കോന്നിയിലേത് പുതുക്കിയ മാനദണ്ഡപ്രകാരമുള്ള ആദ്യ ബ്ലഡ് ബാങ്ക് -മന്ത്രി
text_fieldsപത്തനംതിട്ട: സംസ്ഥാനത്ത് ആദ്യമായി പുതുക്കിയ ദേശീയ മാനദണ്ഡങ്ങൾ പ്രകാരം പ്രവർത്തനം ആരംഭിച്ച ബ്ലഡ് ബാങ്കാണ് കോന്നി മെഡിക്കൽ കോളജിലുള്ളതെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. കോന്നി മെഡിക്കൽ കോളജിലെ ബ്ലഡ് ബാങ്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൂർണതോതിലുള്ള പ്രവർത്തനങ്ങളിലേക്ക് വ്യാപിക്കുന്ന മെഡിക്കൽ കോളജ് ആശുപത്രിയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് ബ്ലഡ് ബാങ്കെന്നും മന്ത്രി പറഞ്ഞു. പല വകുപ്പുകളുടെയും പ്രവർത്തനത്തിന് നെടുംതൂണാകേണ്ട ഒന്നാണ് ബ്ലഡ് ബാങ്ക്. സംസ്ഥാനത്തെ ആധുനിക രക്തബാങ്കുകളിൽ ഒന്നായി കോന്നി മെഡിക്കൽ കോളജിലെ ബ്ലഡ് ബാങ്ക് മാറിയിരിക്കുകയാണ്.
സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ ലൈസൻസ് ലഭിച്ചതോടെയാണ് ജില്ലയിൽ അടിയന്തരമായി രക്തവും രക്തഘടകങ്ങളും ആവശ്യമായ രോഗികൾക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ രക്തബാങ്ക് പ്രവർത്തനം ആരംഭിക്കാൻ സജ്ജമായത്. കോന്നി മെഡിക്കൽ കോളജിന്റെ ആദ്യഫേസ് പ്രോജക്ടിലൂടെ 3200 ചതുരശ്രയടി വിസ്തൃതിയിലുള്ള ബ്ലഡ് ബാങ്ക് മൂന്നു കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പൂർത്തീകരിച്ചത്. പ്രത്യേക പരിശീലനം നേടിയ ആരോഗ്യപ്രവർത്തകരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഡോക്ടേഴ്സ് റൂം, മെഡിക്കൽ എക്സാമിനേഷൻ റൂം, ബ്ലഡ് കലക്ഷൻ റൂം, ഡോണർ റിഫ്രഷ്മെന്റ് റൂം, കോമ്പോണന്റ് സെപറേഷൻ റൂം തുടങ്ങിയവ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. അഡ്വ. കെ.യു. ജനീഷ്കുമാർ എം.എൽ.എ, മെഡിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോ. തോമസ് മാത്യു, ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൽ. അനിതകുമാരി, ആരോഗ്യകേരളം ജില്ല പ്രോഗ്രം മാനേജർ ഡോ. എസ്. ശ്രീകുമാർ, ഡയറക്ടർ ഓഫ് മെഡിക്കൽ എജുക്കേഷൻ ഡോ. തോമസ് മാത്യു, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ എ. ഷാജി, കോളജ് പ്രിൻസിപ്പൽ ഡോ. ആർ.എസ്. നിഷ, ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർ ഡോ. റൂബി മേരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.