കൊടുമണ്ണിൽ റോഡ് പുറമ്പോക്ക് അളക്കുന്നതിനിടെ തർക്കവും ആത്മഹത്യ ഭീഷണിയും
text_fieldsകൊടുമൺ: ഏഴംകുളം -കൈപ്പട്ടൂർ റോഡിൽ കൊടുമണ്ണിൽ റവന്യു അധികൃതർ റോഡ് പുറമ്പോക്ക് അളക്കുന്നതിനിടെ തർക്കവും ആത്മഹത്യ ഭീഷണിയും. കൊടുമൺ വാഴവിള പാലം മുതൽ റോഡ് പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തുന്ന ജോലികൾ കഴിഞ്ഞ ആഴ്ചയാണ് ആരംഭിച്ചത്.
എന്നാൽ പുറമ്പോക്ക് അളന്ന ശേഷം അതിര് കല്ലിടുന്നില്ല. മാർക്കറ്റിന് സമീപത്തായി റോഡരുകിനോട് ചേർന്ന് മൂന്ന് കുടുംബങ്ങൾ താമസമുണ്ട്.
ഈ ഭാഗത്ത് അളന്ന് തിട്ടപ്പെടുത്തിയ ശേഷം കല്ലിടാൻ ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോഴാണ് കുടുംബങ്ങൾ തർക്കമുന്നയിച്ചത്. കല്ലിടുന്നത് വീട്ടുകാർ തടയുകയും ചെയ്തു. ആദ്യം അളവ് തുടങ്ങിയ വാഴവിള പാലം ഭാഗം മുതൽ കല്ലിടണമെന്നും അവർ ആവശ്യപ്പെട്ടു. ഇതിന് ശേഷം തങ്ങൾ താമസിക്കുന്ന ഭാഗത്ത് കല്ലിട്ടാൽ മതി എന്ന് പറഞ്ഞ് ബഹളമായി.
തർക്കം നടക്കുന്നതറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. അവർ വീട്ടുകാരുമായി ചർച്ച നടത്തി പ്രശ്നം പരിഹരിച്ചെങ്കിലും വീണ്ടും വീട്ടുകാർ ഉദ്യോഗസ്ഥരുമായി തർക്കിക്കുകയും ആത്മഹത്യ ഭീഷണി മുഴക്കുകയുമായിരുന്നു.
ഇതോടെ ഈ ഭാഗത്ത് കല്ലിടുന്നത് തൽക്കാലം നിർത്തിവെച്ചു. റോഡ് വികസനവുമായി ബന്ധപ്പെട്ട് മന്ത്രി വീണ ജോർജിന്റെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്സിന്റെ മുന്നിൽ ഓടയുടെ അലൈൻമെന്റ് മാറ്റിയെന്നാരോപിച്ച് കോൺഗ്രസും ബി.ജെ.പിയും പ്രതിഷേധവുമായി എത്തിയിരുന്നു. റോഡ് പുറമ്പോക്ക് അളക്കണമെന്ന് പരാതി ഉയരുകയും ചെയ്തു. ജോർജ് ജോസഫും കലക്ടർക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് റോഡ് അളന്ന് പുറമ്പോക്ക് തിട്ടപ്പെടുത്തൽ നടക്കുന്നത്.
ജൂലൈ ഒന്നിനകം സര്‍വേ ജോലികള്‍ പൂര്‍ത്തിയാക്കും
പത്തനംതിട്ട: ഏഴംകുളം- കൈപ്പട്ടൂര്‍ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട സര്‍വേ ജോലികള്‍, കല്ലുകള്‍ അതിര്‍ത്തിയില്‍ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികള്‍ എന്നിവ ജൂലൈ ഒന്നിന് മുൻപ് പൂര്‍ത്തിയാക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ ആവശ്യാനുസരണം പൊതുമരാമത്ത് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. കെ.ആര്.എഫ്.ബി. ചീഫ് എഞ്ചിനീയര്‍ അടക്കം ഉന്നതതല ഉദ്യോഗസ്ഥര്‍ സ്ഥലം നേരിട്ട് സന്ദര്‍ശിച്ച് ബോധ്യപ്പെടുന്നതിനും തീരുമാനമായി.
പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍ദേശിച്ചു. ഡെപ്യൂട്ടി സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, പൊതുമരാമത്ത് സെക്രട്ടറി കെ. ബിജു, കെ.ആര്.എഫ്.ബി. പ്രോജക്ട് ഡയറക്ടര്‍ അശോക് കുമാര്‍, കെ.ആര്.എഫ്.ബി. പദ്ധതി ടീം ലീഡര്‍ പി.ആര്. മഞ്ജുഷ, എക്സി. എഞ്ചിനീയര്‍ ദീപ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.