ശബരിമല വിമാനത്താവളം; വിധിയെ സ്വാഗതംചെയ്ത് ആക്ഷൻ കമ്മിറ്റി
text_fieldsകൊടുമൺ: നിർദിഷ്ട ശബരിമല വിമാനത്താവളത്തിനായി ജില്ലയിലെ കൊടുമൺ പ്ലാന്റേഷൻ കോർപറേഷന്റ സ്ഥലത്തും സാമൂഹികാഘാത പഠനം നടത്തണമെന്ന ഹൈകോടതി വിധിയെ ശബരി സാംസ്കാരിക സമിതി (ശബരി വിമാനത്താവള ആക്ഷൻ കമ്മിറ്റി) സ്വാഗതം ചെയ്തു.
ശബരി സാംസ്കാരിക സമിതി നൽകിയ ഹർജി തീർപ്പാക്കിയാണു ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്. വിമാനത്താവളത്തിനായി 2264.09 ഏക്കർ ഉൾപ്പെടെ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലെ ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്. എന്നാൽ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് പ്രതിഷേധം ഉയർന്നതിനെ തുടർന്ന് പദ്ധതി സംബന്ധിച്ച് ഒട്ടേറെ വിവാദങ്ങൾ ഉയർന്നു.
ചെറുവള്ളി എസ്റ്റേറ്റ് നിയമപ്രശ്നങ്ങളിലും കുരുങ്ങി. നിർദിഷ്ട സ്ഥലത്ത് പദ്ധതി നടപ്പാക്കിയാൽ 350 ഓളം കുടുംബങ്ങളെ പൂർണമായും ബാധിക്കും. ഒട്ടേറെ പേരെ ഒഴിപ്പിക്കേണ്ടിയുംവരും. വൻതുകയാണു സർക്കാരിന് ചെലവാക്കേണ്ടിവരുന്നത്. പകരം കൊടുമൺ എസ്റ്റേറ്റ് പരിഗണിച്ചാൽ ഈ പ്രശ്നങ്ങളൊന്നും നേരിടേണ്ടി വരില്ലെന്ന് ആക്ഷൻ കമ്മിറ്റി കോടതിയെ ബോധിപ്പിച്ചു. നാലു വശങ്ങളിലും പ്രധാന പാതകൾ, വന്യ ജീവി - പരിസ്ഥിതി പ്രശ്നങ്ങളില്ല, തമിഴ്നാടുമായി അടുത്ത സ്ഥലം, ശബരിമലയിലേക്ക് ദൂരക്കുറവ് തുടങ്ങി ഒട്ടേറെ സാധ്യതകളാണ് ഇവിടെയുള്ളത്. കൊടുമൺ എസ്റ്റേറ്റിലെ ജലാശയങ്ങളും തണ്ണീർത്തടങ്ങളും നികത്തേണ്ടതില്ല. എന്നാൽ ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പെടെ ഏറ്റെടുത്താൽ പ്രകൃതി സ്രോതസ്സുകളെയും പൊതുജനങ്ങളെയും ബാധിക്കുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിരവധി അനുകൂല സാഹചര്യങ്ങളുള്ള എസ്റ്റേറ്റിൽ തന്നെ ശബരി വിമാനത്താവളം സാധ്യമാക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
കൺവീനർ ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീജിത്ത് ഭാനുദേവ്, എ. വിജയൻ നായർ, അജികുമാർ രണ്ടാം കുറ്റി, പത്മകുമാർ , ജോൺസൺ കുളത്തും കാരാട്ട്, അഡ്വ. ബിജു വർഗീസ്, വി.കെ. സ്റ്റാൻലി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.