യുവാവിനെ തട്ടിക്കൊണ്ടുപോകൽ: വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു
text_fieldsകോന്നി: വെട്ടൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ സംഘം ഉപയോഗിച്ച കാറുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവദിവസം വെട്ടൂരിലെ വീട്ടിൽനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ ഇന്നോവ കാർ കോഴിക്കോട്ടുനിന്നും മാറ്റി കയറ്റിയ എർട്ടിഗ കാർ എറണാകുളം പട്ടിമറ്റത്തുനിന്നുമാണ് മലയാലപ്പുഴ പൊലീസ് എസ്.എച്ച്.ഒ കെ.എസ്. വിജയന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ടെത്തിയത്.
യുവാവിനെ വെട്ടൂരിൽനിന്ന് തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ഇന്നോവ കാർ കോഴിക്കോട്ട് എത്തിച്ച ശേഷം അവിടെ ഉപേക്ഷിക്കുകയും തുടർന്ന് എർട്ടിഗ കാറിൽ കൊണ്ടുപോവുകയും ആയിരുന്നു. വാഹനങ്ങൾ കോടതിയിൽ ഹാജരാക്കിയ ശേഷം ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.
ഈമാസം രണ്ടിനാണ് കാറിലെത്തിയ സംഘം ഹോളോബ്രിക്സ് കമ്പനി ഉടമയും വെട്ടൂർ ആയിരവില്ലൻ ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റുമായ ചാങ്ങയിൽ വീട്ടിൽ അജേഷിനെ (ബാബുക്കുട്ടൻ -40) തട്ടിക്കൊണ്ടുപോയത്. വീട്ടുകാർ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഡൽഹിയിൽ വ്യവസായം നടത്തുന്ന വെട്ടൂർ സ്വദേശിയുടെ മരുമകൻ അക്ഷയ് (38), സഹോദരൻ അശ്വിൻ (35) എന്നിവരെ പിടികൂടിയിരുന്നു. വ്യവസായിയുടെ മകളുടെ ചിത്രങ്ങൾ അജേഷിന്റെ കൈയിലുണ്ടെന്ന് ആരോപിച്ചാണ് ഇയാളെ തട്ടിക്കൊണ്ടുപോയത്. പ്രതികളായ മൂന്നുപേരെ കൂടി ഇനിയും പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.