മാലിന്യം വലിച്ചെറിയുന്നവരുടെ ശ്രദ്ധയ്ക് നിങ്ങൾ നിരീക്ഷണത്തിലാണ്; കാമറക്കെണിയൊരുക്കി കോന്നി ഗ്രാമപഞ്ചായത്ത്
text_fieldsകോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ കാര്യാലയത്തില്‍ സജ്ജീകരിച്ച സി.സി.ടി.വി നിരീക്ഷണ സംവിധാനം
പത്തനംതിട്ട: എത്ര പറഞ്ഞിട്ടും കേള്‍ക്കാത്ത, മാലിന്യം എറിയല്‍ ശീലമാക്കിയവര്‍ കോന്നിയിലുണ്ടെങ്കില്‍ ഇനി സൂക്ഷിക്കണം. നിയമലംഘനം ‘മിഴിവോടെ’ തെളിവാക്കാന്‍ കാമറകള്‍ ഒരുക്കി. ശുചിത്വപാലനം സമ്പൂര്‍ണമാക്കാൻ ശ്രമം തുടങ്ങുമ്പോഴൊക്കെ മാലിന്യവുമായി വിരുതന്മാര് എത്തുന്നുവെന്ന് കണ്ടതോടെയാണ് പഞ്ചായത്ത് ഭരണസമിതി സി.സി.ടി.വി എന്ന ‘ആയുധം’ പ്രയോഗിക്കാന്‍ തീരുമാനിച്ചത്. തീരുമാനം കാലതാമസം കൂടാതെ നടപ്പാക്കുകയാണ്.
മാലിന്യ സംസ്കരണം മികവുറ്റ രീതിയില്‍ നടപ്പാക്കുന്നതിന്റെ തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കാമറകള്‍ കോന്നിയുടെ മുക്കിലും മൂലയിലേക്കുമെത്തിയത്. 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ വിനിയോഗിച്ചാണ് കാമറകള്‍ സ്ഥാപിച്ചത്. ആകെ 35 കാമറകള്‍. വാഹനങ്ങളുടെ നമ്പര്‍പ്ലെയ്റ്റ് തിരിച്ചറിയാന്‍ കഴിയും വിധമുള്ള ആധുനിക കാമറകളാണ് എല്ലാം.
പഞ്ചായത്ത് കെട്ടിടത്തില്‍ പ്രസിഡന്റിന്റെ ഓഫിസ് മുറിയില്‍ നിന്നാണ് കാമറകളുടെ നിയന്ത്രണം. പഞ്ചായത്ത് സെക്രട്ടറി ടി.കെ. ദീപു ഉള്‍പ്പെടുന്ന സബ് കമ്മിറ്റിക്കാണ് ചുമതല. ഇവിടെയിരുന്നു വീക്ഷിച്ചാല്‍ മാലിന്യമെറിയലിന്റെ തോതളക്കാം, ആളെയും പിടികൂടാം, നടപടിയുമെടുക്കാം. കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡ്, നാരായണപുരം മാര്‍ക്കറ്റ്, മാലൂര്‍ ഏല, പഞ്ചായത്ത് കടവ്, സെന്‍ട്രല്‍ ജങ്ഷന് തുടങ്ങി പഞ്ചായത്തിന്റെ പൊതുഇടങ്ങളില്‍ ഇനിമുതല്‍ 24 മണിക്കൂര്‍ നിരീക്ഷണം ഉണ്ടാകും. മാലിന്യ കൂമ്പാരമായിരുന്ന പ്രദേശങ്ങള്‍ വൃത്തിയാക്കിയാണ്കാമറകള് ഉറപ്പിച്ചത്.
പഞ്ചായത്തിലും സി.സി ടിവി സംവിധാനം ഏര്‍പ്പെടുത്തി. പഞ്ചായത്തിന്റെ സമ്പൂര്‍ണ ശുചിത്വ പ്രഖ്യാപനവും സി.സി.ടി.വി പ്രവര്‍ത്തന ഉദ്ഘാടനവും മാര്‍ച്ച് 19ന് നടത്തുമെന്ന് പ്രസിഡന്റ് ആനി സാബു തോമസ് വ്യക്തമാക്കി. കോന്നിയിലെ 75 സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിയ ഹരിത ടൗണ്‍- ഹരിത മാര്‍ക്കറ്റ് പ്രഖ്യാപനവും ഉടനുണ്ടാകും.എം.എസ്.എഫുകളും ബോട്ടില്‍ ബൂത്തുകളും സജ്ജമാക്കി കഴിഞ്ഞു. ഹരിത കലാലയങ്ങളും അംഗൻവാടികളും ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്തിന്റെ സൗന്ദര്യവല്കരണ പ്രവര്‍ത്തനം അവസാനഘട്ടത്തിലാണെന്നും പ്രസിഡന്റ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.