മൂന്നാം പ്രസവത്തിൽ മൂന്ന് പശുക്കിടാങ്ങൾ കൗതുകമാകുന്നു
text_fieldsകൊടുമൺ: കൊടുമണ്ണിൽ മൂന്നാം പ്രസവത്തിൽ മൂന്നു പശുക്കിടാങ്ങൾ കൗതുകമാകുന്നു. ഐക്കാട് ചിറമേൽ പുത്തൻവീട്ടിൽ ക്ഷീരകർഷകനായ എം.കെ. മധുവും കുടുംബവും ഓണക്കാലത്ത് വലിയ സന്തോഷത്തിലാണ്. ഓമനിച്ച് വളർത്തുന്ന പശുവിന് മൂന്നു കിടാങ്ങളാണ് പിറന്നത്.
ഒരേ നിറവും ഭാരവുമാണ് കിടാങ്ങൾക്ക്. അപൂർവമായി മാത്രമേ ഇങ്ങനെ സംഭവിക്കുകയുള്ളൂവെന്നാണ് വെറ്ററിനറി വിഭാഗം ഡോക്ടർമാർ പറയുന്നത്. പശുക്കിടാക്കളെ തിരിച്ചറിയാൻ കഴുത്തിൽ മണിയും ശംഖും കെട്ടിയിട്ടിയിട്ടുണ്ട്. പശുവിനെയും കിടാങ്ങളെയും ആവശ്യപ്പെട്ട് നിരവധിപേർ വീട്ടിൽ വരുന്നതായും വിൽക്കാൻ താൽപര്യമില്ലെന്നും മധു പറഞ്ഞു.
കഴിഞ്ഞ പ്രസവത്തിൽ 12 ലിറ്റർ പാൽ വരെ ലഭിച്ചിരുന്നതാണ്. എന്നാൽ, ഇത്തവണ കറക്കുന്നില്ല. മുഴുവൻ കിടാങ്ങൾ കുടിക്കുകയാണ്. പശുക്കിടാങ്ങൾ ആരോഗ്യത്തോടെതന്നെ കഴിയുന്നു. എച്ച്.എഫ് ഇനമായ പശുവിനെ കിടാവായിരുന്നപ്പോൾത്തന്നെ വാങ്ങി വളർത്തിയതാണ്.
ഇപ്പോൾ മൂന്നാം പ്രസവത്തിലാണ് മൂന്നുകുട്ടികളെ ലഭിച്ചത്. ഇത്രയുമധികം സന്തോഷം നിറഞ്ഞ സമയം ഉണ്ടായിട്ടില്ലെന്ന് മധു പറയുന്നു. മറ്റ് രണ്ട് പശുക്കൾ കൂടിയുണ്ട്.
ഇതിന്‍റെ പാൽ കൊടുമണ്ണിലെ ക്ഷീര സംഘത്തിലും സമീപ വീടുകളിലും ദിവസവും കൊടുക്കുന്നുണ്ട്. മഹാരാഷ്ട്ര നാസിക്കിൽ ഓട്ടോമൊബൈൽ ജോലിയിൽനിന്ന് വിരമിച്ച മധു നാട്ടിലെത്തി 2015 മുതലാണ് പശുക്കളെ വളർത്തിത്തുടങ്ങിയത്.
ആട്, കോഴി തുടങ്ങിയവയും വളർത്തുന്നുണ്ട്. വാഴ, ഇഞ്ചി, കപ്പ, മഞ്ഞൾ കൃഷിയുമുണ്ട്. ഭാര്യ മീനയും മക്കളായ സൗമ്യയും മനുരാജും മധുവിനെ സഹായിക്കുന്നുണ്ട്. ക്ഷീര കർഷകർക്ക് സർക്കാർ ഭാഗത്തുനിന്ന് ഒരു സഹായവും ലഭിക്കുന്നില്ലെന്ന് മധു പറയുന്നു.
കാലിത്തീറ്റ വില അടിക്കടി വർധിക്കുകയാണ്. ഒരു ചാക്ക് കാലിത്തീറ്റക്ക് 1850 രൂപ വരെയായിട്ടുണ്ട്. പശുവളർത്തൽ വലിയ ബുദ്ധിമുട്ട് നിറഞ്ഞതാണെന്നും മധു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.