വ്യാഴവട്ടം പിന്നിട്ടു; പാളി...പ്ലാസ്റ്റിക് രഹിത പദ്ധതി
text_fieldsപത്തനംതിട്ട: ജില്ലയെ പൂർണമായും പ്ലാസ്റ്റിക് രഹിതമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതികൾ ഒരു വ്യാഴവട്ടം പിന്നിടുമ്പോഴും എങ്ങുമെത്തിയില്ല. 12 വർഷം മുമ്പ് പ്രഖ്യാപിച്ച പ്ലാസ്റ്റിക് റിക്കവറി സെന്ററുകളെക്കുറിച്ച് ഇപ്പോൾ ആർക്കും അറിവില്ല. പിന്നാലെ വന്ന മറ്റു പദ്ധതികളുടെ പ്രവർത്തനവും ഫയലിൽ ഒതുങ്ങിയതോടെ ജില്ലയിൽ പ്ലാസ്റ്റിക് ഉപയോഗം വർധിച്ചതായാണ് റിപ്പോർട്ട്. പ്രതിമാസം 50 ലക്ഷത്തോളം പ്ലാസ്റ്റിക് കാരിബാഗുകൾ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
പ്ലാസ്റ്റിക്കിനു പകരം തുണികൊണ്ടുള്ള കാരിബാഗുകൾ വിതരണം ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും ചെലവേറിയതോടെ പലരും ഇതുപേക്ഷിച്ചു.
പ്ലാസ്റ്റിക് വിമുക്ത പദ്ധതിക്ക് 12 വർഷം
ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ 2011 നവംബർ 14നാണ് പ്ലാസ്റ്റിക് വിമുക്ത പത്തനംതിട്ടക്ക് തുടക്കം കുറിച്ചത്. അന്നത്തെ കലക്ടറായിരുന്ന പി. വേണുഗോപാലിന്റെ ആശയമായിരുന്നു. തുടക്കത്തിൽ വിജയകരമായിരുന്ന പദ്ധതി പിന്നീട് പാളി.
പ്ലാസ്റ്റി കാരി ബാഗുകൾ പിൻവലിക്കുകയാണ് പദ്ധതിയിൽ ആദ്യ ലക്ഷ്യമിട്ടിരുന്നത്. ഇതിനെതിരെ തുടക്കത്തിൽ പ്രതിഷേധം ഉയർന്നിരുന്നെങ്കിലും വ്യാപാരികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ ബദൽ സംവിധാനം ഏർപ്പെടുത്താമെന്ന ജില്ല ഭരണകൂടത്തിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഇവരും പിന്നീട് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പേപ്പർ കാരി ബാഗുകളും തുണിസഞ്ചികളും വിപണിയിൽ എത്തിച്ചത്.
പ്ലാസ്റ്റിക്കിനെതിരെ പോരാട്ടം
ജില്ലയെ പ്ലാസ്റ്റിക് രഹിതമാക്കുക, കുടുംബശ്രീകൾ മുഖേന തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുക, മണ്ണിനെയും പരിസ്ഥിതിയെയും സംരക്ഷിക്കുക, ജലസ്രോതസ്സുകളെയും നദിയെയും സംരക്ഷിക്കുക, ലക്ഷക്കണക്കിന് തീർഥാടകർ എത്തുന്ന ശബരിമലയെ പ്ലാസ്റ്റിക് രഹിതമാക്കുക, വനസമ്പത്ത് സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്. പ്ലാസ്റ്റിക്കിന് ബദൽ സംവിധാനം ഏർപ്പെടുത്തൻ എട്ട് ബ്ലോക്ക് പഞ്ചായത്തിലും ഓരോ ക്ലോക്ക് കാരി ബാഗ് യൂനിറ്റുകൾക്കും രൂപം നൽകിയിരുന്നു. ഇതും പിന്നീട് അവഗണിക്കപ്പെട്ടു.
ജില്ലയിലേക്ക് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ എത്താതിരിക്കാൻ അതിർത്തികളിൽ നാല് സാനിറ്റേഷൻ ചെക്ക് പോസ്റ്റുകൾ തുറക്കാൻ തീരുമാനിച്ചെങ്കിലും ഇതും നടന്നില്ല. ശബരിമല തീർഥാടകരിൽനിന്ന് മാത്രമാണ് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ശേഖരിച്ചത്.
