കാപ്പ കേസ് പ്രതിയെ സ്വീകരിക്കൽ: സി.പി.എം ജില്ല സെക്രട്ടറിയുടെ വാദം തള്ളി പൊലീസ്
text_fieldsപത്തനംതിട്ട: കാപ്പ അടക്കം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി മലയാലപ്പുഴ സ്വദേശി ശരണ്‍ ചന്ദ്രൻ സി.പി.എമ്മില്‍ ചേര്‍ന്ന വിവാദത്തിൽ സി.പി.എം ജില്ല സെക്രട്ടറി നൽകിയ വിശദീകരണങ്ങൾ അടിസ്ഥാനരഹിതം. കാപ്പാ കാലാവധി കഴിഞ്ഞതാണെന്ന ഇരുവരുടെയും വാദം പൊലീസ് തള്ളി.
ശരണ്‍ ചന്ദ്രൻ ഇപ്പോഴും കാപ്പാ കേസ് പ്രതി തന്നെയാണെന്നും കാപ്പാ കേസ് നിലവിലുണ്ടെന്നും ജില്ല പൊലീസ് മേധാവി വ്യക്തമാക്കി. നവംബറിൽ ശരണ്‍ ചന്ദ്രനെതിരെ അടിപിടി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടൊപ്പം കാപ്പാ കേസ് വ്യവസ്ഥകളുടെ ലംഘനത്തിന് പുതിയ കേസും എടുത്തിരുന്നു.
ഒളിവിൽ പോയ ശരണിനെ 2024 ഏപ്രില്‍ 16നാണ് പിടികൂടിയത്. ശരണ്‍ ചന്ദ്രനെതിരെ ആകെ 12 കേസുകളാണുള്ളത്. 11 കേസിനും രാഷ്ട്രീയ ബന്ധമുണ്ട്.സി.പി.എം ജില്ല സെക്രട്ടറിയുടെ വിശദീകരണം തള്ളുന്നതാണ് പൊലീസിന്റെ നിലപാട്.
വിശദീകരണവുമായി മന്ത്രി വീണ ജോര്‍ജ്, ന്യായീകരിച്ച് ജില്ല സെക്രട്ടറി
പത്തനംതിട്ട: കാപ്പാ കേസ് പ്രതിയ്ക്ക് സ്വീകരണം നല്കിയ സംഭവത്തില്‍ വിശദീകരണവുമായി മന്ത്രി വീണാ ജോര്‍ജ്. ആയിരക്കണക്കിന് ആളുകളാണ് പാര്‍ട്ടിയിലേക്ക് വരുന്നത്. പത്തനംതിട്ടയില്‍ കാപ്പ പ്രതി പാര്‍ട്ടിയിലേക്ക് വന്നത് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലാണ്.
ബി.ജെ.പിയിലും ആർ.എസ്.എസിലും പ്രവര്‍ത്തിച്ചവരാണ് പാര്‍ട്ടിയിലേക്ക് വന്നത്. ഒരു ആശങ്കക്കും അടിസ്ഥാനമില്ല. സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം വളരെ വ്യക്തമായിട്ടുള്ള കാര്യമാണിത്. മുമ്പ് തെറ്റായ രാഷ്ട്രീയവും രീതികളും പിന്തുടര്ന്നവര്, അത് ഉപേക്ഷിച്ചാണ് പാര്‍ട്ടിയിലേക്ക് വന്നത്. അതുകൊണ്ടാണ് അവര്‍ ചെങ്കൊടി ഏന്താൻ തയാറായി വന്നതെന്നും മന്ത്രി പറഞ്ഞു.
പാര്‍ട്ടിയിലേക്ക് വരുന്നതോടെ ക്രിമിനല്‍ പശ്ചാത്തലം ഇല്ലാതാകുമോ എന്ന ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞില്ല. അതേസമയം, സംഭവത്തില്‍ വിചിത്ര വിശദീകരണവുമായി സിപിഎം ജില്ല സെക്രട്ടറി കെ.പി ഉദയഭാനു രംഗത്തെത്തി.
ശരൺ ചന്ദ്രൻ നിലവിൽ കാപ്പാ പ്രതിയല്ലെന്നും കാലാവധി കഴിഞ്ഞു എന്നും ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞു. ശരണിനെ നാടുകടത്തിയിട്ടില്ലെന്നും കാപ്പയിൽ താക്കീത് നൽകിയിട്ടെയുള്ളുവെന്നും ആർ. എസ്.എസിന് വേണ്ടി നടത്തിയ ആക്രമണങ്ങളിലാണ് പ്രതിയായതെന്നും ഉദയഭാനു വിശദീകരിച്ചു.
