സംയോജിത പ്ലാസ്റ്റിക് പാഴ്വസ്തു സംസ്കരണ ഫാക്ടറി പ്രവർത്തനസജ്ജം
text_fieldsപത്തനംതിട്ട: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ക്ലീൻ കേരള കമ്പനി ജില്ല പഞ്ചായത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തിൽ കുന്നന്താനം കിൻഫ്രയിൽ ആരംഭിക്കുന്ന പ്ലാസ്റ്റിക് പാഴ്വസ്തു സംസ്കരണ ഫാക്ടറി പ്രവർത്തനസജ്ജമായി. ട്രയൽ റൺ ആരംഭിച്ചു. കഴിഞ്ഞയാഴ്ച കെ.എസ്.ഇ.ബി ഹൈടെൻഷൻ കണക്ഷൻ ലഭിച്ചിരുന്നു.
ഹരിതകർമ സേന ശേഖരിക്കുന്ന പുനഃചക്രമണയോഗ്യമായ വൃത്തിയുള്ള പ്ലാസ്റ്റിക് ഗ്രാന്യൂൾസ് ആക്കുന്ന യന്ത്രസംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 10,000 ചതുരശ്രഅടിയുള്ള കെട്ടിടം, അനുബന്ധ സൗകര്യങ്ങൾ, 25,000 ലിറ്റർ മഴ വെള്ളസംഭരണി, എസ്.ടി.പി, സോളാർ പ്ലാന്റ് എന്നിങ്ങനെയാണ് പ്ലാന്റ് നിർമിച്ചിരിക്കുന്നത്. ദിവസം അഞ്ച് ടൺ വരെ പുനഃചക്രമണയോഗ്യമായ പ്ലാസ്റ്റിക് സംസ്കരിക്കാൻ കഴിയും. സംസ്ഥാനത്ത് ഇത്തരത്തിൽ ആരംഭിക്കുന്ന ആദ്യത്തെ ഫാക്ടറിയാണ് ഇത്. എട്ടുകോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന ഫാക്ടറി ഈമാസം ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിക്കാനാണ് ഒരുക്കം നടന്നുവരുന്നതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തിൽ വിപുലമായ ഗോഡൗൺ നിർമാണം ഉടൻ ആരംഭിക്കും. ഗോഡൗൺ പൂർത്തീകരിക്കുന്നതോടെ ഒരേസമയം പത്തിലധികം തദ്ദേശ സ്ഥാപനങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് വെക്കാൻ സാധിക്കുമെന്ന് ക്ലീൻ കേരള കമ്പനി ജില്ല മാനേജർ എം.ബി. ദിലീപ് കുമാർ പറഞ്ഞു. ഫാക്ടറി പ്രവർത്തനം വിലയിരുത്തി ഉൽപാദനം നടത്തുന്ന ഗ്രാന്യൂൾസ് ഇതര ഉൽപന്നങ്ങളാക്കുന്നത് ആലോചിക്കുന്നതായി തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ല ജോയന്റ് ഡയറക്ടർ എ.എസ്. നൈസാം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.