കലക്ടർക്ക് പരാതി; കടപ്ര ബിറ്റുമിൻ പ്ലാൻറിനെതിരെ നാട്ടുകാർ
text_fieldsപത്തനംതിട്ട : കോയിപ്രം പഞ്ചായത്തിലെ കടപ്രയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ബിറ്റുമിൻ പ്ലാൻറിനെതിരെ പ്രദേശവാസികൾ. പ്ലാന്റിൽ നിന്ന് പുറപ്പെടുന്ന വിഷപ്പുക കാരണം ജീവിക്കാനാകുന്നില്ലെന്നും ഗുരുതര രോഗങ്ങൾക്ക് അടിമയാകുന്ന സാഹചര്യത്തിൽ തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ ജില്ല ഭരണകൂടം അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് കലക്ടർ എസ്.പ്രേംകൃഷ്ണന് ജനങ്ങൾ പരാതി നൽകി.
പട്ടികജാതി-വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർ തിങ്ങിപ്പാർക്കുന്ന പ്രാദേശത്ത് പ്ലാൻറ് പ്രവർത്തിപ്പിക്കാൻ പാടില്ല എന്ന് പട്ടികജാതി ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക പരാതിയും സമർപ്പിച്ചു.
12 വർഷമായി പ്രവർത്തിക്കുന്ന പ്ലാൻറിനെതിരെ ജനങ്ങൾ ശക്തമായ പ്രതിഷേധം ഉയർത്തുകയും പല ഘട്ടങ്ങളിൽ പ്ലാൻറ് പ്രവർത്തനം നിർത്തിവെക്കുകയും ചെയ്തിരുന്നു. പ്ലാന്റിൽ നിന്ന് പുറപ്പെടുന്ന വിഷപ്പുക കാരണം പ്രദേശവാസികൾ നിരന്തരമായി ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണ്. പ്ലാൻറ് പ്രവർത്തിക്കുന്ന ദിവസങ്ങളിൽ പ്രദേശത്ത് ഒരു ജീവജാലങ്ങൾക്കും നിൽക്കാനാവില്ല.
ഇവിടെ പ്രവർത്തിക്കുന്ന എൽ.പി സ്കൂളിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും രൂക്ഷമായ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുന്നതിനാൽ പഠനം തന്നെ മുടങ്ങുന്ന അവസ്ഥയാണ്. പ്രദേശത്തെ ശ്വാസകോശ, കിഡ്നി,അർബുദ രോഗികൾ വളരെ അധികം ബുദ്ധിമുട്ടുന്നതായും ജില്ല ഭരണകൂടത്തെ ജനങ്ങൾ അറിയിച്ചു. ത്വക്ക് രോഗികൾ കൂടിവരുന്നതായും വ്യക്തമാക്കി.
പ്ലാൻറ് പ്രവർത്തനം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി ഐകകണ്ഠേന തീരുമാനമെടുത്ത് ഉടമയ്ക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ മതിയായ പരിശോധനകൾ നടത്താതെ മലിനീകരണം നിയന്ത്രണ ബോർഡ് നൽകുന്ന സർട്ടിഫിക്കറ്റിൽ കോടതി അനുമതിയോടെ പ്രവർത്തനം തുടരുകയാണ്. റെഡ് കാറ്റഗറിയിൽ പെടുന്ന ഈ പ്ലാന്റിന്റെ മലിനീകരണം പരിശോധിക്കാൻ തങ്ങളുടെ പക്കൽ ആധുനിക ഉപകരണം ഇല്ല എന്നും ജനങ്ങൾ ആരോപിക്കുന്നതുപോലെ രൂക്ഷഗന്ധത്തിന്റെ കാരണം വിശകലനം ചെയ്യാൻ തൽക്കാലം നിവൃത്തിയില്ല എന്നും മലിനീകരണ നിയന്ത്രണ ബോർഡ് ജില്ല ഓഫീസർ തിരുവല്ല സബ്കലക്ടർ വിളിച്ചുചേർത്ത ചർച്ചയിൽ അറിയിച്ചിരുന്നു.
കൃത്യമായ പരിശോധനകൾ നടത്താതെ ലഭിക്കുന്ന അനുമതി പത്രങ്ങളുടെ അടിസ്ഥാനത്തിൽ പ്ലാൻറ് പ്രവർത്തിക്കുമ്പോൾ പ്രദേശത്തെ ജനങ്ങളുടെ ദുരിതം ഏറി വരികയാണ്. ഇതിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് സമരസമിതി നേതാക്കളായ ബിജു കുഴിയുഴത്തിൽ, രാജ്കുമാർ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.