ഉൾനാട്ടിൽ ഇന്‍റർനെറ്റ്: പ്രാരംഭ നടപടിയായി
text_fieldsപത്തനംതിട്ട: എല്ലാ ഉൾനാടൻ പ്രദേശങ്ങളിലും ഇന്‍റർനെറ്റ് ലഭ്യമാക്കുന്ന മിഷന്‍ 500: 4 ജി കവറേജ് പദ്ധതിയുടെ ജില്ലതല പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായി. ജില്ലയിൽ ആദ്യഘട്ടവുമായി ബന്ധപ്പെട്ട് വേലംപ്ലാവ്, കോട്ടംപാറ, ഗവി, മൂഴിയാര്‍ തുടങ്ങിയ ആദിവാസി മേഖലകളിലാണ് പദ്ധതി നടപ്പാക്കുക. ഇതിനായി സ്ഥലമെടുപ്പ് പൂര്‍ത്തിയായി.
അധികമായി കണ്ടെത്തിയ 28 സ്ഥലങ്ങളിൽ പരിശോധന നടത്തും. ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി ഇല്ലാത്ത എല്ലാ ഗ്രാമങ്ങള്‍ക്കും 4 ജി/5 ജി കണക്റ്റിവിറ്റി നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് ഫോര്‍ ജി സാച്വറേഷന്‍. 500 ദിവസത്തിനുള്ളിൽ പദ്ധതി നടപക്കാണമെന്നാണ് നിർദേശം.
ബി.എസ്.എന്‍.എല്ലാണ് നിര്‍വഹണ ഏജന്‍സിയെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ഇത് സംബന്ധിച്ച യോഗത്തിൽ ജില്ല പട്ടികവര്‍ഗ വികസന ഓഫിസര്‍ എസ്.എസ്. സുധീര്‍, കോന്നി തഹസില്‍ദാര്‍ ടി. ബിനുരാജ്, ബി.എസ്.എന്‍.എല്‍ എ.ജി.എമ്മുമാരായ മഹേഷ് പി. നായര്‍, ജി. ജെയിന്‍, കോന്നി ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ബി. സുന്ദരന്‍, ഹാരിസണ്‍ മലയാളം സീനിയര്‍ മാനേജര്‍ ഷിജോയ് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
കൈയേറ്റക്കാരും കലക്ടറുടെ യോഗത്തിൽ
പത്തനംതിട്ട: ജില്ലയിൽ 9000 ഏക്കറോളം ഭൂമി കൈയേറിയെന്ന് സർക്കാർ വാദിക്കുന്ന ഹാരിസൺ മലയാളം കമ്പനി പ്രതിനിധിയും കലക്ടറേറ്റിൽ കലക്ടർ വിളിച്ച 4 ജി കവറേജ് പദ്ധതി യോഗത്തിൽ പങ്കെടുത്തു. പ്രത്യേക ക്ഷണിതാവായാണ് ഹാരിസൺ സീനിയർ മാനേജറെ പങ്കെടുപ്പിച്ചത്. പത്തനംതിട്ട മുൻസിഫ് കോടതിയിൽ സർക്കാർ പ്രതിനിധിയായ കലക്ടറാണ്, ഹാരിസൺ കൈയേറ്റക്കാരാണെന്ന് വാദിച്ച് കേസ് നടത്തുന്നത്.
പുറമെ കേസ് ഉള്ളപ്പോഴും അണിയറയിൽ ഹാരിസണുമായി ഒത്തുകളിച്ച് കേസുകൾ തോറ്റുകൊടുക്കുന്നെന്ന ആരോപണം നിലനിൽക്കെയാണ് സർക്കാർ യോഗത്തിൽ പ്രത്യേക ക്ഷണിതാവ് പദവി നൽകി പങ്കെടുപ്പിച്ചത്. 4 ജി കവറേജ് പദ്ധതിയിൽ വരുന്ന വേലംപ്ലാവിൽ ഹാരിസണിന്‍റെ കൈവശമിരിക്കുന്ന സർക്കാർ ഭൂമിയിൽ മൊബൈൽ ടവർ സ്ഥാപിക്കാനുള്ള അനുമതിക്കായാണ് കമ്പനി സീനിയർ മാനേജറെ വിളിച്ചുവരുത്തിയത്. ഇവിടെ അഞ്ച് സെന്‍റ് ഭൂമി മാത്രമാണ് ടവർ സ്ഥാപിക്കാൻ വേണ്ടിവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.