വിശപ്പടക്കാനാകാതെ ജനകീയ ഹോട്ടലുകൾ
text_fieldsപത്തനംതിട്ട: കുടുംബശ്രീകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ആരംഭിച്ച ജനകീയ ഹോട്ടലുകളുടെ പ്രവർത്തനം അവതാളത്തിൽ. 2019-20ലെ സംസ്ഥാന ബജറ്റിൽ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് ഇവ തുടങ്ങിയത്. 20 രൂപക്ക് ഉച്ചയൂണ് നൽകാനാണ് ജനകീയ ഹോട്ടൽ തുടങ്ങിയത്.
ജില്ലയിലെ നഗരസഭകളിലും പഞ്ചായത്തുകളിലുമായി 57 ഹോട്ടലാണ് ആരംഭിച്ചത്. ഇതിൽ 30ഓളം എണ്ണം ഇപ്പോൾ പൂട്ടിയ നിലയിലാണ്. അവശേഷിക്കുന്ന എതാനും ഹോട്ടലുകൾ ഏതുസമയത്തും പൂട്ടാം.
ഒരു ഊണിന് സബ്സിഡിയായി കുടുംബശ്രീ മിഷൻ പത്ത് രൂപയാണ് അനുവദിച്ചത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ അരി വാങ്ങി നൽകണമെന്നുണ്ടെങ്കിലും ഭൂരിഭാഗം കുടുംബശ്രീകളും സ്വന്തം ചെലവിലാണ് അരിയും പച്ചക്കറികളും മറ്റു സാധനങ്ങളും വാങ്ങിയത്. കുടുംബശ്രീയിൽനിന്നും ലോണെടുത്താണ് ഫർണിച്ചറും പാത്രങ്ങളുമൊക്കെ വാങ്ങിയത്. കുടുംബശ്രീയുടെ സബ്സിഡി തുക ക്യത്യമായി ലഭിക്കാതായതും സാധനങ്ങളുടെ വില വർധനയും പ്രവർത്തനം നിലക്കാൻ ഇടയാക്കി. ചിലയിടങ്ങളിൽ കെട്ടിട സൗകര്യം സൗജന്യമായി പഞ്ചായത്തുകൾ ഒരുക്കിക്കൊടുത്തിരുന്നു. മറ്റിടങ്ങളിൽ വാടകക്കെട്ടിടത്തിലാണ് പ്രവർത്തനം.
ലോക്ഡൗൺ കാലത്ത് സമൂഹ അടുക്കളയായി പ്രവർത്തിച്ചിരുന്നു. പച്ചക്കറികൾ, എണ്ണ, അരി, മറ്റ് പലവ്യഞ്ജനങ്ങൾ, ഗ്യാസ് എന്നിവക്ക് വില വർധിച്ച സാഹചര്യത്തിൽ വലിയ സാമ്പത്തിക നഷ്ടമാണ് നടത്തിപ്പുകാർ നേരിടേണ്ടി വരുന്നത്. കുടുംബശ്രീ അംഗങ്ങളായ ആറും ഏഴും പേർ ചേർന്നാണ് ഹോട്ടലുകൾ നടത്തുന്നത്. വരുമാനം പങ്കിട്ടെടുക്കുമ്പോൾ തുച്ഛമായ ലാഭമേ ഇവർക്ക് ലഭിക്കൂ. മിക്കപ്പോഴും വീതിച്ചെടുക്കാൻ ഒന്നും കാണില്ല. സാധനങ്ങൾ വാങ്ങാൻതന്നെ വലിയൊരു തുക ചെലവാകും.
പാർസൽ പൊതിക്ക് 25 രൂപയും ഹോട്ടലിൽ ഇരുന്ന് കഴിക്കാൻ 20 രൂപയുമാണ് വാങ്ങുന്നത്. നിലവിൽ മോരും സാമ്പാറും തോരനും അച്ചാറുമാണ് ഉച്ചയൂണിന് ഉൾപ്പെടുത്തിയിരിക്കുന്നത്. വരുമാനം കൂട്ടാൻ സ്പെഷലായി മീനും ഇറച്ചിയും ചിലയിടത്ത് നൽകും. അത് സാധാരണ ഹോട്ടലിലെ നിരക്കിലാണ് നൽകുക.
സർക്കാറിന്റെ പ്രതിച്ഛായ കൂട്ടാൻ നാട്ടുകാർക്ക് 20 രൂപക്ക് ഊണ് വിളമ്പി തങ്ങൾ വഴിയാധാരമായെന്ന് ജനകീയ ഹോട്ടൽ നടത്തിപ്പുകാർ പറഞ്ഞു.
കുടുംബശ്രീ മുഖേനയെടുത്ത വായ്പ അടക്കാനും വിഷമിക്കുകയാണ്. ഹോട്ടൽ നടത്തിപ്പിന് സാധനം വാങ്ങിയ വകയിൽ വലിയ തുക ബാധ്യതയുള്ളതായും അവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.