ജില്ല ജൂനിയർ അത്ലറ്റിക് മീറ്റ്: ബേസിക് അത്ലറ്റിക്സ് ക്ലബിന് ഓവറോൾ ചാമ്പ്യൻഷിപ്
text_fieldsകൊടുമൺ: അത്ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച ജില്ല ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ് കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ സമാപിച്ചു. 200 പോയന്റുമായി ഓവറോൾ ചാമ്പ്യൻഷിപ് ബേസിക് അത്ലറ്റിക്സ് പത്തനംതിട്ട കരസ്ഥമാക്കി. 109 പോയന്റുമായി സെന്റ് ജോൺസ് ഇരവിപേരൂർ റണ്ണറപ്പായി.
സെന്റ് ജോൺസ് തുമ്പമൺ, ബിലീവേഴ്സ് ചർച്ച് റെസിഡൻഷ്യൽ സ്കൂൾ തിരുവല്ല എന്നിവ 71 പോയന്റുമായി സെക്കൻഡ് റണ്ണറപ്പായി. കാതോലിക്കറ്റ് കോളജ് പത്തനംതിട്ട 48 പോയന്റ് നേടി. ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടാതെ, കോളജുകൾ, ക്ലബുകൾ എന്നിവിടങ്ങളിൽനിന്നും താരങ്ങൾ എത്തിയിരുന്നു. 14, 16, 18, 20 വയസ്സിന് താഴെയുള്ളവർക്കായി കാറ്റഗറി തിരിച്ചാണ് മത്സരങ്ങൾ നടന്നത്. 700ലധികം കായികതാരങ്ങളാണ് ഇത്തവണ പങ്കെടുത്തത്.
ഒന്ന്, രണ്ട് സ്ഥാനം ലഭിച്ചവർ 20 മുതൽ 23 വരെ തേഞ്ഞിപ്പലത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. പല ഇനങ്ങളിലും മത്സരിക്കാൻ കായികതാരങ്ങൾ ഇല്ലായിരുന്നു. ചിലതിൽ താരങ്ങൾ കുറവുമായിരുന്നു. സമാപന ദിവസമായ ഞായറാഴ്ച നടത്തം, ജാവലിൻ, ഹർഡിൽ, റിലേ ഉൾപ്പെടെ 40 ഇനങ്ങൾ നടന്നു.
തിളങ്ങി ബേസിക് അത്ലറ്റിക് ക്ലബ്
കൊടുമൺ: ജൂനിയർ അത്ലറ്റിക് ചാമ്പ്യഷിപ്പിൽ മികച്ച പ്രകടനവുമായി പത്തനംതിട്ട ബേസിക് അത്ലറ്റിക് ക്ലബ്. 200 പോയന്റുമായി ഓവറോൾ ചാമ്പ്യഷിപ് ബേസിക് അത്ലറ്റിക്സ് പത്തനംതിട്ട കരസ്ഥമാക്കി. കളത്തിലിറങ്ങിയ ആദ്യ കായികമേളയിൽതന്നെ വലിയ നേട്ടം കൊയ്യാൻ കഴിഞ്ഞതിലുള്ള ആഹ്ലാദത്തിയലാണ് ക്ലബ് അംഗങ്ങൾ. പത്തനംതിട്ട ജില്ല സ്റ്റേഡിയം കേന്ദ്രമായാണ് ക്ലബ് പ്രവർത്തിക്കുന്നത്. 102ഓളം കായികതാരങ്ങളാണ് വിവിധ ഇനങ്ങളിൽ പങ്കെടുത്തത്. 24 സ്വർണം, 13 വെള്ളി, 15 വെങ്കലം എന്നിവ നേടി. മാർത്തോമ എച്ച്.എസ്.എസ് പത്തനംതിട്ട, തൈക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, അടൂർ സെന്റ് മേരീസ്, കോന്നി റിപ്പബ്ലിക്കൻ എന്നീ സ്കൂളുകളിലെ കുട്ടികളാണ് ബേസിക് അത്ലറ്റിക്സ് ക്ലബിന് കീഴിൽ ഇപ്പോൾ പരിശീലിക്കുന്നത്.
ജഗഷീഷ് ആർ. കൃഷ്ണൻ, റോസമ്മ മാത്യു, റെജിൻ മാത്യു എബ്രഹാം എന്നിവരാണ് പരിശീലകർ. ക്ലബിന്റെ പ്രസിഡന്റ് റോബിൻ വി. ജോണും സെക്രട്ടറി റെജിൻ മാത്യു എബ്രഹാമുമാണ്. രണ്ട് മാസം മുമ്പാണ് അത്ലറ്റിക് ക്ലബായി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.