കൊടുമൺ റൈസ് മില്ലിന്റെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നു
text_fieldsഅടഞ്ഞു കിടക്കുന്ന കൊടുമൺ റൈസ്മിൽ
കൊടുമൺ: ഉദ്ഘാടനം ചെയ്ത് ആറുമാസം പിന്നിട്ടപ്പോൾ പ്രവർത്തനം നിലച്ച കൊടുമൺ റൈസ് മില്ലിന്റെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. രണ്ടു മാസത്തിനുള്ളിൽ പ്രവർത്തനം പുനരാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
സംസ്ഥാനത്ത് ആദ്യമായിട്ടായിരുന്നു ഒരു തദ്ദേശസ്ഥാപനം നെല്ല് കുത്ത് മിൽ ആരംഭിച്ചത്. ജില്ല പഞ്ചായത്തിന്റെ അഭിമാന പദ്ധതിയായിരുന്നു. കഴിഞ്ഞ ജില്ല പഞ്ചായത്ത് ബജറ്റിലും വികസനനേട്ടമായി എടുത്തുകാട്ടിയിരുന്നു.
ബജറ്റ് ചർച്ചയിൽ റൈസ് മിൽ പൂട്ടിക്കിടക്കുന്നത് ചൂണ്ടിക്കാട്ടി യു.ഡി.എഫ് അംഗങ്ങൾ ഭരണപക്ഷത്തെ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രവർത്തനം പുനരാരംഭിക്കാൻ അറ്റകുറ്റപ്പണി ഉൗർജിതമാക്കിയത്. മില്ലിൽ പ്രധാനമായും നെല്ല് എത്തിക്കുന്നത് കൊടുമൺ ഫാർമർ പ്രൊഡ്യൂസർ കമ്പനിയാണ്. മൂല്യ വർധിത ഉൽപന്നങ്ങളായ കുത്തരി, പച്ചരി, പുട്ടുപൊടി, അപ്പപ്പൊടി, നുറക്കരി, അവിൽ എന്നിവ ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ഔട്ട്ലറ്റുകൾ വഴി വിറ്റഴിക്കുന്നു. നിലവിൽ നെല്ല് കുത്തുന്നത് ഫാമിങ് കോർപ്പറേഷന്റെ കോട്ടയം റൈസ് മില്ലിൽ ആണ്.
തുടരുന്ന പണികൾ
മില്ലിന്റെ ബോയിലർ പ്ലാന്റ് മഴ നനയാതിരിക്കാൻ മേൽക്കൂര സ്ഥാപിച്ചു. വാട്ടർ ടാങ്ക് സ്ഥാപിക്കാൻ നടപടികളായി. ജല ശുദ്ധീകരണ പ്ലാന്റിന് ടെൻഡർ വിളിച്ചു. അഞ്ച് ലക്ഷം ലിറ്ററിന്റെ പ്ലാന്റാണ് സ്ഥാപിക്കുന്നത്. സമീപത്തെ പൊതുകിണറിൽനിന്നാണ് റൈസ് മില്ലിലേക്ക് ആവശ്യമായ വെള്ളം ശേഖരിക്കുന്നത്.
വേനൽക്കാലത്ത് പ്രദേശവാസികളും കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് പൊതു കിണറിനെയാണ്. വെള്ളത്തിന്റെ ക്ഷാമം പരിഹരിക്കാൻ റൈസ് മില്ലിനായി കുഴൽ കിണർ നിർമിക്കും.
കൊടുമൺ റൈസ് മിൽ
ചെലവ്: 1. 50 കോടി
ഉദ്ഘാടനം ചെയ്തത് 2024 ജനുവരി 15
24 മണിക്കൂറിൽ രണ്ട് ടൺ നെല്ല് കുത്താം
കുഴൽ കിണർ നിർമ്മാണം പൂർത്തിയായാലുടൻ മിൽ പ്രവർത്തിപ്പിക്കാൻ കഴിയും. രണ്ടു മാസത്തിനുള്ളിൽ പ്രവർത്തനം പൂർണതോതിലാകും -ജോർജ് എബ്രഹാം ജില്ല പഞ്ചായത്ത് പ്രസിഡന്റ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.