അയിരൂര്‍ കഥകളി ഗ്രാമത്തില്‍ കഥകളി മേള
text_fieldsപത്തനംതിട്ട: അയിരൂര്‍ കഥകളി ഗ്രാമത്തില്‍ കഥകളി മേളക്ക് ഈമാസം എട്ടിന് തിരിതെളിയും. ജില്ല കഥകളി ക്ലബിന്റെ നേതൃത്വത്തില്‍ നടക്കുന്ന 17ാമത് കഥകളിമേള രാവിലെ 10.30ന് പമ്പാ മണല്‍പുറത്തെ അയിരൂര്‍ ചെറുകോല്‍പ്പുഴ ശ്രീ വിദ്യാധിരാജ നഗറില്‍ മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അയിരൂര്‍ കഥകളി ഗ്രാമം ഔദ്യോഗിക പ്രഖ്യാപനവും പരിപാടിയോടനുബന്ധിച്ച് നടത്തും.
2023ലെ ക്ലബിന്റെ നാട്യഭാരതി അവാര്‍ഡ് ചുട്ടി കലാകാരന് കരിക്കകം ത്രിവിക്രമനും അയിരൂര്‍ രാമന്‍പിള്ള അവാര്‍ഡ് കഥകളി നിരൂപകയും ഗ്രന്ഥകാരിയുമായ മിനി ബാനര്‍ജിക്കും നല്‍കും. തുടര്‍ന്ന് വിദ്യാർഥികള്‍ക്ക് കഥകളി അരങ്ങിലെത്തും.
പത്താം ക്ലാസ് മലയാളപാഠാവലിയിലെ പ്രലോഭനം (നളചരിതം) എന്ന പാഠഭാഗമാണ് അവതരിപ്പിക്കുന്നത്. വൈകീട്ട് 5.30ന് സന്ധ്യാകേളി. 6.30 മുതല്‍ നളചരിതം ഒന്നാം ദിവസം കഥകളി അരങ്ങേറും. ഒമ്പതിന് രാവിലെ 10ന് കഥകളി ആസ്വാദന കളരി ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ബിജു വര്‍ഗീസ് ഉദ്ഘാടനം ചെയ്യും.
10ന് രാവിലെ 10.30ന് കഥകളി ആസ്വാദനകളരി ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. 10.45ന് കഥകളി ചൊല്ലിയാട്ടം കല്യാണസൗഗന്ധികം. 11ന് രാവിലെ 10.30ന് കഥകളി ആസ്വാദന കളരി റാന്നി സെന്റ് തോമസ് കോളേജ് മലയാള വിഭാഗം പ്രഫസര്‍ ഫാ. മാത്യൂസ് വാഴക്കുന്നം ഉദ്ഘാടനം ചെയ്യും. കഥ അബ്രഹാമിന്റെ ബലി (ബൈബിള്‍ കഥ) അവതരിപ്പിക്കും.
കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള് ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ജില്ല കഥകളി ക്ലബ് ഒരുക്കുന്ന പരിപാടിയാണിത്. 12ന് രാവിലെ 10.30ന് നടക്കുന്ന കഥകളി ആസ്വാദന കളരി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.
13ന് രാവിലെ 10 മുതല്‍ നടക്കുന്ന ക്ലാസിക്കല്‍ കലാമത്സരങ്ങള്‍ ചലച്ചിത്ര സംവിധായകന് കവിയൂര്‍ ശിവപ്രസാദ് ഉദ്ഘാടനം ചെയ്യും. 14ന് രാവിലെ 10ന് കഥകളി ക്വിസ് മത്സരവും ചിത്രരചന മത്സരവും ഡോ. സുരേഷ് മനാട്ട് ഉദ്ഘാടനം ചെയ്യും. 5.30ന് സമാപന സമ്മേളനം. കേരള കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ പി.എന്‍. സുരേഷ് ഉദ്ഘാടനം ചെയ്യും.
2023ലെ പ്രഫ. എസ്. ഗുപ്തന് നായര്‍ അവര്‍ഡ് സാഹിത്യ നിരൂപകന് ഡോ. കെ.എസ്. രവികുമാറിനും അയിരൂര്‍ സദാശിവന് അവാര്‍ഡ് കഥകളി ഗായകന് കലാമണ്ഡലം സുരേന്ദ്രനും നല്‍കും. വിദേശ പ്രതിനിധികളും വിദ്യാർഥികളുമടക്കം പതിനായിരത്തോളം കഥകളി ആസ്വാദകര്‍ മേളയില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാർത്തസമ്മേളനത്തിൽ വര്‍ക്കിങ് പ്രസിഡന്റ് ടി.ആര്. ഹരികൃഷ്ണന്, ഡോ. ബി. ഉദയനൻ, ദിലീപ് അയിരൂര്‍ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.