ജനറൽ ആശുപത്രിയിൽ സംഭാവന തുകയിൽ ക്രമക്കേട്
text_fieldsപത്തനംതിട്ട: ജില്ല ആസ്ഥാനത്തെ ജനറൽ ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ, ഒ.പി ബ്ലോക്കുകളുടെ നിർമാണോദ്ഘാടന ചെലവിന് സംഭാവനയായി ലഭിച്ച അര ലക്ഷം രൂപയിൽ ക്രമക്കേട് നടന്നു. ഫെബ്രുവരി 26ന് നടന്ന ചടങ്ങിന്റെ ചെലവിന് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡും ( എച്ച്.എൽ.എൽ) സ്വകാര്യ ലാബും കൂടി 50,000 രൂപ നൽകിയതായി ആശുപത്രി രേഖകളിലുണ്ട്. കഴിഞ്ഞമാസം 12ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്റെ അധ്യക്ഷതയിൽ ചേർന്ന ആശുപത്രി മാനേജിങ് കമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച കണക്കുകൾ അംഗീകരിച്ചു. എന്നാൽ, പത്തനംതിട്ട നഗരസഭ മുൻ വൈസ് ചെയർമാൻ പി.കെ. ജേക്കബിന് വിവരാവകാശ നിയമപ്രകാരം ആശുപത്രിയിൽനിന്ന് ഈമാസം ഏഴിന് ലഭിച്ച മറുപടിയിൽ എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ് 20,000 രൂപയും സ്വകാര്യ ലാബ് 30,000രൂപയും നൽകാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നു മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആശുപത്രി രേഖയിൽ സംഭാവനയായി 50,000 രൂപ ലഭിച്ചെന്നും വിവരാവകാശ രേഖയിൽ പണം നൽകാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും പറയുന്നത് സാമ്പത്തിക ക്രമക്കേട് നടന്നതിന്റെ സൂചനയാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. കെട്ടിടം നിർമാണോദ്ഘാടനത്തിന് 2.31ലക്ഷം രൂപ ചെലവായെന്ന് മിനിറ്റ്സിൽ പറയുന്നു. ഇതിന്റെ ഒരു ഭാഗം കരാറുകാരൻ നൽകാമെന്ന് ഉറപ്പ് നൽകിയെങ്കിലും പണം ലഭിച്ചില്ല. ചെലവിനത്തിൽ പലർക്കും പണം കൊടുക്കാനുണ്ടെന്നും മിനിറ്റ്സിലുണ്ട്. സ്റ്റേജിന്റെ ചെലവ്, കല്ലിടൽ തുടങ്ങിയവക്ക് ഭീമമായ തുകയാണ് കാണിച്ചതെന്നും ആരോപണമുണ്ട്.
വിജിലൻസിന് പരാതി നൽകും
‘നിർമാണോദ്ഘാടന ചടങ്ങിന്റെ ചെലവ് ഇനത്തിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് വിജിലൻസിന് തെളിവ് സഹിതം പരാതി നൽകും’ - പി.കെ.ജേക്കബ്, നഗരസഭ മുൻ വൈസ് ചെയർമാൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.