തൊഴിലാളി ദിനാഘോഷ വേളയിലും ആർക്കും വേണ്ടാതെ അന്തർ സംസ്ഥാന തൊഴിലാളികൾ
text_fieldsപത്തനംതിട്ട: ലോക തൊഴിലാളിദിനം ആഘോഷിക്കുന്ന വേളയിലും യൂനിയനുകൾക്കുപോലും വേണ്ടാതെ അന്തർ സംസ്ഥാന തൊഴിലാളികൾ. കൂലി, താമസസൗകര്യം തുടങ്ങിയവയിലെല്ലാം ഇതരസംസ്ഥാന തൊഴിലാളികളുടെ സ്ഥിതി ദയനീയമാണ്. ഇവരുടെ ദുരിതങ്ങൾ തൊഴിലാളി യൂനിയനുകളും കണ്ടില്ലെന്ന് നടിക്കുന്നു. ജില്ലയിൽ നിലവിൽ 12,000 അതിഥി തൊഴിലാളികൾ ജോലിചെയ്യുന്നുണ്ടെന്നാണ് തൊഴിൽ വകുപ്പിന്റെ കണക്കിൽ പറയുന്നത്.
നിർമാണ മേഖലയിലെ തൊഴിലാളികളാണ് ഇവരിലേറെപ്പേരും. സ്വന്തംനാട്ടിൽ ലഭിക്കുന്നതിലും കൂടുതൽ കൂലിയും തൊഴിൽസുരക്ഷിതത്വവും കേരളത്തിൽ ലഭിക്കുന്നുണ്ടെന്ന കാരണത്താലാണ് അന്തർ സംസ്ഥാന തൊഴിലാളികൾ ഇവിടേക്ക് കൂടുതലായി എത്തുന്നത്. കോവിഡ് കാലത്ത് ഇവരുടെ മടങ്ങിപ്പോക്ക് ഉണ്ടായെങ്കിലും അതേവേഗത്തിൽ അവരിൽ ഭൂരിഭാഗവും തിരികെയെത്തി.ഇൻഷുറൻസ് അടക്കമുള്ള സൗകര്യം സർക്കാർ അതിഥി തൊഴിലാളികൾക്കായി നൽകുന്നുണ്ട്. പക്ഷേ, തൊഴിലിടങ്ങളിൽ ഒരേജോലി ചെയ്താലും നാട്ടിലെ തൊഴിലാളിക്കും അതിഥി തൊഴിലാളിക്കും രണ്ട് രീതിയിലാണ് വേതനം നൽകുന്നത്.
ഇതര സംസ്ഥാന തൊഴിലാളികൾക്ക് എപ്പോഴും നാട്ടിലെ തൊഴിലാളികളെക്കാൾ വേതനം കുറവാണ് നൽകുക. കരാറുകാരുടെ ചൂഷണത്തിന് ഇവർ വിധേയരാകുന്നു. നാട്ടിൽ കൂടുതൽ തൊഴിൽ ലഭിക്കുന്നതിനായി ഇവരേറെപ്പേരും ആരുടെയെങ്കിലും കീഴിലാണ് പണിയെടുക്കേണ്ടിവരിക. ജില്ലയിലെ പ്രധാന ടൗണുകൾ കേന്ദ്രീകരിച്ച് എല്ലാദിവസവും രാവിലെ അതിഥി തൊഴിലാളികളുടെ കൂട്ടമുണ്ടാകും. രാവിലെ ജോലി തേടി ഇറങ്ങുന്നവരാണിവർ.
നിർമാണ മേഖലയിൽ സഹായികളായിട്ടാണ് ഇത്തരം തൊഴിലാളികളുടെ ആവശ്യംവരിക. റോഡ് നിർമാണം, ക്രഷറുകൾ, വ്യാപാര സ്ഥാപനങ്ങളിലടക്കം എല്ലാദിവസവും ജോലി ലഭിക്കത്തക്ക രീതിയിൽ ഇതരസംസ്ഥാനക്കാരെ ഉൾക്കൊള്ളിച്ചവരുമുണ്ട്. ഇവരുടെ താമസസൗകര്യം മെച്ചപ്പെടുത്തുന്നതിന് ഇവരുടെ താമസസ്ഥലങ്ങളിൽ ആരോഗ്യവകുപ്പിന്റേതടക്കം അധികൃതർ പരിശോധന നടത്താറുണ്ടെങ്കിലും അതെല്ലാം പ്രഹസനമാകുകയാണ്.
കരാറുകാരാണ് ഇവർക്ക് താമസസൗകര്യം ഒരുക്കുന്നത്. ദുരിതംപിടിച്ച നിലയിലാണ് ഇവരുടെ താമസസ്ഥലങ്ങൾ ഭൂരിഭാഗവും. മിക്കയിടത്തും ഭക്ഷണം പാകംചെയ്യൽ, ശൗചാലയം, കിടപ്പുമുറി എന്നിവയെല്ലാം അറപ്പുളവാക്കുന്ന നിലയിലാണ്.
വിവരശേഖരണം പാതിവഴിയിൽ
അന്തർ സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട തൊഴിൽ വകുപ്പിന്റെ നടപടികളും പാതിവഴിയിൽ തടസ്സപ്പെട്ടിരിക്കുകയാണ്. ലേബർ ക്യാമ്പുകൾ അടക്കം കയറിയിറങ്ങി വിവരശേഖരണം നടത്തിയിരുന്നു. തൊഴിലാളികൾക്ക് നിരവധി സഹായപദ്ധതികളും ഇൻഷുറൻസുമെല്ലാം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ലേബർ ക്യാമ്പുകളിൽ കൂട്ടമായി താമസിക്കുന്ന ഇവരിൽ നല്ലൊരുപങ്കും ഇപ്പോഴും ആനുകൂല്യങ്ങൾക്ക് പുറത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.