ഇൻഷുറൻസ് നിഷേധിച്ചു; 10 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
text_fieldsഏത് സ്പോൺസറുടെ കൂടെ ജോലി ചെയ്താലും ഇൻഷുറൻസ് ആനുകൂല്യങ്ങൾ നിഷേധിക്കാൻ പാടില്ലെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടും കമ്പനി ആനുകൂല്യങ്ങൾ കൊടുക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് കമീഷൻ കണ്ടെത്തി
പത്തനംതിട്ട: ഇഫ്കോ - ടോക്കിയോ ജനറൽ ഇൻഷുറൻസ് കമ്പനി പരാതിക്കാരിക്ക് 10 ലക്ഷം രൂപയും കോടതിച്ചെലവും നഷ്ടപരിഹാരം നൽകാന് പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധിച്ചു.
തിരുവല്ല കുറ്റൂർ കരിയിരിക്കുംതറ പരേതനായ കെ.ആര്. ബാബുവിന്റെ ഭാര്യയും അനന്തരാവകാശികളുമാണ് കമ്മീഷനിൽ പരാതി നൽകിയിരുന്നത്.കെ.ആര്. ബാബു 2017ൽ വിദേശരാജ്യമായ ഒമാനിൽ ജോലിക്കുപോയ സമയത്ത് പ്രവാസി ഭാരതീയ ബീമയോജന പോളിസി (പി.ബി.ബി.വൈ) ഇന്ത്യയിൽ നിന്നെടുത്തിരുന്നു.
10ൽ തോറ്റവർ ഗൾഫ് രാജ്യങ്ങളിൽ ജോലിക്ക് പോകുമ്പോൾ എമിഗ്രേഷൻ ക്ലിയറൻസ് കിട്ടണമെങ്കിൽ ഈ പോളിസി എടുത്തിരിക്കണം.
എമിഗ്രൻറ് തൊഴിലാളികളുടെ സുരക്ഷക്കായി കേന്ദ്ര സർക്കാർ ഏർപ്പടുത്തിയതാണ് ഇത്. ഈ പോളിസി പ്രകാരം തൊഴിലാളി വിദേശ രാജ്യത്തുമരിച്ചാൽ 10 ലക്ഷം രൂപ ആശ്രിതർക്ക് കൊടുക്കണമെന്നാണ് വ്യവസ്ഥ.
തൊഴിലാളിയായ ബാബു ഒമാനിൽ 2017ൽ അപകടത്തിൽ മരിക്കുകയും തുടർന്ന് അവകാശപ്പെട്ട ആനുകൂല്യങ്ങൾ ചോദിച്ചപ്പോൾ ഇൻഷുറൻസ് കമ്പനി നിഷേധിക്കുകയുമായിരുന്നു. ഒമാനിൽ മറ്റൊരു സ്പോൺസറുടെ കൂടെ ജോലിക്ക് പോയെന്ന ബാലിശമായ വാദം മുഴക്കിയാണ് ഇൻഷുറൻസ് കമ്പനി ആനുകൂല്യം നിഷേധിച്ചത്.
ഏത് സ്പോൺസറിന്റെ കൂടെ ജോലി ചെയ്താലും ഇൻഷുറൻസ് ആനുകൂല്യങ്ങൾ നിഷേധിക്കാൻ പാടില്ലെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടും കമ്പനി ആനുകൂല്യങ്ങൾ കൊടുക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് കമ്മീഷൻ കണ്ടെത്തി.
വാദിയുടെയും പ്രതിയുടെയും തെളിവുകളും വാദങ്ങളും കേട്ട കമ്മീഷൻ ഇൻഷുറൻസ് കമ്പനി 10 ലക്ഷം രൂപയും നഷ്ടപരിഹാരമായി 25,000 രൂപയും കോടതിച്ചെലവായി 10,000 രൂപയും കക്ഷിക്ക് കൊടുക്കാൻ വിധിക്കുകയായിരുന്നു.
ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡൻറ് ബേബിച്ചൻ വെച്ചൂച്ചിറ, അംഗങ്ങളായ എൻ. ഷാജിത ബീവി, നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്നാണ് വിധി പ്രസ്താവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.