ജൽ ജീവൻ പദ്ധതി; കുഴികൾ ഭീഷണിയാകുന്നു
text_fieldsകോന്നി: താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ജൽ ജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട് പൈപ്പ് ലൈൻ സ്ഥാപിക്കാൻ കുത്തിപ്പൊളിച്ച റോഡിലെ കുഴികൾ ശരിയായരീതിയിൽ മൂടാത്തത് അപകടങ്ങൾക്ക് വഴിയൊരുക്കുന്നുവെന്ന് കോന്നി താലൂക്ക് വികസന സമിതിയിൽ ആക്ഷേപമുയർന്നു.
കോന്നിയിലെ വിവിധ പഞ്ചായത്തുകളിൽ പദ്ധതിക്ക് പൈപ്പ് സ്ഥാപിക്കാൻ എടുത്ത പഞ്ചായത്ത് റോഡ് വശങ്ങളിലെ കുഴികൾ ശരിയായ രീതിയിൽ മൂടാത്തതുമൂലം നിരവധി വാഹനങ്ങളാണ് അപകടത്തിൽപെട്ടത്.
എന്നാൽ, പഞ്ചായത്ത് റോഡുകളിൽ പൈപ്പ് സ്ഥാപിക്കാൻ കുഴിയെടുക്കുമ്പോൾ അനുവാദം ചോദിച്ചിട്ടില്ലെന്നും പഞ്ചായത്ത് പ്രതിനിധികൾ അറിയിച്ചു. കല്ലേലി-കുളത്തുമൺ റോഡിൽ ജല അതോറിറ്റി കുഴിച്ച കുഴികൾ അപകടക്കെണിയാകുന്നു.
പേരൂർകുളം സ്കൂളിന്റെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കണം. കോന്നിയിൽ മോട്ടോർ വാഹന വകുപ്പിന്റെ ഡ്രൈവിങ് ടെസ്റ്റിന് സ്ഥലം ഇല്ല. സ്ഥലം വിട്ടുകിട്ടിയാൽ ഇത് ഉടൻ നടപ്പാക്കാൻ കഴിയുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. കോന്നി എലിയറക്കലിൽ സ്വകാര്യ വ്യക്തി ടിപ്പർ ലോറികൾ റോഡിലിട്ട് ടയർ അറ്റകുറ്റപ്പണി നടത്തുന്നത് വലിയ അപകട ഭീഷണി ഉയർത്തുന്നുണ്ട്.
ഇത് പരിഹരിക്കപ്പെടണം. വകയാർ എട്ടാം കുറ്റിയിൽ അപകടങ്ങൾ നടക്കുന്ന ഭാഗത്ത് റോഡിൽ മതിയായ സുരക്ഷ ഉറപ്പാക്കണം. അരുവാപ്പുലം പഞ്ചായത്തിലെ പടപ്പക്കൽ-കൊല്ലൻപടി റോഡിൽ ജല അതോറിറ്റി പൈപ്പ് ലൈനിൽ കുടിവെള്ളം ലഭ്യമാകുന്നില്ലെന്ന് അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് പറഞ്ഞു.
ജൽ ജീവൻ പദ്ധതി ടാങ്ക് വരുന്ന ഊട്ടുപാറയിൽ പുതിയ പാറമട അനുവദിക്കരുതെന്നും യോഗത്തെ അറിയിച്ചു. കെ.എസ്.ആർ.ടി.സി ജീവനക്കാർ യാത്രക്കാരോട് മോശമായി പെരുമാറുന്നത് ഒഴിവാക്കണം.
കോന്നി താലൂക്ക് ആശുപത്രി പരിസരത്ത് തെരുവുനായ് ശല്യം രൂക്ഷമാണ്. ഈ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണം. ആശുപത്രിയിലെത്തുന്ന രോഗികൾക്കുപോലും തെരുവുനായ്ക്കൾ ഭീഷണിയായി മാറുന്നുണ്ട്. വകയാർ കുളത്തിങ്കൽ ഭാഗത്ത് റോഡിൽ സ്വകാര്യ ബസുകൾ അടക്കം പാർക്ക് ചെയ്യുന്നത് അപകട ഭീഷണിയാകുന്നു. കോന്നി നഗരത്തിൽ അശാസ്ത്രീയ രീതിയിൽ നോ പാർക്കിങ് ബോർഡുകൾ സ്ഥാപിച്ച് വാഹന ഉടമകൾക്ക് പിഴ ഈടാക്കുന്ന നടപടി അവസാനിപ്പിക്കണം. കുളത്തിങ്കൽ പേരൂർകുളം സ്കൂൾ നിർമാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കണം.
എന്നാൽ, കെട്ടിടം നിർമിക്കാൻ ഉദ്ദേശിക്കുന്ന ഭൂമിക്ക് ഉറപ്പ് കുറവാണെന്നും തിരുവനന്തപുരത്തുനിന്ന് സ്ട്രക്ചർ ഡ്രോയിങ് ലഭിക്കുന്ന മുറക്ക് മാത്രമേ ഇത് പൂർത്തിയാക്കാൻ സാധിക്കൂ എന്നും അധികൃതർ മറുപടി നൽകി. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. അമ്പിളി അധ്യക്ഷത വഹിച്ചു. കോന്നി തഹസിൽദാർ കെ. മഞ്ജുഷ, കോന്നി പഞ്ചായത്ത് പ്രസിഡന്റ് ആനി സാബു, തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് ഷാജി കെ. ശാമുവൽ, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, വികസനസമിതി അംഗങ്ങൾ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.