ജില്ലയിൽ കെ-റെയിൽ കല്ലിടൽ 30ന്; തുടക്കം നീർവിളാകത്ത്
text_fieldsപത്തനംതിട്ട: ജില്ലയിൽ കെ-റെയിൽ കല്ലിടൽ 30ന് ആരംഭിക്കും. ആറന്മുള പഞ്ചായത്തിലെ നീർവിളാകത്ത് കല്ലിടൽ തുടങ്ങാൻ കലക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു. ദിവസവും ഒരു കിലോമീറ്റർ പ്രദേശത്ത് കല്ലുകൾ സ്ഥാപിക്കും. കലക്ടർ ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കല്ലിടൽ തീയതി പ്രഖ്യാപിച്ചത്. കളമശ്ശേരി ആസ്ഥാനമായ സ്വകാര്യ ഏജൻസിയാണ് കല്ലിടുന്നതിന് കരാർ എടുത്തിരിക്കുന്നത്.
കെ-റെയിൽ കടന്നുപോകുന്ന തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡന്‍റുമാർ, പൊലീസ് ഉദ്യോഗസ്ഥർ, കെ-റെയിൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
യു.ഡി.എഫ്, ബി.ജെ.പി ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡന്‍റുമാർ ജനകീയ പ്രതിഷേധം മറികടന്ന് പദ്ധതി നടപ്പാക്കാനാവില്ലെന്ന് യോഗത്തിൽ അറിയിച്ചു. കലക്ടർ വിളിച്ചതുകൊണ്ടാണ് യോഗത്തിന് എത്തിയതെന്ന് അവർ പറഞ്ഞു.
പദ്ധതിയെപ്പറ്റി ജനങ്ങളിൽ ബോധവത്കരണം നടത്തണമെന്ന് റവന്യൂ, കെ-റെയിൽ ഉദ്യോഗസ്ഥർ യോഗത്തിൽ പറഞ്ഞു. വാർഡ് തലങ്ങളിൽ ജനങ്ങളെ വിളിച്ചു കൂട്ടി പദ്ധതിയുടെ പ്രയോജനവും ഭൂമി വിട്ടുകൊടുക്കുമ്പോൾ കിട്ടുന്ന നഷ്ടപരിഹാരത്തെക്കുറിച്ചും ബോധവത്കരിക്കണം. എന്നാൽ, ഏതൊക്കെ പ്രദേശങ്ങളിലാണ് കല്ലിടാൻ പോകുന്നതെന്ന് കെ-റെയിൽ പ്രതിനിധികൾ യോഗത്തിൽ വ്യക്തമാക്കിയില്ല.
ജില്ലയിൽ എത്ര സ്ഥലങ്ങളിൽ കല്ലിടുമെന്നോ വീടുകളുടെയും മറ്റ് കെട്ടിടങ്ങളുടെയും കണക്കുകളോ വിശദീകരിച്ചില്ല. അരമണിക്കൂർ നീണ്ട യോഗത്തിൽ തദ്ദേശ സ്ഥാപന പ്രതിനിധികൾ ജനങ്ങളുടെ പ്രതിഷേധവും ആശങ്കകളും അറിയിച്ചു. ജനങ്ങൾക്കൊപ്പമേ നിൽക്കൂവെന്ന് യു.ഡി.എഫ്, ബി.ജെ.പി പ്രതിനിധികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.