കോമളം പാലം പുനർനിർമാണം; 10.18 കോടിയുടെ ഭരണാനുമതി
text_fieldsപത്തനംതിട്ട: പരാതികൾ പെരുകുകയും നാട്ടുകാർ പ്രക്ഷോഭത്തിലേക്ക് തിരിയുകയും ചെയ്യുന്നതിനിടെ വെണ്ണിക്കുളം കോമളം പാലം നിര്‍മിക്കാൻ 10.18 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. എട്ട് മാസം മുമ്പ് പ്രളയത്തിൽ അപ്രോച്ച് റോഡുകള്‍ തകര്‍ന്നതോടെയാണ് കോമളം പാലം വഴിയുള്ള ഗതാഗതം മുടങ്ങിയത്.
നിലവിലെ പാലം പൊളിച്ച് പുതിയ പാലവും അപ്രോച്ച് റോഡും നിർമിക്കാനാണ് പദ്ധതി. പാലം നിലനിർത്തി അപ്രോച്ച് റോഡ് നിർമിച്ച് ഗതാഗതം പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമുയരുന്നുണ്ടെങ്കിലും അത് വീണ്ടും കുഴപ്പത്തിന് കാരണമാകുമെന്നതിനാലാണ് പൊളിക്കുന്നത്. നിലവില്‍ 35 മീറ്ററോളം അപ്രോച്ച് റോഡ് തകര്‍ന്ന നിലയിലാണ്.
പാലം സെമി സബ്മേഴ്സിബിള്‍ ബ്രിഡ്ജായാണ് നിര്‍മിച്ചിരിക്കുന്നത്. തൂണുകള്‍ തമ്മിലുള്ള അകലം കുറവായതിനാല്‍ വീണ്ടും മരക്കഷണങ്ങളും മുളച്ചില്ലകളും വന്നടിഞ്ഞ് ബലക്ഷയം വരാൻ സാധ്യതയുള്ളതിനാൽ പൊളിച്ച് പുതിയ ഹൈലെവല്‍ ബ്രിഡ്ജ് പണിയണമെന്ന് വിദഗ്ധ അഭിപ്രായം ഉയര്‍ന്നിരുന്നു. ഇത് പരിഗണിച്ച് സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി പാലം നിര്‍മിക്കണമെന്നുള്ള എം.എല്‍.എയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് തൊട്ടടുത്ത ബജറ്റില്‍ 20 ശതമാനം തുക അനുവദിച്ചിരുന്നു.
കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ മണ്ണ് പരിശോധന ഉള്‍പ്പെടെയുള്ള പഠനങ്ങള്‍ക്ക് ശേഷം എസ്റ്റിമേറ്റ് തയാറാക്കുകയും ഇത് ഭരണാനുമതി നല്‍കാനുള്ള കമ്മിറ്റിയില്‍ അവതരിപ്പിക്കുകയും ചെയ്തു.
നിര്‍മാണ സമയത്ത് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനുയുള്ള താല്‍ക്കാലിക നടപ്പാലത്തിനായുള്ള ശ്രമം തുടരുമെന്ന് മാത്യു ടി. തോമസ് എം.എല്‍.എ അറിയിച്ചു. 7.5 മീറ്റര്‍ കാര്യേജ് വേയും ഇരുവശത്തും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയോടും കൂടി മൊത്തം 11 മീറ്റര്‍ വീതിയോടു കൂടിയാണ് പാലം നിര്‍മിക്കുന്നത്. നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് കോമളം ജനകീയ വേദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ച ജനകീയ സദസ്സ് സംഘടിപ്പിച്ച് പ്രതിഷേധിച്ചിരുന്നു. ആഴ്ചകൾക്കു മുമ്പ് പഞ്ചായത്ത് ഓഫിസിനു മുന്നിലും ധർണ നടത്തിയിരുന്നു.
രാഷ്ട്രീയകക്ഷികളുടെ പ്രതിഷേധവും ഇതിനിടയിൽ നടന്നു. 24 മുതൽ 26 വരെ പാലത്തിൽ സത്യഗ്രഹം നടത്താൻ ജനകീയ സദസ്സ് തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.