. എൻജിനീയർ അറിയിച്ചു. പുറമറ്റം കല്ലുപാലത്തിനു സമീപം തോടിന്റെ വശങ്ങളിൽ സംരക്ഷണവേലി സ്ഥാപിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ജില്ല പഞ്ചായത്തംഗം അറിയിച്ചു. കരുതലും കൈതാങ്ങും അദാലത്ത് പരാതിരഹിതമായി നടത്താൻ സാധിച്ച ഉദ്യോഗസ്ഥരെ യോഗം അനുമോദിച്ചു.
മല്ലപ്പള്ളി ബസ്സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകിയാൽ പൊലീസിന്റെ സേവനം ലഭ്യമാക്കാമെന്ന് കീഴ്വായ്പ്പൂര് സ്റ്റേഷൻ ഓഫിസർ അറിയിച്ചിരുന്നു. പഞ്ചായത്തിന്റെ അനുമതി ലഭിച്ചാൽ റോട്ടറി ക്ലബ് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിനൽകാമെന്ന് യോഗത്തെ അറിയിച്ചു.
ബസ്സ്റ്റാൻഡിനുള്ളിൽ വ്യാപാര സ്ഥാനങ്ങളിൽനിന്നുള്ള പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനാൽ ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും സ്വകാര്യ ബസുകൾ ട്രിപ്പുകൾ മുടക്കി മണിക്കൂറുകളോളം കിടക്കുന്നതിനാൽ കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ബസുകൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും യോഗത്തിൽ വിമർശനം ഉയർന്നു.
ചെറുകോൽ പുഴ-പൂവനക്കടവ് റോഡിലും കുമ്പളന്താനം ഭാഗത്തും റോഡിന്റെ വശങ്ങളിൽ ഇലട്രിക് ലൈനിന് മുകളിലേക്ക് നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന ആവശ്യവും ഉയർന്നു. ജില്ല പഞ്ചായത്തംഗം ജിജി മാത്യു അധ്യക്ഷത വഹിച്ചു.
തഹസിൽദാർ എം.എസ്. രാജമ്മ, പഞ്ചായത്ത് പ്രസിഡന്റുമാരായ ജിജി പി. എബ്രഹാം, വിനീത് കുമാർ, പ്രകാശ് പി. സാം, മല്ലപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പണിക്കമുറി, എം.ജെ. ചെറിയാൻ, ഹബീബ് റാവുത്തർ, സാംകുട്ടി ചെറുകര, പി.ടി. എബ്രഹാം, ജോസഫ് ഇമ്മാനുവേൽ, ഐറി തോമസ്, അലക്സ് കണ്ണമല, ബിനു വർഗിസ് കാക്കനാട്ടിൽ, കെ.എം.എം. സലിം എന്നിവരും വിവിധ താലൂക്കുതല ഉദ്യോഗസ്ഥരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.