പത്തനംതിട്ടയിൽ ഐ.ടി പാർക്ക്
text_fieldsപത്തനംതിട്ട: ജില്ല കേന്ദ്രമായ പത്തനംതിട്ട നഗരത്തിൽ അർബൻ ഐ.ടി പാർക്ക് ആൻഡ് ആർട്ടിഫിഷൽ ഇന്റലിജന്റ് ടെക് ടവർ നിർമിക്കാൻ വികസന സെമിനാറിൽ നിർദേശം. നഗരസഭ വികസന സെമിനാറിലാണ് നഗരത്തിന്റെ മുഖം മാറ്റുന്ന വിവിധ പദ്ധതികൾക്ക് അംഗീകാരമായത്.
നഗരത്തിന്റെ ഹൃദയഭാഗത്തെ പഴയ സ്വകാര്യ ബസ്സ്റ്റാൻഡിലാണ് ഐ.ടി പാർക്ക് വിഭാവനം ചെയ്തിട്ടുള്ളത്. ശബരിമല ഇടത്താവളത്തിൽ ഇന്റർനാഷനൽ പിൽഗ്രിം ട്രാൻസിറ്റ് ഹബ് ആൻഡ് ഹൈടെക് കൺവെൻഷൻ സെന്റർ തുടങ്ങാനുള്ള പദ്ധതിയും ആലോചനയിലാണ്.
വിനോദത്തിനും വിശ്രമത്തിനുമായി ഹാപ്പിനസ് പാർക്ക്, നഗരസൗന്ദര്യവത്കരണം രണ്ടാംഘട്ടം, ഹാജി സി. മീര സാഹിബ് സ്മാരക ബസ്സ്റ്റാൻഡ് ടെർമിനലിനെ ആധുനീകരിച്ച് പ്രധാന വ്യാപാര വാണിജ്യ കേന്ദ്രമാക്കി മാറ്റുക തുടങ്ങിയവയും നിർദേശിക്കപ്പെട്ടു. നഗരസഭയുടെ 2024-25 സാമ്പത്തിക വർഷത്തെ വികസന സെമിനാർ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. നഗരത്തിന്റെ ഭാവി വികസനം മുൻനിർത്തിയ പദ്ധതികളാണ് വികസന സെമിനാറിലൂടെ ഉരുത്തിരിയുന്നത്. ജില്ല ആസ്ഥാനമെന്ന നിലയിൽ മാതൃകയാക്കാവുന്ന തരത്തിലുള്ള വികസനപ്രവർത്തനങ്ങൾക്കാണ് ഭരണസമിതി ലക്ഷ്യംവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.ആർ. അജിത്കുമാർ അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി ചെയർപേഴ്സൻ ആമിന ഹൈദരലി, ജില്ല ആസൂത്രണ സമിതി അംഗം പി.കെ. അനീഷ്, പ്രതിപക്ഷ നേതാവ് കെ. ജാസിംകുട്ടി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.കെ. ദേവാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.