കരിയാട്ടത്തിന് സമാപനം; 28 കരിവീരന്മാർ ഇന്ന് വീഥിയിൽ വിസ്മയമൊരുക്കും
text_fieldsകോന്നി: ലോക ടൂറിസം ഭൂപടത്തിൽ ഇടംപിടിക്കാൻ ഒരുങ്ങുന്ന കോന്നിയുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന കരിയാട്ടത്തിൽ ആനവേഷധാരികളായ കൊമ്പന്മാർ ഞായറാഴ്ചയിറങ്ങും. 228 കരിവീരവേഷധാരികളാണ് കോന്നിയുടെ മണ്ണിൽ ഇറങ്ങുക. എന്റർടെയ്ൻമെന്റ് കൺസൾട്ടന്റായ എറണാകുളം സ്വദേശി സഫറുദ്ദീനും അമ്പതിലധികം തൊഴിലാളികളും ചേർന്ന് എറണാകുളം നെട്ടൂരിലെ വീട്ടിൽവെച്ചാണ് ആന വേഷങ്ങൾ തയാറാക്കിയിരിക്കുന്നത്.
16 വർഷമായി ഇദ്ദേഹം ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. കരിയാട്ടത്തിനുള്ള വേഷവിധാനങ്ങൾ ആഗസ്റ്റ് 15ന് ട്രയൽ റൺ നടത്തി. ആനയുടെ മസ്തകവും കൊമ്പും ചെവിയും എല്ലാം നിർമിച്ചിട്ടുണ്ട്. ഫോമും ചാക്ക് മെറ്റീരിയലുകളും കൊണ്ടാണ് വേഷങ്ങൾ നിർമിച്ചിരിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ആനയെ കേന്ദ്ര കഥാപാത്രമാക്കി ഒരു ടൂറിസം എക്സ്പോ സംഘടിപ്പിക്കുന്നത്.
ചരിത്രത്തിന്റെ ഭാഗമായ കോന്നിയുടെ ആനക്കമ്പം ഇതിലൂടെ പുനർസൃഷ്ടിക്കാനാണ് കരിയാട്ടം നടത്തുന്നത്.വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഞായറാഴ്ച വൈകീട്ട് മൂന്നിന് മാമ്മൂട്ടിൽനിന്ന് ആരംഭിക്കുന്ന ആയിരങ്ങൾ പങ്കെടുക്കുന്ന സാംസ്കാരിക ഘോഷയാത്രയിൽ നൂറുകണക്കിന് കരിവീരവേഷധാരികളും വിവിധ പഞ്ചായത്തുകളുടെ കലാരൂപങ്ങളും അണിനിരക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കെ. എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
കോന്നിയിൽ ഗതാഗത നിയന്ത്രണം
കോന്നി: കരിയാട്ടം-2023 സമാപന ദിവസമായ ഞായറാഴ്ച കോന്നിയിൽ ഘോഷയാത്ര നടക്കുന്നതിനാൽ കോന്നിയിലും പരിസര പ്രദേശങ്ങളിലും വൈകീട്ട് മൂന്നുമുതൽ വാഹന ഗതാഗതം നിയന്ത്രിച്ചതായി പൊലീസ് അറിയിച്ചു. പത്തനാപുരത്തുനിന്ന് പത്തനംതിട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പൂവൻപാറയിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് ചേരിമുക്ക് - വെള്ളപ്പാറ വഴി പോകേണ്ടതാണ്.
പത്തനംതിട്ടയിൽനിന്ന് പത്തനാപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മല്ലശ്ശേരി ജങ്ഷനിൽനിന്ന് വലത്തേക്ക് തിരിഞ്ഞ് പ്രമാടം, വെള്ളപ്പാറ, ചേരിമുക്ക്, പൂവൻപാറ വഴി പോകേണ്ടതാണ്. തണ്ണിത്തോട് ഭാഗത്തുനിന്ന് കോന്നിയിലേക്ക് വരുന്ന വാഹനങ്ങൾ ചാങ്കൂർമുക്കിൽനിന്ന് വലത്തേക്ക് തിരിഞ്ഞ് അട്ടച്ചാക്കൽ വഴി പോകണം.ഘോഷയാത്രയിൽ പങ്കെടുക്കുന്നവരെയും കൊണ്ട് വരുന്ന വാഹനങ്ങൾ മാമ്മൂട് ജങ്ഷനിൽ നിന്ന് വടക്കോട്ടും എലിയറക്കൽ ജങ്ഷനിൽനിന്നും തെക്കോട്ടും മാറി വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണെന്നും കോന്നി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.