ഏഴംകുളം-കൈപ്പട്ടൂർ റോഡ് നിർമാണത്തിൽ അപാകത; കൊടുമണ്ണിൽ ഇന്ന് ഹർത്താൽ
text_fieldsകൊടുമൺ: കിഫ്ബി പദ്ധതിയിൽ വികസിപ്പിക്കുന്ന ഏഴംകുളം -കൈപ്പട്ടൂർ റോഡ് പണിയിൽ അപാകതയെന്ന് പരാതി. പലഭാഗത്തും വീതി കുറഞ്ഞതോടെ പ്രതിഷേധം ശക്തമായി. സംഭവത്തിൽ പ്രതിഷേധിച്ച് കൊടുമണ്ണിൽ ബുധനാഴ്ച നാട്ടുകാർ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. 43 കോടി രൂപ മുടക്കി 12 മീറ്റർ വീതിയിലാണ് റോഡ് വികസിപ്പിക്കുന്നത്. ഒമ്പത് മീറ്റർ വീതിയിൽ ബി.എം.ബി.സി നിലവാരത്തിലാണ് ടാറിങ് നടത്തുന്നത്. എന്നാൽ, പലയിടത്തും റോഡിന്റെ അലൈൻമെൻറ് മാറ്റുന്നതായാണ് പരാതി. പാലങ്ങളുടെയും ഓടകളുടെയും നിർമാണം ശാസ്ത്രീയമല്ലെന്ന് നാട്ടുകാർ പറയുന്നു.
കൊടുമൺ ജങ്ഷൻ, സ്റ്റേഡിയം ഭാഗം, ചന്ദനപ്പള്ളി ഫെഡറൽ ബാങ്കിന് മുൻവശം എന്നിവിടങ്ങളിൽ വീതി കുറവാണന്ന് ആക്ഷേപമുണ്ട്. ഇത് സ്വകാര്യ വ്യക്തികളെ സംരക്ഷിക്കാൻ വേണ്ടിയാണന്നാണ് പരാതി. ഭരണകക്ഷി നേതാക്കളും ഇതിനായി ഇടപെട്ടിട്ടുണ്ട്. പുറമ്പോക്ക് ഭൂമി ഉണ്ടായിട്ടും അത് റോഡിനോട് ചേർക്കാതെ കൈയേറ്റക്കാർക്ക് വിട്ടുകൊടുക്കുന്ന സമീപനമാണുള്ളതെന്നാണ് നാട്ടുകാരുടെ ആരോപണം. കൊടുമൺ പഴയ പോലീസ് സ്റ്റേഷൻ ജങ്ഷൻ മുതൽ ഇപ്പോഴത്തെ പോലീസ് സ്റ്റേഷന്റെ മുൻവശം വരെ ഓട റോഡിലേക്ക് ഇറക്കിയാണ് പണിതിട്ടുള്ളത്.
വാഴവിള പാലം മുതൽ പഴയ പോലീസ് സ്റ്റേഷൻ ജങ്ഷൻ വരെയുള്ള നിർമാണത്തിലെ അപാകത പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. സ്റ്റേഡിയം ഭാഗത്ത് വീതി തീരെയില്ല. പഴയ പോലീസ് സ്റ്റേഷൻ, വാഴവിള എന്നിവിടങ്ങളിൽ പുതിയ പാലങ്ങൾ പണിതു. എന്നാൽ, പാലത്തിന്റെ അടിയിലൂടെ പോകുന്ന കൂറ്റൻ ജലവിതരണ പൈപ്പുകൾ മഴക്കാലത്ത് തോട്ടിലെ ജലമൊഴുക്ക് തടസ്സപ്പെടുത്തുമെന്ന് ഉറപ്പാണ്. ഇത് വെള്ളപ്പൊക്കത്തിന് ഇടയാക്കും. പൈപ്പുകൾ ഉയർത്തി വെക്കണമെന്നാവശ്യമാണ് വ്യാപാരികൾക്കുള്ളത്. പഴയ പോലീസ് സ്റ്റേഷൻ ജങ്ഷനിലെ ആൽമരം റോഡ് വികസനത്തിന്റെ ഭാഗമായാണ് മുറിച്ചുമാറ്റിയത്. എന്നാൽ, ടാറിടുന്ന ഭാഗവും ഓടയും കഴിഞ്ഞ് മാറിനിന്ന ആൽമരം മുറിച്ചുകളഞ്ഞത് നാട്ടുകാരുടെ വിമർശനത്തിന് ഇടയാക്കി.
ഓട എടുത്തപ്പോൾ ആൽമരത്തിന്റെ കുറ്റി പിഴുത് മാറ്റിയിട്ടില്ല. ഓട പണിതിരിക്കുന്നതും അശാസ്ത്രീയമായാണ്. കൈയേറ്റഭൂമി തിരിച്ചുപിടിച്ച് ശാസ്ത്രീയമായി റോഡ് വികസനം നടത്തണമെന്ന് നാട്ടുകാർ പറയുന്നു. ഇടത്തിട്ട മുതൽ ചന്ദനപ്പള്ളി ജങ്ഷൻ വരെ പലഭാഗത്തും ഓട പണിതിട്ടില്ല. വേനൽമഴയിലെ കുത്തൊഴുക്കിൽ റോഡ് കവിഞ്ഞാണ് വെള്ളം ഒഴുകിയത്. റോഡ് ഉയർത്തിയാലും ഇതുതന്നെയാകും സംഭവിക്കുക. പൊന്നെടുത്താംകുഴി ഭാഗത്ത് ഉറവവെള്ളം കെട്ടിക്കിടക്കുന്നതും ഭീഷണിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.