കെ-ഫോൺ വീടുകളിലേക്ക്
text_fieldsപത്തനംതിട്ട: കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ്വർക് (കെ-ഫോൺ) പദ്ധതിയിൽ ജില്ലയിൽ ജൂലൈ ആദ്യവാരം മുതൽ ഇന്റർനെറ്റ് കണക്ക്ഷനുകൾ നൽകി തുടങ്ങും. ഇതിനുള്ള സജ്ജീകരണം പൂർത്തിയായി. സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പുറമെ വീടുകളിലേക്കും കണക്ഷൻ നൽകാൻ ഒരുക്കമായി. ഇപ്പോൾ പത്തനംതിട്ട നഗരത്തിലെ ചില സർക്കാർ ഓഫിസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ കെ-ഫോൺ കണക്ഷൻ നൽകിയിട്ടുണ്ട്. അത് വിജയമായതിനെ തുടർന്ന് ജൂലൈ ഒന്നുമുതൽ വ്യാപകമായി കണക്ഷനുകൾ നൽകി തുടങ്ങാനാണ് നീക്കം. കേബിളുകൾ സ്ഥാപിക്കുന്ന ജോലി 92 ശതമാനം പൂർത്തിയായി. എട്ടിടത്ത് വൈദ്യുതി ബോർഡ് സബ്സ്റ്റേഷനുകളിൽ സെർവറുകൾ സ്ഥാപിച്ചു. മൂന്നിടത്തുകൂടി ഇനി സ്ഥാപിക്കാനുണ്ട്. ജില്ലയിൽ 154 കിലോമീറ്ററാണ് കേബിൾ ഇടുന്നത്. ജൂലൈ ആദ്യവാരം 1385 സ്ഥാപനങ്ങളിൽ കണക്ഷൻ ലഭ്യമാക്കും.
ജില്ലയിൽ 500 കുടുംബങ്ങൾക്ക് കണക്ഷൻ ഒന്നര ജി.ബി ഡേറ്റയാണ് ഉപയോഗിക്കാൻ കഴിയുക
ഒരു നിയോജക മണ്ഡലത്തിൽ 100 ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യ കണക്ഷൻ ലഭ്യമാക്കും. ഇതനുസരിച്ച് ജില്ലയിൽ 500 കുടുംബങ്ങൾക്ക് ആദ്യഘട്ടത്തിൽ കണക്ഷൻ ലഭിക്കും. വീടുകളിൽ ഇതിനായി മോഡം സ്ഥാപിക്കും. സെക്കൻഡിൽ 10 മുതൽ 15 എം.ബിവരെ സ്പീഡാകും വീടുകളിൽ ലഭിക്കുക. ഒന്നര ജി.ബി ഡേറ്റയാണ് ഉപയോഗിക്കാൻ കഴിയുക. ബി.പി.എൽ കുടുംബങ്ങളുടെ വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തുകൾക്ക് സർക്കാർ അറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പട്ടിക പ്രാദേശിക കേബിൾ ഓപറേറ്റർമാർക്കും ഇന്റർനെറ്റ് സേവനദാതാക്കൾക്കും കൈമാറും. ഒന്നിലേറെ കുട്ടികളുള്ള വീടുകൾക്കാണ് ആദ്യം മുൻഗണന നൽകുക. ബി.പി.എൽ അല്ലാത്ത വീടുകളിൽ കണക്ഷൻ നൽകിയാൽ അതിന്റെ നിരക്ക് എത്രയെന്ന് തീരുമാനിക്കപ്പെട്ടിട്ടില്ല.
വീടുകളിൽ ബാൻഡ് വിഡ്ത് സേവനം നൽകാനുള്ള കമ്പനിയെ കണ്ടെത്തുന്നതിനും ടെൻഡർ നടപടികൾ പൂർത്തിയായി. വീടുകളിൽ കണക്ഷൻ നൽകുന്നതിന് ഐ.പി, ഐ.എസ്.പി ലൈസൻസ് ആവശ്യമാണ്. അതിനുള്ള അപേക്ഷ കെ-ഫോൺ കേന്ദ്രസർക്കാറിൽ സമർപ്പിച്ചിട്ടുണ്ട്. രണ്ടാഴ്ചക്കകം ലൈസൻസ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവരെ തൽക്കാലം പവർഗ്രിഡ് വഴിയുള്ള സേവനം ഉറപ്പാക്കും. ഐ.എസ്.പി ലൈസൻസ് സ്വന്തമാക്കുന്നതോടെ ഏതു വ്യക്തിക്കും സ്ഥാപനത്തിനും ഇന്റർനെറ്റ് കണക്ഷൻ നൽകാനുള്ള നിയമസാധുത കെ-ഫോണിനു ലഭിക്കും. ടെലികോം കമ്പനികളിൽനിന്ന് ബാൻഡ് വിഡ്ത് വാങ്ങി, നിരക്ക് ഈടാക്കി സേവനം നൽകാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.