പത്തനംതിട്ട ജില്ല കേരളോത്സവം തുടങ്ങി
text_fieldsകൊടുമൺ: ജില്ല കേരളോത്സവം കെ.യു. ജനീഷ്കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ബീന പ്രഭ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യാദേവി, ആരോഗ്യവിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. സി. പ്രകാശ്, പഞ്ചായത്തംഗം എ.ജി. ശ്രീകുമാർ എന്നിവർ സംസാരിച്ചു.
കലാമത്സരങ്ങള് കൊടുമൺ ഹൈസ്കൂൾ, കൊടുമൺ സെന്റ് പീറ്റേഴ്സ് യു.പി സ്കൂൾ, കൊടുമൺ എൽ.പി.എസ് തുടങ്ങി അഞ്ച് വേദികളിൽ നടക്കും. അത്ലറ്റിക്സ് മത്സരങ്ങളും ഗെയിംസ് ഇനങ്ങളും കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിലും നീന്തൽ മത്സരം അടൂർ ഗ്രീൻവാലി വാട്ടർ സ്റ്റേഡിയത്തിലും ക്രിക്കറ്റ് കൊടുമൺ ഹൈസ്കൂൾ ഗ്രൗണ്ടിലും ഷട്ടിൽ ടൂർണമെന്റ് ചന്ദനപ്പള്ളി അനുഗ്രഹ ഓഡിറ്റോറിയത്തിലും നടക്കും. 66 കലാപരിപാടികളും 48 കായിക ഇനങ്ങളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സമാപനം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് കൊടുമണ് ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കും.
തട്ടിക്കൂട്ട് പരിപാടിയായി
തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ പ്രതിഭകൾക്ക് മാറ്റുരക്കാനുള്ള വേദിയായ കേരളോത്സവം ചിലർക്ക് ലക്ഷങ്ങളുടെ അഴിമതി നടത്താനുള്ള വേദിയായി മാറി. ഗ്രാമപഞ്ചായത്തുകളിൽ നടക്കുന്ന കേരളോത്സവത്തിലെ വിജയികൾ ബ്ലോക്ക് അടിസ്ഥാനത്തിലും ബ്ലോക്ക് പഞ്ചായത്തുകളിലെയും നഗരസഭകളിലെയും വിജയികൾ ജില്ല കേരളോത്സവത്തിലുമാണ് മത്സരിക്കുന്നത്.
ഗ്രാമപഞ്ചായത്തുതലത്തിൽ മിക്കയിടത്തും കേരളോത്സവം നടന്നില്ല. പലയിടത്തും പേരിന് മാത്രം തട്ടിക്കൂട്ട് പരിപാടി നടത്തി ഫണ്ട് എഴുതിമാറ്റുകയായിരുന്നു. ലക്ഷങ്ങളുടെ അഴിമതിയാണ് ഇതിന്റെ പേരിൽ നടക്കുന്നതെന്ന് പരാതികൾ ഉയർന്നുതുടങ്ങി. മത്സരിക്കാൻ യുവതീയുവാക്കൾക്കും താൽപര്യമില്ല. യുവജനങ്ങളുടെ കല, കായികശേഷി പ്രകടിപ്പിക്കുന്ന വലിയ ഉത്സവമായാണ് കേരളോത്സവം ആദ്യ വർഷങ്ങളിൽ നടന്നിരുന്നത്.
ഒരുമയുടെ ഉത്സവമെന്ന നിലയിൽ വലിയ ജനപങ്കാളിത്തവും തുടക്കത്തിൽ ഉണ്ടായിരുന്നു. എന്നാൽ, വർഷങ്ങൾ കഴിഞ്ഞതോടെ ഇത് അഴിമതിക്കുള്ള മേളയായി മാറി. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് സംഘാടകരും ഉദ്യോഗസ്ഥരും സ്ഥലംവിടുന്നതോടെ മത്സരങ്ങൾ നടത്താൻ വേദികളിൽ സംഘാടകരും മത്സരാർഥികളും ഉണ്ടാവില്ല. ആളൊഴിഞ്ഞ പൂരപ്പറമ്പായി കേരളോത്സവവേദികൾ മാറുകയാണ്.
ഭൂരിഭാഗം ഇനങ്ങളിലും മത്സരാർഥികൾ ഇല്ല
കൊടുമണ്ണിലും ആദ്യ ദിവസം ഭൂരിഭാഗം ഇനങ്ങളിലും മത്സരിക്കാൻ ആളില്ലായിരുന്നു. ചിലയിനങ്ങളിൽ ഒന്നും രണ്ടും പേർ മാത്രം. മൂന്ന് ദിവസം നീളുന്ന കേരളോത്സവം നടത്തിപ്പിന് എട്ടു ലക്ഷത്തോളം രൂപയാണ് ചെലവ്. ഒരു വിഭാഗം ഉദ്യോഗസ്ഥർ ഇതിന്റെ പേരിൽ ആഘോഷത്തിലാണിപ്പോൾ. അനുവദിച്ച തുക സംബന്ധിച്ചുപോലും കൃത്യമായ മറുപടി പറയാൻ ഈ ഉദ്യോഗസ്ഥർ തയാറല്ല. കഴിഞ്ഞ വർഷങ്ങളിലും ഇതേപോലെ ആളില്ലാ പരിപാടി നടത്തി പിരിയുകയായിരുന്നു.
പണം ചെലവാക്കലിന്റെ കണക്കെഴുതി ഒപ്പിക്കലിനായി ജീവനക്കാർ ഓട്ടംതുടങ്ങി. ജില്ല പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. യുവജനക്ഷേമ ബോർഡ് നാലുലക്ഷം രൂപയാണ് അനുവദിച്ചത്. ബാക്കി ജില്ല പഞ്ചായത്ത് വിഹിതമാണ്.
കാഴ്ചക്കാരും ഇല്ല
കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ള സമയത്ത് ലക്ഷങ്ങൾ ചെലവഴിച്ച് നടത്തുന്ന കേരളോത്സവം പതിവുപോലെ വഴിപാടായി അവസാനിപ്പിക്കുകയാണ്. കൊടുമൺ ജങ്ഷന് സമീപമുള്ള സ്കൂളുകളിൽ തുടങ്ങിയ കലാമത്സരങ്ങൾ കാണാൻ ആദ്യ ദിവസം ആരുമെത്തിയില്ല.
മത്സരിക്കാനെത്തുന്നവരും കൂടെയുള്ളവരുമാണ് സദസ്സിൽ ഇരിക്കുന്നത്. ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന കായികമേളയിലും സ്ഥിതി മറിച്ചല്ല. മുൻ വർഷങ്ങളിലും മത്സരാർഥികളുടെ പങ്കാളിത്തക്കുറവും കാണാൻ ആളില്ലാത്തതും കേരളോത്സവത്തിന് നിറവില്ലാതാക്കിയിരുന്നു. ഈ വർഷമെങ്കിലും ഇതിന് മാറ്റം വരുത്താൻ സംഘാടകർക്കായില്ല. മത്സരിക്കാനെത്തേണ്ടവർക്ക് കൃത്യമായ അറിയിപ്പ് നൽകാതിരുന്നത് വലിയ വീഴ്ചയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.