അബിഗേലിനായി ഉറക്കമിളച്ച് പത്തനംതിട്ടയും
text_fieldsപത്തനംതിട്ട/പന്തളം: കേരളം കാത്തിരുന്ന ശുഭവാർത്തയെത്തിയതോടെ ജില്ലക്കും ആശ്വാസം. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരനും കൊല്ലം ഓയൂർ ഓട്ടുമല കാറ്റാടി റെജി ഭവനിൽ റെജി ജോണിന്റെയും സിജിയുടെയും മകൾ അബിഗേൽ സാറ റെജിക്കായി സമീപ ജില്ലയായ പത്തനംതിട്ടയും ഉറക്കമിളച്ച് കാത്തിരിക്കുകയായിരുന്നു.
അബിഗേലിനെ കാണാതായത് മുതൽ സമീപജില്ലയായ പത്തനംതിട്ടയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. കുട്ടിയെ പത്തനംതിട്ടക്കും കടത്തിയെന്ന ആശങ്ക പരന്നു. കാണാതായത് മുതൽ പൊലീസ് കനത്ത ജാഗ്രതയിലായിരുന്നു. ജില്ല അതിർത്തിയായ ഏനാത്ത് മുഴുവൻ വാഹനങ്ങളും പരിശോധിച്ച ശേഷമാണ് കടത്തിവിട്ടത്.
അടൂർ, പന്തളം, തിരുവല്ല, പത്തനംതിട്ട തുടങ്ങിയ പ്രധാന നഗരങ്ങളിലും പൊലീസ് പരിശോധന കർശനമാക്കിയിരുന്നു. ജില്ലയിലെ വിവിധ വാട്സ്ആപ് ഗ്രൂപ്പുകളിലൂടെയും മറ്റും സന്ദേശം എത്തിയതോടെ പൊതുജനങ്ങളും ജാഗ്രതയിലായി. അപരിചിത വാഹനങ്ങൾ നാട്ടുകാരും നിരീക്ഷിച്ചിരുന്നു.
തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലർച്ചയും എം.സി റോഡിൽ പൊലീസിന്റെ പരിശോധന നീണ്ടു. കുട്ടിയുമായി എം.സി റോഡിലൂടെ കടന്നു കാണുമെന്ന സന്ദേശം ലഭിച്ചതോടെ പന്തളം എസ്.എച്ച്.ഒ പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം ജാഗരൂകരായി. വിവിധ മേഖലകളിൽ പരിസരത്തെ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും പരിശോധനയുടെ ഭാഗമായി.
ഓരോ നിമിഷങ്ങളും എണ്ണിയെണ്ണിയാണ് ജില്ലയും കടന്നുപോയത്. അവസാനം അബിഗേലിനെ കണ്ടെത്തിയെന്ന് അറിഞ്ഞതോടെ ഉറക്കമിളച്ച് മിഴികളിൽ സന്തോശാശ്രുക്കൾ പൊടിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.