കൊടുമണ്‍ സ്റ്റേഡിയം നടത്തിപ്പ്: പഞ്ചായത്തിന് കൈമാറാന്‍ നടപടി
text_fieldsകൊടുമണ്‍: ഇന്റര്‍നാഷനല്‍ സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തീകരിച്ച് നടത്തിപ്പുചുമതല പഞ്ചായത്തിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് സ്‌പോര്‍ട്‌സ് വകുപ്പ് ഉദ്യോഗസ്ഥന്മാരുടെയും നിര്‍വഹണ ഏജന്‍സിയായ കിറ്റ്‌കോയുടെയും പഞ്ചായത്ത് ഭരണാധികാരികളുടെയും യോഗം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ വിളിച്ചു.
സര്‍ക്കാര്‍ കിഫ്ബിയിലൂടെ 15.10 കോടി ചെലവഴിച്ചാണ് സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. അത്യാധുനിക നിലവാരത്തിലുള്ള സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ ഗ്രൗണ്ട്, ബാസ്‌കറ്റ്ബാള്‍, വോളിബാള്‍ കോര്‍ട്ടുകള്‍, ഷട്ടില്‍ കോര്‍ട്ടുകള്‍, സിന്തറ്റിക് ട്രാക്ക് തുടങ്ങിയവ പൂര്‍ത്തീകരിച്ചിരിക്കുകയാണ്.
ഒപ്പം കളിക്കാര്‍ക്കുള്ള വിശ്രമമുറികള്‍, അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക്, പാര്‍ക്കിങ് സൗകര്യം, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഉള്ള ശുചിമുറികള്‍, ഫ്ലഡ്ലൈറ്റ് സംവിധാനം, ആധുനിക സജ്ജീകരണം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്നര വര്‍ഷമായി അവിടെ കുട്ടികള്‍ക്കുള്ള പരിശീലനവും നടക്കുന്നുണ്ട്. നല്ല പരിശീലകരെ ഉള്‍പ്പെടെ കണ്ടെത്തി സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹായവും പഞ്ചായത്തിന്റെ സഹായവും ലഭ്യമാക്കിയാണ് പരിശീലനം നടത്തിവരുന്നത്. പരിശീലനം നല്‍കുന്നതിനുവേണ്ടി ഒരു സ്പോര്‍ട്സ് ആൻഡ് ഗെയിംസ് അക്കാദമിയും സ്ഥാപിച്ചിട്ടുണ്ട്.
സമ്പൂര്‍ണമായി നിര്‍മാണം പൂര്‍ത്തിയാക്കിയതിന്റെ ഉദ്ഘാടനം കായിക മന്ത്രി നിര്‍വഹിക്കും. അതിന് മുന്നോടിയായി സ്‌റ്റേഡിയം കിറ്റ്‌കോ കായികവകുപ്പിന് കൈമാറുകയും സ്‌പോര്‍ട്‌സ് വകുപ്പ് അത് പഞ്ചായത്തിന് നല്‍കേണ്ടതുമുണ്ട്. ഒപ്പം സ്ഥലം എം.എല്‍.എ രക്ഷാധികാരിയായും പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായുമുള്ള പത്ത് പേരടങ്ങുന്ന ഒരു കമ്മിറ്റി രൂപവത്കരിക്കേണ്ടതുണ്ട്. മേയ് മൂന്നിന് കിറ്റ്‌കോ ഇത് കായിക വകുപ്പിന് കൈമാറും. സ്റ്റേഡിയത്തിന്റെ പലഭാഗങ്ങളിലും മണ്ണ് കൂട്ടിയിട്ടിരിക്കുന്നുണ്ട്. അതു മാറ്റി അവിടെ ടൈല്‍ ബ്രിക്‌സ് ഇടും. ദേശീയ- അന്തര്‍ദേശീയ മത്സരങ്ങളുടെ വേദിയാകാന്‍ കൊടുമണ്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് സമീപഭാവിയില്‍ തന്നെ സാധിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.