ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെ എം.പിയുടെ പേരും ചിത്രങ്ങളും മറയ്ക്കാൻ നിർദേശം
text_fieldsപത്തനംതിട്ട: പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച എൽ.ഡി.എഫിന്റെ പരാതിയില്‍ നടപടിയുമായി ജില്ല വരണാധികാരിയായ കലക്ടർ. ആന്റോ ആന്റണിയുടെ വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെ പേരും ചിത്രങ്ങളും മറയ്ക്കാനാണ് നിർദേശം.
ഇലക്ഷൻ സ്ക്വാഡിനാണ് കലക്ടര്‍ നിർദേശം നല്‍കിയത്. ഇതിനു ചെലവാകുന്ന തുക ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് ചെലവിൽ വകയിരുത്തും. മണ്ഡലത്തിലെ 63 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെയും 20 4ജി ടവറുകളിലെയും ആന്റോ ആന്റണിയുടെ പേര് മറയ്ക്കാൻ നടപടി വേണം എന്നായിരുന്നു എൽ.ഡി.എഫ് ആവശ്യം. ഇതിൽ തോമസ് ഐസക്കിന്റെ പേര് കൂടി പ്രദർശിപ്പിക്കാൻ അനുമതി നൽകണം എന്ന ആവശ്യം കലക്ടർ തള്ളി.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് പത്തനംതിട്ടയിലെ ഇടത് സ്ഥാനാർഥി ഡോ. തോമസ് ഐസക്കിനു വരണാധികാരി കഴിഞ്ഞ ദിവസം താക്കീത് നല്‍കിയിരുന്നു. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദുരുപയോഗം ചെയ്തെന്ന യു.ഡി.എഫ് പരാതിയിലായിരുന്നു ജില്ല വരണാധികാരിയായ കലക്ടർ താക്കീത് നൽകിയത്. ചട്ടലംഘനത്തെ ആദ്യം ന്യായീകരിച്ച ഡോ. ഐസക്, താക്കീത് കിട്ടിയതോടെ പിഴവ് പ്രവർത്തകരുടെ മേൽചാരുന്ന സമീപനമാണ് സ്വീകരിച്ചത്.
എന്നാൽ, കുടുംബശ്രീയെ കുറിച്ച് എല്ലാമറിയാവുന്ന തോമസ് ഐസക്കിന്റെ പ്രവൃത്തി ബോധപൂർവമാണെന്ന നിലപാടിലാണ് യു.ഡി.എഫ്. ചട്ടലംഘനം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട സാഹചര്യത്തിൽ തുടർ നടപടിയെക്കുറിച്ചും യു.ഡി.എഫ് ആലോചിക്കുന്നുണ്ട്. അതിനിടെയാണ് ആന്റോ ആന്റണിക്കെതിരായ പരാതിയിലും കലക്ടറുടെ ഇടപെടൽ.
മുന്നണി വ്യത്യാസമില്ലാതെ എം.പിമാരും എം.എൽ.എമാരുമെല്ലാം മത്സരിച്ചാണ് എല്ലായിടത്തും വെയിറ്റിങ് ഷെഡുകൾ നിർമിച്ചിരിക്കുന്നത്. യാത്രക്കാർക്ക് ഒരു ഗുണവുമില്ലാത്ത സ്ഥലങ്ങളിലുമുണ്ട് കാത്തിരിപ്പ് കേന്ദ്രങ്ങൾ. സ്ഥിരമായി വലിയ ഒരു പരസ്യ ബോർഡ് എന്നതിനൊപ്പം നല്ലൊരു വിഹിതം കീശയിൽ വീഴുമെന്നതുമാണ് ജനപ്രതിനിധികൾക്ക് കാത്തിരിപ്പ് കേന്ദ്രങ്ങളോട് പ്രണയം കൂടാൻ കാരണം.
പേര് എഴുതി പ്രദർശിപ്പിക്കുക മാത്രമല്ല പരിപാടുകളുടെ ഫോട്ടോ വലുതാക്കി പ്രദർശിപ്പിക്കുന്നതാണ് പുതിയ ട്രെന്റ്. സംഗീതവും വെളിച്ചവുമൊക്കെ ചില സ്ഥലങ്ങളിൽ തുടക്കത്തിൽ ഉണ്ടായിരുന്നെങ്കിലും പണം തട്ടാൻ ലക്ഷ്യമിട്ട് നിലവാരം കുറഞ്ഞത് ഉപയോഗിക്കുന്നതിനാൽ അവയൊയൊക്ക ഒട്ടും വൈകാതെ പ്രവർത്തനം നിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.