പൂങ്കാവനത്തിലേക്ക് കാടറിഞ്ഞ് യാത്ര
text_fieldsശബരിമല: പമ്പയില്‍നിന്ന് ശബരീശ സന്നിധിയിലേക്കുള്ള യാത്രയില്‍ പശ്ചിമഘട്ട മലനിരകളില്‍ അത്യപൂര്‍വമായി കാണുന്ന ആയിരക്കണക്കിന് വന്മരങ്ങളാണ് തലയുയര്‍ത്തി നില്‍ക്കുന്നത്. അയ്യപ്പന്റെ പൂങ്കാവനത്തിലേക്ക് ഭക്തരുടെ യാത്ര കാടറിവുകൾ അനുഭവിച്ചുകൂടിയാണ്. എത്ര ആസ്വദിച്ചാലും മതിവരാത്തതാണ് പൂങ്കാവനത്തിന്റെ വശ്യസൗന്ദര്യം.
നൂറുകണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ആയിരക്കണക്കിന് വന്മരങ്ങളാണ് വനത്തില്‍ വളരുന്നത്. ശരണപാതയിലും വന്മരങ്ങളുടെ നീണ്ട നിരതന്നെ ഉണ്ട്. അഗസ്ത്യാര്‍കൂടം മലനിരകളിലേതുപോലെ നിരവധി ഔഷധ സസ്യങ്ങളുടെ കേന്ദ്രം കൂടിയാണ് ശബരിമല. തീർഥാടകരിൽ പലർക്കും ഇതേക്കുറിച്ചുള്ള അറിവുകൾ അന്യമാണ്.
പമ്പയില്‍നിന്ന് സന്നിധാനത്തേക്കുള്ള പാതയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കല്‍മാണിക്യം, മുളവ്, കാരാഞ്ഞിലി, 30 മീറ്ററില്‍ അധികം ഉയരത്തില്‍ വളരുന്ന പുന്നപയില്‍, മടക്ക, വെള്ള അകില്, കറുത്ത അകില്, ചീനി, കമ്പകം, പമ്പരം, അമ്പഴം, പൂഞ്ഞാവ്, കടുക്ക, വെള്ള കുന്തിരിക്കം, കറുത്ത കുന്തിരിക്കം, തേക്ക്, ഈട്ടി, കരിവീട്ടി, രുദ്രാക്ഷം, ഭദ്രാക്ഷം തുടങ്ങി മുന്നൂറിലധികം ഇനങ്ങളിൽപെട്ട വൃക്ഷങ്ങളുണ്ട്. പമ്പയിൽനിന്ന് ശരണപാതയിലുള്ള ഓരോ വൃക്ഷത്തിലും അവയുടെ പേരും ശാസ്ത്രീയനാമവും അടക്കം വനം വകുപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. മരങ്ങള്‍ നേരിട്ടുകണ്ട് തിരിച്ചറിയാനും മനസ്സിലാക്കാനുമാണ് ഓരോ മരത്തിലും പേര് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.