വിനോദ സഞ്ചാരികൾ ഉൾപ്പടെയുള്ളവരുടെ പക്കൽനിന്ന് പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വാങ്ങി പകരം പ്രകൃതിക്ക് ഇണങ്ങിയ ഉൽപന്നങ്ങൾ നൽകുകയായിരുന്നു ലക്ഷ്യം. പ്ലാസ്റ്റിക്കും മറ്റ് റീസൈക്കിൾ ചെയ്യാവുന്ന ഉൽപന്നങ്ങളും വില നൽകി വാങ്ങുന്നതിന് ഗ്രാമ, നഗര പ്രദേശങ്ങളിൽ 57 റിസോഴ്സ് റിക്കവറി സെന്ററുകൾ തുടങ്ങാൻ പദ്ധതിയിട്ടെങ്കിലും അട്ടിമറിക്കപ്പെട്ടു.
പാഴാകരുത്...കുന്നന്താനം പ്ലാസ്റ്റിക് പാഴ്വസ്തു സംസ്കരണ കേന്ദ്രം
പത്തനംതിട്ട: കുന്നന്താനം കിൻഫ്ര പാർക്കിൽ ക്ലീൻ കേരള കമ്പനിയും ജില്ല പഞ്ചായത്തും റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി തുടക്കമിട്ട ഇന്റഗ്രേറ്റഡ് പ്ലാസ്റ്റിക് പാഴ്വസ്തു സംസ്കരണ കേന്ദ്രം പ്രവർത്തന സജ്ജമാക്കുന്നതിലും പരാജയപ്പെട്ടു.
സർക്കാർ തദ്ദേശ സ്വയം ഭരണ വകുപ്പ്, ക്ലീൻ കേരള കമ്പനി, ജില്ല പഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഫാക്ടറി സജ്ജീകരിക്കുന്നത്. ജില്ല പഞ്ചായത്ത് 1.5 കോടി പദ്ധതിക്കായി നൽകിയിട്ടുണ്ട്. ബാക്കി തുക ക്ലീൻ കേരള കമ്പനിയുടേതാണ്. സംസ്കരണ കേന്ദ്രത്തിന്റെ ഫാക്ടറി കെട്ടിടം, ഗോഡൗൺ, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, വാട്ടർ ടാങ്ക് എന്നിവയുടെ നിർമാണം മാസങ്ങൾക്കു മുമ്പേ പൂർത്തീകരിച്ചതാണ്.
ഒരു ദിവസം അഞ്ച് ടൺ പ്ലാസ്റ്റിക് സംസ്കരിക്കാനുള്ള സംവിധാനമാണ് കുന്നന്താനത്ത് സജ്ജമാക്കുന്നത്. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യണാണ് തരംതിരിച്ച് സംസ്കരിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്.വിവിധ ഉൽപന്നങ്ങൾ നിർമിക്കുന്ന പ്ലാസ്റ്റിക് തരികളാക്കുന്നതടക്കം ആധുനിക യന്ത്രങ്ങളാണ് കമ്പനിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബറിൽ ഫാക്ടറി പ്രവർത്തന സജ്ജമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.പ്ലംബിങ്, ഇലക്ട്രിക്കൽ ജോലികളും പൂർത്തീകരിച്ചു. സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റും നിർമിച്ചിട്ടുണ്ട്.കൺവേയർ ബെൽറ്റ്, ഷ്രഡിങ്, ബെയിലിങ്, ഡെസ്റ്റ് റിമൂവർ, വാഷിങ് തുടങ്ങിയവക്കുള്ള യന്ത്രങ്ങൾ എത്തിക്കുന്നതിലെ കാലതാമസമാണ് പ്രവർത്തനം വൈകാൻ കാരണമെന്നു പറയുന്നു. യന്ത്രങ്ങൾ കഴിഞ്ഞയിടെയാണ് പൂർണമായി എത്തിയത്. ഇവ സ്ഥാപിച്ചുവരുകയാണെന്ന് ക്ലീൻകേരള കമ്പനി അധികൃതർ പറഞ്ഞു. ഒരു മാസത്തിനുള്ളിൽ ഇവയുടെ ട്രയൽ നടത്താനാകും. പിന്നാലെ സ്ഥാപനം പ്രവർത്തിച്ചു തുടങ്ങുമെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.