കുടുംബശ്രീ പദ്ധതികളുടെ മറവിൽ ലക്ഷങ്ങളുടെ തട്ടിപ്പെന്ന് സൂചന
text_fieldsതിരുവല്ല: ഇടതുമുന്നണി ഭരിക്കുന്ന നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ പദ്ധതികളുടെ മറവിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതായി സൂചന.
കഴിഞ്ഞദിവസം പഞ്ചായത്ത് ഓഫിസിലെത്തിയ കുടുംബശ്രീ ജില്ല മിഷൻ ഓഡിറ്റ് വിഭാഗം 2013 മുതലുള്ള പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച ഫയലുകളും മറ്റ് രേഖകളും പരിശോധനക്കായി കൊണ്ടുപോയിട്ടുണ്ട്.
നടപ്പിലാക്കാത്ത കുടുംബശ്രീ പദ്ധതികളുടെയും സംരംഭങ്ങളുടെയും പേരിൽ അനുവദിച്ച ലക്ഷക്കണക്കിന് രൂപ സി.ഡി.എസ് ചെയർപേഴ്സനും മുൻ വി.ഇ.ഒയും തങ്ങളുടെ അക്കൗണ്ടുകളിലേക്ക് മാറ്റി എന്ന ആരോപണമാണ് പ്രതിപക്ഷ കക്ഷികൾ ഉയർത്തുന്നത്. 2021 മുതലുള്ള കാലഘട്ടത്തിലാണ് ഫണ്ടുകളിൽ ക്രമക്കേട് നടന്നതെന്നാണ് ലഭിക്കുന്ന വിവരം.
സി.ഡി.എഫിന്റെ പഞ്ചായത്ത് കമ്മിറ്റി അടിയന്തരമായി വിളിച്ചുചേർക്കാൻ ജില്ല മിഷൻ ഒരാഴ്ച മുമ്പ് ആവശ്യപ്പെട്ടെങ്കിലും ചെയർപേഴ്സൻ അടക്കമുള്ളവർ അതിന് തയാറായിട്ടില്ല.
ഫണ്ട് വിനിയോഗം സംബന്ധിച്ച് കുടുംബശ്രീ ജില്ല മിഷൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കുടുംബശ്രീയുടെ ഫണ്ട് വിനിയോഗം അടക്കമുള്ള പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് സി.ഡി.എസ് ചെയർപേഴ്സനും വി.ഇ.ഒയും ആണെന്നും ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ട് ഇതുവരെയും ലഭിച്ചിട്ടില്ലെന്നും ലഭിക്കുന്ന മുറയ്ക്ക് തുടർനടപടി സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.