കടമ്പനാട് ജങ്ഷനും വേണം അടിസ്ഥാന സൗകര്യങ്ങൾ
text_fieldsകടമ്പനാട്: വര്‍ഷങ്ങളായി വികസനം മുരടിച്ച നിലയിലാണ് കടമ്പനാട് ജങ്ഷന്. ഇവിടെ ബസ്സ്റ്റാൻഡ്, റിങ് റോഡ്, ജങ്ഷനുമായി ബന്ധപ്പെട്ട മറ്റ് വികസനങ്ങള്‍ ഒന്നുംതന്നെ ഇല്ല. കടമ്പനാട്-ഏനാത്ത്-ഏഴംകുളം മിനി ഹൈവേയും 181 ദേശീയപാതയും സംഗമിക്കുന്ന സ്ഥലമാണ് കടമ്പനാട് ജങ്ഷന്. നിരവധി സര്‍ക്കാര്‍ ഓഫിസുകള്‍, ബാങ്കുകള്‍, ഗോവിന്ദപുരം ചന്ത എന്നിവ ജങ്ഷന് സമീപത്താണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് കടമ്പനാട് ഗ്രാമപഞ്ചായത്ത് അധികൃതര്‍ മുന്‍കൈയെടുത്ത് കടമ്പനാട് ചന്ത ബസ്സ്റ്റാന്‍ഡ് ആക്കാന്‍ ഫണ്ട് അനുവദിച്ചിരുന്നു, ഇത് കടലാസില്‍ ഒതുങ്ങി. ജങ്ഷനോട് ചേര്‍ന്നാണ് മൂന്ന് സ്കൂളുകള്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ രണ്ടായിരത്തോളം വിദ്യാർഥികള്‍ പഠിക്കുന്നുണ്ട്.
യാത്രക്കാര്‍ക്ക് ആകെയുള്ള ആശ്രയം അടുത്തിടെ ഡി.വൈ.എഫ്.ഐ സ്ഥാപിച്ച വെയിറ്റിങ് ഷെഡ് മാത്രമാണ്. ടാക്സി സ്റ്റാന്‍ഡ്, ഓട്ടോ സ്റ്റാന്‍ഡ്, ബസ് സ്റ്റോപ് എല്ലാം ഈ ജങ്ഷനില്‍തന്നെ. പൊതുപ്രവര്‍ത്തകര്‍ റിങ് റോഡ് വേണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ വകുപ്പ് മന്ത്രിമാര്‍ക്ക് നിവേദനം നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. വില്ലേജ് ഓഫിസ് ഭാഗത്തുനിന്ന് തുടങ്ങി ചന്തക്ക് പടിഞ്ഞാറുവശത്തുകൂടി സ്റ്റേഡിയം വഴി ഇ.എസ്.ഐ ജങ്ഷനില്‍ എത്തുക. അടൂര്‍-ശാസ്താംകോട്ട റോഡിന് സമാന്തരമായ കനാല്‍ റോഡ് നവീകരിച്ച് പഴയ വിഷ്ണു തിയറ്റര്‍ റോഡും ഇ.എസ്.എ ജങ്ഷന് കനാല്‍ റോഡുമായി ബന്ധിപ്പിക്കുന്ന പോക്കറ്റ് റോഡ് നവീകരിക്കുന്നതായിട്ടായിരുന്നു റിങ് റോഡ് പദ്ധതി. സ്വകാര്യ ബസുകളും കെ.എസ്.ആര്.ടി.സി ബസുകളും ഉള്‍പ്പെടെ 150ഓളം ബസാണ് ദിനംപ്രതി ജങ്ഷനില്കൂടി കടന്നുപോകുന്നത്. സ്വകാര്യ വ്യക്തികള്‍ റോഡ് കൈയേറിയതും റോഡ് വികസനത്തിന് തടസ്സമായി. മുന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു എ.ആര്. അജീഷ് കുമാര്‍ മുന്‍കൈയെടുത്ത് ജങ്ഷനിലെ ചില കടകള്‍ ഇടിച്ചുനിരത്തിയതല്ലാതെ മറ്റൊന്നും ഉണ്ടായില്ല.തിരക്കേറിയ ജങ്ഷനിൽ ഒരു ഹോംഗാർഡിനെ മാത്രമാണ് ഗതാഗതം നിയന്ത്രിക്കാൻ ഏനാത്ത് പൊലീസ് നിയോഗിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.