ആദ്യഘട്ടത്തില്‍ പ്രതിദിനം രണ്ട് ടണ്‍ നെല്ല് സംസ്കരിച്ച് അരിയാക്കും; കൊടുമൺ റൈസ് മിൽ നാടിന് സമർപ്പിച്ചു
text_fieldsകൊടുമൺ: കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ വികസനത്തിനായി 2365 കോടി രൂപ വിനിയോഗിക്കുമെന്നും അതില്‍ ആദ്യ ഗഡു ഈ വര്‍ഷം തന്നെ അനുവദിക്കുമെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു.
കൊടുമണ്‍ റൈസ് മില്ലിന്റെ പ്രവര്‍ത്തനോദ്ഘാടനം കൊടുമണ്‍ ഒറ്റത്തേക്ക് മൈതാനത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് ഫണ്ടിൽനിന്ന് ഒന്നരകോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ ആധുനിക റൈസ് മില്‍ സ്ഥാപിക്കുന്നത്.
ആദ്യഘട്ടത്തില്‍ പ്രതിദിനം രണ്ട് ടണ്‍ നെല്ല് സംസ്കരിച്ച് അരിയാക്കി മാറ്റാന്‍ കഴിയും. ജില്ല പഞ്ചായത്തും കൊടുമണ്‍ പഞ്ചായത്തും ചേര്‍ന്നു കൊടുമണ്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ സഹകരണത്തോടെയാണ് മില്ല് പ്രവര്‍ത്തിപ്പിക്കുക. ജില്ലയിലെ നെല്‍കൃഷി മേഖലയില്‍ വലിയ മാറ്റമുണ്ടാക്കാന്‍ പദ്ധതി സഹായകരമാകും.
കൃഷിവകുപ്പ് അസി. എക്സിക്യൂട്ടീവ് എൻജിനീയറുടെ ചുമതലയിലാണ് പദ്ധതി നിര്‍മാണം നടന്നത്. പദ്ധതിയുടെ സ്വിച്ച് ഓണ്‍ കര്‍മവും ഉൽപന്നങ്ങളുടെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. തുളസീധരന്‍ പിള്ള, കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില്‍കുമാര്‍, വികസന സ്ഥിരം സമിതി ചെയര്പേഴ്സൻ ബീനാ പ്രഭ, ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്മാന് ജിജി മാത്യു, പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്പേഴ്സൻ ലേഖാ സുരേഷ്, ജില്ല പഞ്ചായത്ത് അംഗം അജോമോന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന് ആര്.ബി രാജീവ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്പേഴ്സൻ കുഞ്ഞന്നാമ്മക്കുഞ്ഞ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.