പത്തനംതിട്ട ജില്ലയിൽ പര്യടനം പൂർത്തിയാക്കി ജനകീയ പ്രതിരോധ ജാഥ
text_fieldsപത്തനംതിട്ട: കൊടുംചൂടിലും തളരാത്ത പ്രവർത്തകരുടെ ആവേശം ഏറ്റുവാങ്ങി രണ്ടുദിവസത്തെ പര്യടനം പൂർത്തിയാക്കി സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥ കൊല്ലത്തേക്കുകടന്നു. പാർട്ടിയിൽ പ്രത്യയശാസ്ത്ര ക്ലാസുകൾ എടുത്തിരുന്ന എം.വി. ഗോവിന്ദനാകട്ടെ പൊതുയോഗങ്ങൾ കമ്യൂണിസ്റ്റ്- മാർക്സിസ്റ്റ് അടിത്തറ പാകാനാണ് ഉപയോഗിച്ചത്. കടികട്ടി വാക്കുകളിലെ തന്റെ പ്രസംഗം ഇവിടുത്തെ പത്രപ്രവർത്തകർക്ക്മനസ്സിലാകുന്നില്ലെങ്കിലും ജനങ്ങൾക്ക് മനസ്സിലാകുന്നുണ്ടെന്ന സ്വയം വിമർശനം മറ്റൊരാളിലൂടെ പറയാനും അദ്ദേഹം രണ്ടാംദിവസത്തെ ആദ്യ യോഗം ഉപയോഗിച്ചു. ആലപ്പുഴയിൽനിന്ന് തിങ്കളാഴ്ച ജില്ലയിലേക്ക് പ്രവേശിച്ച ജാഥക്ക് ആദ്യദിവസം തിരുവല്ലയിലാണ് സ്വീകരണം നൽകിയത്.
തുടർന്ന് കോഴഞ്ചേരി വഴി റാന്നിയിലെത്തി രാത്രി ഒമ്പത് മണിയോടെ പൊതുസമ്മേളനം സമാപിച്ചു. രണ്ടാംദിവസമായ ചൊവ്വാഴ്ച 11 മണിയോടെ പത്തനംതിട്ടയിൽ നൽകിയ സ്വീകരണം ശക്തിപ്രകടനമായി മാറി. തുറന്ന ജീപ്പിലാണ് ജാഥ ക്യാപ്റ്റൻ എം.വി. ഗോവിന്ദനെ സ്വീകരിച്ചത്. മന്ത്രി വീണ ജോർജ്, സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം എന്നിവർ അനുഗമിച്ചു. ആവണിപ്പാറ ആദിവാസി കോളനിയിലെ ഊരുമൂപ്പൻ അച്യുതനും വാർഡ് അംഗം പി. സിന്ധുവും ഓലത്തൊപ്പി അണിയിച്ചു. സ്വീകരണ യോഗത്തിൽ ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ജെ. അജയകുമാർ അധ്യക്ഷതവഹിച്ചു.
അടൂർ: അടൂരിൽ നൽകിയ സ്വീകരണത്തിൽ സംഘാടക സമിതി ചെയർമാൻ കെ.യു. പ്രസന്നകുമാരൻ ഉണ്ണിത്താൻ അധ്യക്ഷതവഹിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ പി.ബി. ഹർഷകുമാർ, ജില്ല സെക്രട്ടേറിയറ്റ് അംഗം ടി.ഡി. ബൈജു, ഏരിയ സെക്രട്ടറി എസ്. മനോജ്, പന്തളം ഏരിയ സെക്രട്ടറി ആർ. ജ്യോതികുമാർ, എ.എൻ. സലീം, കെ. കുമാരൻ, ആർ. തുളസീധരൻപിള്ള, കെ.കെ. ശ്രീധരൻ, ലസിത നായർ, നഗരസഭ ചെയർപേഴ്സൻ ദിവ്യ റെജി മുഹമ്മദ് എന്നിവർ പങ്കെടുത്തു.യാക്കോബായ സഭ കൊല്ലം ഭദ്രാസനാധിപൻ മാത്യൂസ് മോർ തേവോദോസിയോസ് മെത്രാപ്പോലീത്തയും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.