രാഷ്ട്രീയ കേസുകളിൽ പെടുന്നവർക്കെതിരെ കാപ്പ ചുമത്തുന്നത് തെറ്റെന്നും ജില്ല സെക്രട്ടറി പറഞ്ഞു. കേസ് എല്ലാവരുടെയും പേരിലുണ്ടെന്നും സ്ത്രീകളെ തല്ലിയ കേസ് ശരണിനെതിരെ രാഷ്ട്രീയപ്രേരിതമായി ചുമത്തിയതാണെന്നും അദ്ദേഹം ന്യായീകരിച്ചു. കാപ്പാ കേസ് പ്രതിയായ മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രനെയാണ് സി.പി.എം കഴിഞ്ഞദിവസം മാലയിട്ട് സ്വീകരിച്ചത്.
സ്വീകരണ പരിപാടി മന്ത്രി വീണാ ജോര്‍ജ്ജ് ആണ് ഉദ്ഘാടനം ചെയ്തത്. സി.പി.എം ജില്ല സെക്രട്ടറി കെപി ഉദയഭാനു പ്രതിക്ക് മാലയിട്ടു. കാപ്പാ കേസിലും മറ്റ് ഒട്ടേറെ ക്രിമിനൽ കേസുകളിലെയും പ്രതിയാണ് ശരൺ ചന്ദ്രൻ. 60ഓളം പേരെ പാർട്ടിയിലേക്ക് ചേർത്ത പരിപാടിയിലാണ് ശരൺ ചന്ദ്രൻ പങ്കെടുത്തത്. സ്ത്രീയെ ആക്രമിച്ച കേസിലടക്കം പ്രതിയായ ശരൺ ചന്ദ്രൻ കഴിഞ്ഞ മാസം 23നാണ് ജയിലിൽ നിന്ന് ഇറങ്ങിയത്.
ക്രിമിനലുകളുടെ അഭയകേന്ദ്രമായി സി.പി.എം മാറുന്നു
പത്തനംതിട്ട: കാപ്പായടക്കം ക്രിമിനൽ കേസുകളിലെ പ്രതിക്ക് പാർട്ടിമെമ്പർഷിപ്പ് നൽകിയതിലൂടെ ഏതു ക്രിമിനലുകളെയും സംരക്ഷിക്കുമെന്ന സൂചനയാണ് സി.പി.എം നൽകുന്നതെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. വെട്ടൂർ ജ്യോതിപ്രസാദ് ആരോപിച്ചു.
മെമ്പർഷിപ്പ് വിതരണത്തിലൂടെ സി.പി.എം അവരുടെ യഥാർത്ഥ നയം വ്യക്തമാക്കിയിരിക്കുകയാണെന്ന് വെട്ടൂർ ജോതിപ്രസാദ് പറഞ്ഞു. ക്രിമിനലുകളുടെ അഭയകേന്ദ്രമായി സി.പി.എം മാറുന്നതിൽ സി.പി.ഐ അടക്കമുള്ള പാർട്ടികളുടെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സി.പി.എമ്മിലും ഭിന്നത
ശരൺ ചന്ദ്രന്റെ സി.പി.എം പ്രവേശത്തെ, പാര്‍ട്ടിയുടെ നവമാധ്യമങ്ങളിൽ അടക്കം അദ്ദേഹത്തിന്റെ അഭിമുഖം ഉൾപ്പെടെ പങ്കുവച്ച് വലിയ നേട്ടമായാണ് സി.പി.എം നേതൃത്വം ഉയര്‍ത്തിക്കാട്ടിയത്. എന്നാൽ മലയാലപ്പുഴ മേഖലയിൽ പാര്‍ട്ടിയിലെ ഒരു വിഭാഗം ഇതിനെ ശക്തമായി എതിര്‍ത്ത് പരസ്യമായി തന്നെ രംഗത്ത് വന്നുകഴിഞ്ഞു.
പലരും വാട്സ്ആപ്പുകളിലും തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലും ഈ സ്വീകരണ നടപടിയെ വിമര്‍ശിച്ചു. മന്ത്രി പങ്കെടുത്ത പരിപാടിയിൽ കാപ്പാ കേസ് പ്രതിക്ക് സ്വീകരണം നൽകുന്ന കാര്യം പൊലീസിന്റെ ഇന്റലിജൻസ് സംവിധാനം മനസിലാക്കാതിരുന്നതും മുന്നറിയിപ്പ് നൽകാതിരുന്നതും എന്തുകൊണ്ടെന്ന ചോദ്യവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.